ലാവ ഷാർക്ക് 2 ഇന്ത്യയിലേക്ക് ഉടനെയെത്തും; നിരവധി സവിശേഷതകൾ പുറത്ത്
Photo Credit: Lava
രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകുമെന്ന് സൂചനയുണ്ട്
സാധാരണക്കാരൻ്റെ ബ്രാൻഡായി അറിയപ്പെടുന്ന സ്മാർട്ട്ഫോൺ നിർമാതാക്കളാണ് ലാവ. മികച്ച സവിശേഷതകളുള്ള ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതു കൊണ്ടാണ് ഈ പേര് അവർക്കു ലഭിച്ചത്. ലാവ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയിൽ പുറത്തിറക്കിയ ലാവ ഷാർക്ക് 5G ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനു ശേഷമുള്ള അടുത്ത മോഡലായി ലാവ ഷാർക്ക് 2 കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ പുതിയ ഫോണിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ലാവ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ടീസർ അനുസരിച്ച്, 50 മെഗാപിക്സൽ സെൻസറുള്ള മെയിൻ ക്യാമറ അടക്കം ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണു ലാവ ഷാർക്ക് 2 വരുന്നത്. ഫോട്ടോ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനും ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ക്യാമറകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകളും ഉൾപ്പെടുത്തും. മുൻഗാമിയെപ്പോലെ വിലയുടെ കാര്യത്തിൽ എൻട്രി ലെവൽ ഫോൺ ആകുമെന്നു പ്രതീക്ഷിക്കുന്ന ലാവ ഷാർക്ക് 2-ൻ്റെ ഇന്ത്യയിലെ ലോഞ്ച് ഉടനെ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ലാവ ഷാർക്ക് 2, 50 മെഗാപിക്സൽ AI ട്രിപ്പിൾ റിയർ ക്യാമറയുമായി വരുമെന്ന് ലാവ മൊബൈൽസ് സാമൂഹ്യമാധ്യമമായ എക്സിലൂടെ (മുമ്പ് ട്വിറ്റർ) പ്രഖ്യാപിച്ചു. ഐഫോൺ 16 പ്രോ മാക്‌സിനോട് സാമ്യമുള്ള ഒരു ക്യാമറ സെറ്റപ്പാണ് ടീസർ ചിത്രങ്ങളിൽ കാണിക്കുന്നത്. ക്യാമറ ഏരിയയിൽ “50MP AI ക്യാമറ” എന്ന ലേബലും LED ഫ്ലാഷും ഉൾപ്പെടുന്നു.
ലാവ നേരത്തെ ലാവ ഷാർക്ക് 2-ന്റെ ഡിസൈനും പങ്കിട്ടിരുന്നു. ഇത് മിക്കവാറും നിലവിലെ മോഡലിന് സമാനമാണ്. മുൻവശത്ത് സെൽഫി ക്യാമറയ്ക്കായി ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് നൽകിയിരിക്കുന്നു. പവർ, വോളിയം ബട്ടണുകൾ വലതുവശത്താണ്.
ഫോണിൻ്റെ താഴ്ഭാഗത്ത് ഒരു മൈക്രോഫോൺ, ഒരു സ്പീക്കർ, ഒരു 3.5mm ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ബ്ലൂ, സിൽവിർ എന്നീ രണ്ട് കളർ ഓപ്ഷനുകളാണു ലാവ ടീസർ ചെയ്തിരിക്കുന്നത്. രണ്ടിലും ഒരു മെറ്റാലിക് ഫ്രെയിം ഉണ്ട്.
ഈ ഫോണിൻ്റെ സമ്പൂർണ്ണ സവിശേഷതകൾ ലാവ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ലാവ ഷാർക്ക് 2-ന് മുൻ മോഡലിനേക്കാൾ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്റെ ലോഞ്ച് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായാണ് ലാവ ഷാർക്ക് 5G വരുന്നത്. ഇതു 720×1,600 പിക്‌സൽ റെസല്യൂഷനും മികച്ച ദൃശ്യങ്ങൾക്കായി 90Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. 6nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ യൂണിസോക്ക് T765 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, ഇതിൽ 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുണ്ടാകും. ഉപയോക്താക്കൾക്ക് 4GB റാം വെർച്വലായി വികസിപ്പിക്കാനും മൈക്രോ SD കാർഡ് ഉപയോഗിച്ച് 1TB അധിക സ്റ്റോറേജ് ചേർക്കാനും കഴിയും.
ഫോട്ടോഗ്രാഫിക്കായി, ഫോണിന് AI ഫീച്ചറുകളും LED ഫ്ലാഷുമുള്ള 13 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയുണ്ട്.
ലാവ ഷാർക്ക് 5G 5G, 4G VoLTE നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുന്നു, കൂടാതെ Wi-Fi, ബ്ലൂടൂത്ത് 5.0, GPS, GLONASS, USB ടൈപ്പ്-C പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമായും വരുന്നു. 18W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5,000mAh ബാറ്ററിയാണ് ഇതിനുള്ളത്.
പരസ്യം
പരസ്യം