സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ചാർജിങ്ങ്, വലിപ്പം എന്നിവ സംബന്ധിച്ച വിവരങ്ങൾ
Photo Credit: Samsung
ഗാലക്സി S26 സീരീസ് വേഗമേറിയ ചാർജിംഗും വലിയ ഡിസ്‌പ്ലേ വലിപ്പവുമോടെ വരുന്നു
തങ്ങളുടെ ശക്തമായ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ അടുത്ത സീരീസ് അവതരിപ്പിക്കുന്നതിൻ്റെ പണിപ്പുരയിലാണ് പ്രമുഖ ബ്രാൻഡായ സാംസങ്ങ്. സാംസങ്ങ് ഗാലക്‌സി S26 സീരീസാണ് ഈ ലൈനപ്പിൽ കമ്പനി ഇനി അവതരിപ്പിക്കാൻ പോകുന്നത്. പുതിയ സീരീസിൽ ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നിങ്ങനെ മൂന്നു ഫോണുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ഫെബ്രുവരി 25-ന് ഈ സീരീസ് ലോഞ്ച് ചെയ്തേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഈ ഫോണുമായി ബന്ധപ്പെട്ട് സാംസങ്ങ് ഇതുവരെ ഒരു വിശദാംശങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലീക്കുകളിലൂടെയും റിപ്പോർട്ടുകളിലൂടെയും പല വിവരങ്ങളും പുറത്തു വരുന്നുണ്ട്. നേരത്തെ ടിപ്‌സ്റ്റേഴ്‌സ് പറഞ്ഞത്, ഗാലക്‌സി S26 അൾട്രായിൽ ഫാസ്റ്റ് വയർഡ് ചാർജിംഗ് ഉണ്ടാകില്ലെന്നാണ്. അതേസമയം ഏറ്റവും പുതിയ റിപ്പോർട്ടുകൾ S26 സീരീസിലെ മുഴുവൻ ഫോണുകളും ഫാസ്റ്റ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നു പറയുന്നു. അടുത്തിടെ ലീക്കായ വിവരങ്ങൾ ഈ മോഡലുകളുടെ വലിപ്പത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. സ്റ്റാൻഡേർഡ് ഗാലക്‌സി S26-ന് ഗാലക്‌സി S25-നെ അപേക്ഷിച്ച് അൽപ്പം വലിയ ഡിസ്‌പ്ലേ ഉണ്ടായേക്കാം.
ദക്ഷിണ കൊറിയൻ മാധ്യമമായ ഇ.ടി.ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം, വരാനിരിക്കുന്ന ഗാലക്സി S26 സീരീസിലേക്ക് ഗാലക്സി S25 ലൈനപ്പിനെ അപേക്ഷിച്ച് വേഗതയേറിയ വയർലെസ് ചാർജിംഗ് കൊണ്ടുവരാൻ സാംസങ്ങ് പദ്ധതിയിടുന്നുണ്ട്. ഗാലക്സി S26 അൾട്രാ മോഡൽ 25W വരെ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് ഇൻഡസ്ട്രി സോഴ്സുകൾ സൂചിപ്പിക്കുന്നു, അതേസമയം ഗാലക്സി S26+, സ്റ്റാൻഡേർഡ് ഗാലക്സി S26 എന്നിവ 20W വയർലെസ് ഫാസ്റ്റ് ചാർജിംഗും വാഗ്ദാനം ചെയ്തേക്കാം.
ഇത് ശരിയാണെങ്കിൽ, ആറ് വർഷത്തിനുള്ളിൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഗാലക്സി എസ് സീരീസ് ഫോണുകളിലെ വയർലെസ് ചാർജിംഗ് സ്പീഡിൽ അപ്‌ഗ്രേഡ് വരുന്നത് ആദ്യമായിട്ടായിരിക്കും. 2020-ൽ പുറത്തിറക്കിയ S20 സീരീസ് മുതൽ, ഈ വർഷം പുറത്തു വന്ന ഗാലക്സി S25 സീരീസ് ഉൾപ്പെടെയുള്ള എല്ലാ ഗാലക്സി എസ് മോഡലുകളിലും 15W വയർലെസ് ചാർജിംഗ് ആയിരുന്നു.
ഇതിനുപുറമെ, ഗാലക്സി S26 അൾട്രാ 45W വയർലെസ് ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യുമെന്നും സ്റ്റാൻഡേർഡ് ഗാലക്സി S26 25W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും മറ്റൊരു സമീപകാല റിപ്പോർട്ടും പരാമർശിച്ചു. വയർലെസ്, വയർഡ് ചാർജിംഗിന്റെ കാര്യത്തിൽ ഗാലക്‌സി S26 സീരീസ് വേഗമേറിയതും കാര്യക്ഷമവുമാക്കുക എന്നതാണ് സാംസങ് ലക്ഷ്യമിടുന്നതെന്ന് ഈ അപ്‌ഗ്രേഡുകൾ സൂചിപ്പിക്കുന്നു.
സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസ് ഫോണുകളുടെ കൃത്യമായ വലിപ്പം എന്തായിരിക്കുമെന്ന് ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് സാമൂഹ്യമാധ്യമമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു. ഈ ഗാലക്‌സി S26 അൾട്രാ, ഗാലക്‌സി S26+, സ്റ്റാൻഡേർഡ് ഗാലക്സി S26 എന്നിവ ഉൾപ്പെടുന്നു. ലീക്കുകൾ പ്രകാരം, ടോപ്പ്-എൻഡ് മോഡലായ ഗാലക്‌സി S26 അൾട്രായ്ക്ക് 163.6 മില്ലിമീറ്റർ ഉയരവും 78.1 മില്ലിമീറ്റർ വീതിയും 7.9 മില്ലിമീറ്റർ കനവും ഉണ്ടായേക്കും. സ്റ്റാൻഡേർഡ് ഗാലക്‌സി S26, ഗാലക്‌സി S26+ എന്നിവയ്ക്ക് യഥാക്രമം 149.4 x 71.5 x 6.9 മില്ലിമീറ്റർ, 158.4 x 75.8 x 7.3 മില്ലിമീറ്റർ എന്നിങ്ങനെയുള്ള അളവുകളും ആയിരിക്കാം.
ഓരോ മോഡലിൻ്റെയും ഡിസ്‌പ്ലേ വലുപ്പവും ടിപ്‌സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗാലക്‌സി S26-ന് 6.3 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക. ഗാലക്‌സി S25-ൽ ഉണ്ടായിരുന്ന 6.2 ഇഞ്ച് സ്‌ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു ചെറിയ അപ്‌ഗ്രേഡാണ്. അതേസമയം, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്ര എന്നിവ മുൻ സീരീസിലെ മോഡലുകളുടെ അതേ ഡിസ്പ്ലേ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. മുൻഗാമികളായ ഗാലക്‌സി S25+, ഗാലക്‌സി S25 അൾട്ര എന്നിവയ്ക്ക് യഥാക്രമം 6.7 ഇഞ്ച്, 6.9 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകൾ ആയിരുന്നു.
പരസ്യം
പരസ്യം