ലാവ പ്ലേ മാക്സ് ഇന്ത്യൻ വിപണിയിലേക്ക്; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Lava
ലാവ പ്ലേ മാക്‌സിൽ ഇരട്ട പിൻ ക്യാമറകൾ ഉണ്ടാകുമെന്ന് സൂചന.
ലാവ പ്ലേ അൾട്രാ 5G-ക്കു പിന്നാലെ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു. ലാവ പ്ലേ മാക്സ് എന്ന പേരിലുള്ള ഫോൺ ഉടൻ തന്നെ ഇന്ത്യയിലെത്തും എന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടി താങ്ങാനാവുന്ന വിലയിൽ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിൽ അറിയപ്പെടുന്ന കമ്പനിയായ ലാവ, മറ്റൊരു ബജറ്റ് ഫ്രണ്ട്ലി മോഡൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറും 64 മെഗാപിക്സൽ പ്രധാന ക്യാമറയും ഉള്ള ലാവ പ്ലേ അൾട്രാ 5G ഓഗസ്റ്റിലായിരുന്നു പുറത്തിറങ്ങിയത്. ഇപ്പോൾ, കമ്പനിയുടെ പുതിയ മോഡലായ പ്ലേ മാക്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്. കൃത്യമായ ലോഞ്ച് തീയതി ഇപ്പോഴും അറിയില്ലെങ്കിലും, ഫോണിന് പ്രതീക്ഷിക്കുന്ന വിലയും പ്രധാന സവിശേഷതകളും ഉൾപ്പെടെ നിരവധി പ്രധാന വിശദാംശങ്ങൾ സോഷ്യൽ മീഡിയയായ എക്സിലൂടെ ലീക്കായി. ഔദ്യോഗിക ടീസർ ഫോണിന്റെ ഡിസൈനിനെ കുറിച്ചുള്ള സൂചനയും നൽകുന്നു. സാധാരണക്കാരുടെ ബ്രാൻഡായ ലാവയുടെ പുതിയ ഫോണിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ.
ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) വെബ്‌സൈറ്റിൽ ലാവ സ്റ്റോം ഗെയിമർ എന്ന പേരിൽ ലാവ പ്ലേ മാക്‌സ് ഫോൺ കണ്ടെത്തിയതായി ടിപ്‌സ്റ്ററായ പരാസ് ഗുഗ്ലാനി (@passionategeekz) കഴിഞ്ഞ ദിവസം പറഞ്ഞു. ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ വരുമെന്നു സൂചന നൽകുന്ന ഔദ്യോഗിക പോസ്റ്റർ പോലെ തോന്നിക്കുന്ന ഒരു പോസ്റ്ററും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ലാവ പ്ലേ മാക്സ് ഡിസംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നു.
ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനായ ഈ ഫോണിന്റെ വില 12,000 രൂപയിൽ താഴെയായിരിക്കും, ഈ സീരീസിലെ മറ്റൊരു മോഡലായ ലാവ പ്ലേ അൾട്രാ 5G-യുടെ 6GB + 128GB പതിപ്പ് 14,999 രൂപയ്ക്കും 8GB + 128GB വേരിയൻ്റ് 16,499 രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ പുതിയ മോഡലിലൂടെ, മികച്ച സവിശേഷതകളുള്ള, താങ്ങാനാവുന്ന വിലയിലുള്ള സ്മാർട്ട്‌ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലാവ ലക്ഷ്യമിടുന്നത്.
കമ്പനി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ലാവ പ്ലേ മാക്സിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉണ്ടാവുക. മെയിൻ ക്യാമറയിൽ 50 മെഗാപിക്സൽ സെൻസർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ മൊഡ്യൂളിന് ചുറ്റുമുള്ള ഒരു പ്രത്യേക ഡിസൈനും ടീസറിൽ വ്യക്തമായി കാണാം. ഈ പാറ്റേൺ ഇരുട്ടിൽ പ്രകാശിക്കുകയോ തിളങ്ങുകയോ ചെയ്ത് ഫോണിന് ഒരു സ്റ്റൈലിഷ് ലുക്ക് നൽകാൻ സാധ്യതയുണ്ട്.
ഫോണിന് ഫ്ലാറ്റായ പ്ലാസ്റ്റിക് ഫ്രെയിമുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ടീസറിൽ ആന്റിന ലൈനുകളൊന്നും കാണിക്കാത്തതിനാൽ, ഫോണിൽ മെറ്റലിനു പകരം പ്ലാസ്റ്റിക് ബോഡി ആയിരിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.
ലാവ പ്ലേ അൾട്രാ 5G-യിലുള്ള അതേ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസർ ലാവ പ്ലേ മാക്സിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 6GB, 8GB RAM ഓപ്ഷനുകളുമായി വന്നേക്കാം. 120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.72 ഇഞ്ച് ഫുൾ-HD+ ഡിസ്‌പ്ലേയും ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കാം. ഫോൺ ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ബോക്‌സിൽ പ്രവർത്തിക്കുമെന്നും UFS 3.1 ഓൺബോർഡ് സ്റ്റോറേജ് നൽകുമെന്നും പ്രതീക്ഷിക്കുന്നു.
ലാവ പ്ലേ മാക്സിൽ EIS (ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ) പിന്തുണയുള്ള, 50 മെഗാപിക്സൽ സെൻസറുള്ള, AI-യിൽ പ്രവർത്തിക്കുന്ന മെയിൻ റിയർ ക്യാമറ ഉൾപ്പെട്ടേക്കാം. കനത്ത ഉപയോഗത്തിനിടയിലും ഫോൺ തണുപ്പിച്ചു നിലനിർത്താൻ, ഒരു വേപ്പർ ചേമ്പറും ഇതിൽ ഉൾപ്പെട്ടേക്കാം.
പരസ്യം
പരസ്യം