പുതിയ നിരവധി സവിശേഷതകളുമായി ഗൂഗിളിൻ്റെ പിക്സൽ ഡ്രോപ്പ് എത്തി
Photo Credit: Google
ഗൂഗിള്‍ പിക്സൽ ഡ്രോപ്പിൽ പുതിയ AI ഫീച്ചറുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും
2025 നവംബറിലെ ഏറ്റവും പുതിയ പിക്സൽ അപ്ഡേറ്റ് പുറത്തിറക്കി ഗൂഗിൾ. പിക്സൽ ഫോൺ ഉപയോക്താക്കൾക്കായി നിരവധി പുതിയ ടൂളുകൾ ഈ അപ്ഡേറ്റിലൂടെ അവർ അവതരിപ്പിച്ചിട്ടുണ്ട്. കൂട്ടിച്ചേർത്ത പ്രധാന സവിശേഷതകളിൽ ഒന്ന് മെസേജസ് ആപ്പിലെ റീമിക്സ് ഫീച്ചറാണ്. ഇതിലൂടെ ഗൂഗിളിന്റെ നാനോ ബനാന ഇമേജ് എഡിറ്റിംഗ് മോഡൽ ഉപയോഗിച്ച് ഏതൊരു ഫോട്ടോയുടെയും സ്റ്റൈൽ മാറ്റാൻ ഉപയോക്താക്കൾക്കു കഴിയും. AI അടിസ്ഥാനമാക്കിയ നോട്ടിഫിക്കേഷൻ സമ്മറികളും ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും. ഇത് അലേർട്ടുകളിൽ തങ്ങൾക്കു വേണ്ട പ്രധാനപ്പെട്ട വിശദാംശങ്ങൾ വേഗത്തിൽ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ്. കൂടാതെ, ചാറ്റ് മെസേജുകളിൽ സാധ്യമായ തട്ടിപ്പുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന സ്കാം ഡിറ്റക്ഷൻ എന്ന ഒരു പുതിയ സംവിധാനവും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുമായുള്ള ആശയവിനിമയം സുരക്ഷിതമാക്കാൻ ഇതു സഹായിക്കുന്നു. മുമ്പ് കുറച്ച് പ്രദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന രണ്ട് പ്രധാനപ്പെട്ട സവിശേഷതകളായ സ്കാം ഡിറ്റക്ഷൻ, കോൾ നോട്ട്സ് എന്നിവ ഇപ്പോൾ കൂടുതൽ രാജ്യങ്ങളിലേക്ക് ഗൂഗിൾ വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പുതിയ അപ്ഡേറ്റിലൂടെ പിക്സൽ ഫോണുകളിൽ വരുന്ന ഫീച്ചറുകളെക്കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ വിശദീകരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഗൂഗിൾ മെസേജുകളിലെ റീമിക്സ് ഫീച്ചറാണ്. സാധാരണ സെൽഫികൾ, പോർട്രെയ്റ്റുകൾ, പെറ്റ് ഫോട്ടോകൾ തുടങ്ങിയവയെ 3D ആനിമേഷൻ, ആനിമേഷൻ, സ്കെച്ചുകൾ തുടങ്ങിയ ക്രിയേറ്റീവ് ആർട്ട് സ്റ്റെലുകളിലേക്കു മാറ്റാൻ ഇതിലൂടെ കഴിയും. ഗൂഗിളിന്റെ ജെമിനി അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേഷൻ, എഡിറ്റിംഗ് മോഡലായ നാനോ ബനാന എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉപയോക്താക്കൾക്ക് ഏത് ഫോട്ടോയും നേരിട്ട് ഗൂഗിൾ മെസേജിൽ എഡിറ്റ് ചെയ്യാൻ കഴിയും, അവർ അയയ്ക്കുന്ന വ്യക്തിക്ക് ഏത് ഫോണിലും അതു കാണാനുമാകും. രണ്ട് ഉപയോക്താക്കളും ഗൂഗിൾ മെസേജാണു ഉപയോഗിക്കുന്നതെങ്കിൽ, ആപ്പുകൾ മാറാതെ ചാറ്റിനുള്ളിൽ തന്നെ ഒരേ ഫോട്ടോ റീമിക്സ് ചെയ്യാം.
ദീർഘമായ സംഭാഷണങ്ങൾക്കായി AI അടിസ്ഥാനമാക്കിയുള്ള സമ്മറികളും ഗൂഗിൾ ഈ അപ്ഡേറ്റിൽ അവതരിപ്പിക്കുന്നു. ഗ്രൂപ്പ് ചാറ്റുകളും ദൈർഘ്യമേറിയ മെസേജിങ്ങ് ത്രെഡുകളും ഇപ്പോൾ നോട്ടിഫിക്കേഷൻ ഷേഡിൽ ചെറിയ റീക്യാപ്പുകളായി കാണിക്കും. വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. 2025 ഡിസംബർ മുതൽ, ഉപയോക്താക്കളുടെ ശ്രദ്ധ മാറുന്നതു കുറയ്ക്കുന്നതിനായി പ്രാധാന്യം കുറഞ്ഞ നോട്ടിഫിക്കേഷനുകളെ ഗൂഗിൾ ഓട്ടോമാറ്റിക്കായി ഒരുമിപ്പിച്ച് അവയെ സൈലൻ്റാക്കുകയും ചെയ്യും.
പിക്സൽ 6 ഉടമകൾക്കും യുഎസിലെ പുതിയ മോഡലുകൾക്കും, സംശയാസ്പദമായ ചാറ്റ് മെസേജുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഗൂഗിൾ സ്കാം ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിക്കും. ആശയവിനിമയം സുരക്ഷിതമായി നിലനിർത്തുന്നതിന് അത്തരം അലേർട്ടുകൾ "ലൈക്ക്ലി സ്കാം" എന്ന പേരിലുള്ള നോട്ടിഫിക്കേഷനുകളായി ദൃശ്യമാകും.
നിങ്ങളുടെ പ്രദേശത്തിനടുത്ത് വെള്ളപ്പൊക്കം പോലുള്ള അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് അലേർട്ടുകൾ നൽകുന്ന, ക്രൈസിസ് ബാഡ്ജുള്ള മെച്ചപ്പെട്ട വിഐപി വിഡ്ജറ്റും അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു. യുഎസിലെ ഗൂഗിൾ ഫോട്ടോസ് ഉപയോക്താക്കൾക്ക് ഇപ്പോൾ പേഴ്സണലൈസ്ഡ് എഡിറ്റിംഗ് ടൂളുകൾ ആസ്വദിക്കാം, അതേസമയം ഗൂഗിൾ മാപ്സിന് ലളിതമായ ലേഔട്ടും പവർ സേവിംഗ് മോഡും ലഭിക്കുന്നു. കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾക്കായി പിക്സൽ ഉപയോക്താക്കൾക്ക് പുതിയ 'വിക്കഡ്: ഫോർ ഗുഡ്' തീം പായ്ക്കുകളും പരീക്ഷിക്കാനാകും.
സ്കാം ഡിറ്റക്ഷൻ, കോൾ നോട്ട്‌സ് എന്നീ രണ്ട് പിക്‌സൽ-ഒൺലി ഫീച്ചറുകൾ ഗൂഗിൾ കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. സ്‌കാം ഡിറ്റക്ഷൻ ഫീച്ചർ, സ്‌കാമർമാർ പലപ്പോഴും ഉപയോഗിക്കുന്ന സംഭാഷണത്തിൻ്റെ പാറ്റേണുകൾ AI ഉപയോഗിച്ചു ശ്രദ്ധിക്കുകയും അത്തരം കോളുകൾക്കിടയിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഈ ഫീച്ചർ ഇപ്പോൾ ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ, അയർലൻഡ്, യുകെ എന്നിവിടങ്ങളിലെ പിക്‌സൽ 9-ലും പുതിയ മോഡലുകളിലേക്കും വ്യാപിപ്പിക്കുന്നു.
അതേസമയം, ഫോൺ കോളുകൾ റെക്കോർഡു ചെയ്യാനും, നോട്ട്സ് സ്വയമേവ എടുക്കാനും, സംഭാഷണങ്ങളുടെ രേഖാമൂലമുള്ള ട്രാൻസ്ക്രിപ്റ്റും സമ്മറിയും ഉണ്ടാക്കാനും ഓൺ-ഡിവൈസ് AI-യെ കോൾ നോട്ട്‌സ് ഉപയോഗിക്കും. ഓസ്‌ട്രേലിയ, കാനഡ, അയർലൻഡ്, ജപ്പാൻ, യുകെ എന്നിവിടങ്ങളിൽ ഈ ഫീച്ചർ ലഭ്യമാകും.
പരസ്യം
പരസ്യം