വിയു ഗ്ലോ ക്യുഎൽഇഡി ടിവി 2025 ഡോൾബി എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി
Photo Credit: Vu
കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടിവിയിൽ ഇൻസ്റ്റന്റ് നെറ്റ്‌വർക്ക് റിമോട്ട് ഉണ്ടെന്ന് വു പറയുന്നു
ഇന്ത്യൻ ടെലിവിഷൻ വിപണിയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാൻഡുകളിൽ ഒന്നായ വിയു അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ വിയു ഗ്ലോ ക്യുഎൽഇഡി ടിവി 2025 (ഡോൾബി എഡിഷൻ) ചൊവ്വാഴ്ച്ച ലോഞ്ച് ചെയ്തു. 43 ഇഞ്ച് മുതൽ 75 ഇഞ്ച് വരെ നീളമുള്ള അഞ്ച് വ്യത്യസ്ത സ്‌ക്രീൻ സൈസുകളിൽ ഈ പുതിയ ടെലിവിഷൻ വിപണിയിൽ ലഭ്യമാകും. ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. VuOn AI പ്രോസസറുള്ള ഈ ടെലിവിഷനിൽ 2GB റാമും ഉൾപ്പെടുന്നു. പിക്ചർ ക്വാളിറ്റി ഉറപ്പു വരുത്തുന്നതിനായി ഡോൾബി വിഷൻ, HDR10, HLG പോലുള്ള നൂതന സാങ്കേതികവിദ്യകളും ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ശബ്ദത്തിന്റെ കാര്യത്തിൽ, ടിവി ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്നു. നിരവധി സൈസ് ഓപ്ഷനുകൾ, സ്മാർട്ട് സവിശേഷതകൾ, ഉയർന്ന നിലവാരമുള്ള ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പ്രീമിയം ഹോം എന്റർടൈൻമെന്റ് അനുഭവം നൽകുന്നതിനാണ് വിയു ഗ്ലോ ക്യുഎൽഇഡി ടിവി 2025 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിയു ഗ്ലോ ക്യുഎൽഇഡി ടിവി 2025 (ഡോൾബി എഡിഷൻ) ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ കഴിയും. ഇതിൻ്റെ 43 ഇഞ്ച് മോഡലിന് 24,999 രൂപയാണു വില വരുന്നത്. 50 ഇഞ്ച് പതിപ്പിന് 30,990 രൂപയും 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകൾക്ക് യഥാക്രമം 35,990 രൂപ, 50,990 രൂപ എന്നിങ്ങനെയുമാണു വില. വലിയ സ്‌ക്രീൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക്, 75 ഇഞ്ച് വിയു ഗ്ലോ ക്യുഎൽഇഡി ടിവി വാങ്ങാം. ഇതിന് 64,990 രൂപയാണു വില.
ഈ ടിവികൾ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും രാജ്യത്തുടനീളമുള്ള മറ്റ് പ്രധാന കൺസ്യൂമർ ഇലക്ട്രോണിക്സ് സ്റ്റോറുകളിൽ നിന്നും നിങ്ങൾക്കു വാങ്ങാൻ കഴിയും.
3,840 x 2,160 പിക്സൽ റെസല്യൂഷനുള്ള 4K സ്ക്രീൻ ആണ് വിയു ഗ്ലോ ക്യുഎൽഇഡി ടിവിയിലുള്ളത്. ഇതു മികച്ച ദൃശ്യങ്ങൾക്കായി QLED ഡിസ്പ്ലേ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഡോൾബി വിഷൻ, HDR10, HLG എന്നിവയെ പിന്തുണയ്ക്കുന്ന ഈ ടിവി കൂടുതൽ ഡീറ്റയിലുകൾ, മികച്ച കോൺട്രാസ്റ്റ്, സമ്പുഷ്ടമായ നിറങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് പിക്ചർ ക്വാളിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. A+ ഗ്രേഡ് പാനൽ 400nits പീക്ക് ബ്രൈറ്റ്നസ് ലെവൽ നൽകുന്നതിനു പുറമെ ഇത് NTSC കളർ റേഞ്ചിൻ്റെ 92 ശതമാനവും ഉൾക്കൊള്ളുന്നുമുണ്ട്.
ഗൂഗിൾ ടിവി പ്ലാറ്റ്‌ഫോമിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ്, സ്‌പോട്ടിഫൈ പോലുള്ള ജനപ്രിയ ആപ്പുകൾ നിങ്ങൾക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും കഴിയും. നിങ്ങളുടെ ശബ്‌ദം ഉപയോഗിച്ച് ടിവി നിയന്ത്രിക്കാൻ അനുവദിക്കുന്ന ഗൂഗിൾ അസിസ്റ്റൻ്റ് ഇതിലുണ്ട്. മറ്റൊരു ഫീച്ചറായ ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ് വഴി ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ ലാപ്‌ടോപ്പ് എന്നിവയിൽ നിന്ന് ടിവിയിലേക്കു കണ്ടൻ്റുകൾ കാസ്റ്റ് ചെയ്യാൻ കഴിയും. റിമോട്ട് കൺട്രോളിൽ ഗൂഗിൾ അസിസ്റ്റൻ്റിലേക്കു വേഗത്തിൽ ആക്സസ് ലഭിക്കുന്നതിനുള്ള ഒരു പ്രത്യേക ബട്ടൺ (ഹോട്ട്കീ) ഉണ്ട്.
ഉള്ളിലെ സവിശേഷതകൾ എടുത്താൽ, ടിവിയിൽ 1.5GHz ക്ലോക്ക് സ്പീഡുള്ള VuOn AI പ്രോസസർ പ്രവർത്തിക്കുന്നുണ്ട്. സുഗമമായ പ്രവർത്തനത്തിനായി 2GB റാമും 16GB ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ഓഡിയോയുടെ കാര്യമെടുത്താൽ, 24W ഡോൾബി അറ്റ്‌മോസ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
സുഗമമായ ഗ്രാഫിക്‌സിനായി വേരിയബിൾ റിഫ്രഷ് റേറ്റ് (VRR), വേഗത്തിലുള്ള പ്രതികരണങ്ങൾക്കായി ഓട്ടോ ലോ ലേറ്റൻസി മോഡ് (ALLM), ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർ ഗെയിമുകളിൽ കൃത്യത മെച്ചപ്പെടുത്തുന്നതിനുള്ള ക്രോസ്-ഹെയർ ഫംഗ്‌ഷൻ എന്നിവ ഉൾപ്പെടെ ഗെയിംപ്ലേ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി സവിശേഷതകൾ ഗെയിമർമാർക്ക് ആസ്വദിക്കാനാകും.
കണക്റ്റിവിറ്റി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന, വൈ-ഫൈ ഹോട്ട്കീ വാഗ്ദാനം ചെയ്യുന്ന "ഇൻസ്റ്റന്റ് നെറ്റ്‌വർക്ക് റിമോട്ട്" സവിശേഷതയും വിയു ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്‌പോർട്‌സ് പ്രേമികൾക്കായി ക്രിക്കറ്റ് മോഡ്, മികച്ച സിനിമ അനുഭവത്തിനായി സിനിമാ മോഡ് തുടങ്ങിയ പ്രത്യേക വ്യൂവിംഗ് മോഡുകളും ഇതിലുണ്ട്.
പരസ്യം
പരസ്യം