ലാവ അഗ്നി 4 ഫോണിൻ്റെ മുഴുവൻ സവിശേഷതകളും ലീക്കായി പുറത്ത്
Photo Credit: lava
ലാവ അഗ്നി 4 നവം.20ന് ലോഞ്ച്; പ്രധാന സവിശേഷതകൾ ലീക്കിലൂടെ പുറത്ത്
മികച്ച നിലവാരമുള്ള ഫോണുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനു പേരുകേട്ട ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് ലാവ. നവംബർ 20-ന് ഇന്ത്യയിൽ തങ്ങളുടെ പുതിയ മോഡലായ ലാവ അഗ്നി 4 ലോഞ്ച് ചെയ്യാൻ കമ്പനി ഒരുങ്ങുകയാണ്. ലാവ അഗ്നി 3-യുടെ പിൻഗാമിയായി ലോഞ്ച് ചെയ്യാനിരിക്കുന്ന അഗ്നി 4-ൽ മുൻഗാമിയെ അപേക്ഷിച്ചു നിരവധി അപ്‌ഗ്രേഡുകൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ടിപ്‌സ്റ്റർ ലീക്കാക്കിയ വിവരങ്ങൾ പ്രകാരം, മികച്ച ദൃശ്യങ്ങളും വിഷ്വലുകളും പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന 120Hz റിഫ്രഷ് റേറ്റുള്ള 1.5K റെസല്യൂഷൻ ഡിസ്‌പ്ലേയാകും ഈ ഫോണിൽ ഉണ്ടാവുക. തിരഞ്ഞെടുത്ത ഫംഗ്ഷനുകളോ ആപ്പുകളോ വേഗത്തിൽ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ കസ്റ്റമൈസ്ഡ് ആക്ഷൻ കീയും ലാവ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഫോണിലുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ മെയിൽ സെൻസർ ആയിരിക്കുമെന്നും പറയപ്പെടുന്നു. ലോഞ്ചിങ്ങ് തീയ്യതി അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണു സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷിക്കുന്നത്.
ജനപ്രിയ ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ, അവരുടെ അടുത്ത സ്മാർട്ട്‌ഫോണായ ലാവ അഗ്നി 4 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ച് നവംബർ 20-നു നടക്കാനിരിക്കെ, ടിപ്‌സ്റ്ററായ ഡെബയാൻ റോയ് (ഗാഡ്‌ജെറ്റ്‌സ്‌ഡാറ്റ) സാമൂഹ്യമാധ്യമമായ എക്സിൽ ഫോണിന്റെ മുഴുവൻ സവിശേഷതകൾ പങ്കിട്ടു.
ലീക്കുകൾ പ്രകാരം, ലാവ അഗ്നി 4-ൽ 1.5K റെസല്യൂഷനും 120Hz റീഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റാണ് ഫോണിനു കരുത്തു നൽകുകയെന്ന് ലാവ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വേഗതയേറിയ പ്രകടനവും മികച്ച കാര്യക്ഷമതയും ഉറപ്പാക്കുന്ന LPDDR5X റാമും UFS 4.0 സ്റ്റോറേജും ഫോണിലുണ്ടാകും. മൂന്ന് പ്രധാന OS അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, ലാവ അഗ്നി 4-ൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായേക്കാം.
അഗ്നി 4-ലെ ഏറ്റവും രസകരമായ സവിശേഷതകളിൽ ഒന്ന് കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ കീ ആണ്. ലാവ ഫോണുകളിൽ ആദ്യമായി വരുന്ന ആക്ഷൻ കീ ഉപയോക്താക്കൾക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഫംഗ്ഷനുകളിലേക്ക് ഷോർട്ട്കട്ടുകൾ നൽകാൻ അനുവദിക്കുന്നു. ഡ്യുവൽ സ്പീക്കറുകൾ, മികച്ച വൈബ്രേഷൻ ഫീഡ്‌ബാക്കിനായി എക്സ്-ആക്സിസ് ഹാപ്‌റ്റിക്സ്, പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP64 റേറ്റിംഗ് എന്നിവയും ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഫോൺ USB 3.2, ഇൻഫ്രാറെഡ് (IR), Wi-Fi 6E എന്നിവയെ പിന്തുണച്ചേക്കാം. നേരത്തെയുള്ള ലീക്കുകൾ പ്രകാരം, ലാവ അഗ്നി 4-ൽ 60W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ലാവ അഗ്നി 4-ന് 30,000 രൂപയിൽ താഴെയാണു വില പ്രതീക്ഷിക്കുന്നത്. ഇത് ഒരു "സീറോ ബ്ലോട്ട് വെയർ" അനുഭവം നൽകുന്ന ഫോണാണ്. അതായത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത അനാവശ്യമായ ആപ്പുകളോ പരസ്യങ്ങളോ ഇതിൽ ഉണ്ടാകില്ല. ഉപയോക്താക്കളുടെ വീട്ടിൽ വന്ന് ഫോണുകൾ മാറ്റിസ്ഥാപിക്കാൻ അനുവദിക്കുന്ന ഒരു സൗജന്യ ഹോം റീപ്ലേസ്‌മെന്റ് സർവീസും ലാവ ഈ ഫോണിനൊപ്പം ഓഫർ ചെയ്യുന്നു.
പരസ്യം
പരസ്യം