Photo Credit: Pexels/ Bence Szemerey
ഈ വർഷം തുടക്കത്തിൽ ഇന്ത്യയിൽ ആറ് തിയേറ്ററുകളിലാണ് ഡോൾബി സിനിമ എത്തുന്നത്.
യുകെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയായ ഡോൾബി ലബോറട്ടറീസ് ഇന്ത്യയിൽ ഡോൾബി സിനിമ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത തിയേറ്ററുകളിൽ പുതിയ സാങ്കേതികവിദ്യ ലഭ്യമാകും. യുകെ ആസ്ഥാനമായുള്ള ഈ ടെക് കമ്പനി മികച്ച വിഷ്വൽ നിലവാരം വാഗ്ദാനം ചെയ്യുന്ന ഡോൾബി വിഷനിലൂടെയും കൂടുതൽ ആഴത്തിലുള്ളതും ആകർഷകവുമായ ശബ്‌ദം നൽകുന്ന ഡോൾബി അറ്റ്‌മോസിലൂടെയും മെച്ചപ്പെട്ട കാഴ്ചാനുഭവം സിനിമാ പ്രേമികൾക്കു നൽകുമെന്നതിൽ സംശയമില്ല. ഈ നൂതന സാങ്കേതികവിദ്യകൾ സിനിമ കാണുന്നതിൻ്റെ അനുഭവം വളരെ മികച്ചതാക്കും. എന്നാൽ ഇവരുടെ മികച്ച വിഷ്വലുകൾക്കും ശബ്‌ദ നിലവാരത്തിനും ഉപഭോക്താക്കൾ അൽപ്പം തുക അധികമായി നൽകേണ്ടി വരും. ഈ വർഷം ആദ്യം, ഹൈദരാബാദിൽ ആദ്യത്തെ ഡോൾബി-സർട്ടിഫൈഡ് പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യം ഡോൾബി തുറന്നിരുന്നു. ഇത് ഇന്ത്യയിലെ അവരുടെ വിപുലീകരണത്തിന്റെ മറ്റൊരു ചുവടുവയ്പ്പു കൂടിയായി കണക്കാക്കാം.
ആറ് തീയ്യേറ്റർ ശ്യംഖലകളുമായി സഹകരിച്ച് ഡോൾബി സിനിമ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഡോൾബി ലാബോറട്ടറീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സിറ്റി പ്രൈഡ് (പൂനെ), അല്ലു സിനിപ്ലെക്സ് (ഹൈദരാബാദ്), എൽഎ സിനിമ (ട്രിച്ചി), എഎംബി സിനിമാസ് (ബെംഗളൂരു), ഇവിഎം സിനിമാസ് (കൊച്ചി), ജി സിനിപ്ലെക്സ് (ഉളിക്കൽ) എന്നിവയാണ് ഈ സിനിമാശാലകൾ. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഡോൾബി സിനിമയുടെ ലോഞ്ച് നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഡോൾബി ലബോറട്ടറീസിൽ നിന്നുള്ള രണ്ട് നൂതന സാങ്കേതികവിദ്യകൾ ഈ അപ്‌ഗ്രേഡിൽ ഉൾപ്പെടും. ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് ഇവർ നൽകുന്ന സാങ്കേതികവിദ്യകൾ. മികച്ച കോൺട്രാസ്റ്റ്, തിളക്കമുള്ള ഇമേജുകൾ, വിപുലമായ നിറങ്ങൾ എന്നിവ ഉപയോഗിച്ച് ഡോൾബി വിഷൻ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നു. ഡൈനാമിക് ഓഡിയോ നൽകുന്നതിലൂടെ ഡോൾബി അറ്റ്‌മോസ് ശബ്‌ദ നിലവാരം വർദ്ധിപ്പിക്കുന്നു, ഇത് സിനിമാനുഭവത്തെ കൂടുതൽ ആഴത്തിലുള്ളതാക്കുന്നു.
സംവിധായകന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഒരു സവിശേഷമായ സിനിമാ അനുഭവം ഡോൾബി സിനിമ പ്രേക്ഷകർക്ക് നൽകുമെന്ന് ഡോൾബി വാഗ്ദാനം ചെയ്യുന്നു. അതിന്റെ രൂപകൽപ്പന വളരെ മികച്ചതായതിനാൽ തന്നെ സിനിമ തിയ്യേറ്ററിലെ ഓരോ സീറ്റും "വീട്ടിലെ ഏറ്റവും മികച്ച ഇരിപ്പിടം" പോലെയുള്ള അനുഭവം നമുക്കു നൽകും. എല്ലാവർക്കും ഉയർന്ന നിലവാരമുള്ള കാഴ്ചാനുഭവം ആസ്വദിക്കാൻ കഴിയുമെന്ന് ഇതിലൂടെ അവർ ഉറപ്പാക്കുന്നു.
ഡോൾബി ലബോറട്ടറീസിലെ വേൾഡ്‌വൈഡ് സിനിമാ സെയിൽസ് ആൻഡ് പാർട്ണർ മാനേജ്‌മെന്റിന്റെ വൈസ് പ്രസിഡന്റ് മൈക്കൽ ആർച്ചർ ഇതെക്കുറിച്ച് പ്രതികരിച്ചത് "ഡോൾബി സിനിമയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് രാജ്യത്തെ എൻ്റർടൈൻമെൻ്റ് ഇൻഡസ്ട്രിയെ സംബന്ധിച്ച് ഒരു സുപ്രധാന നിമിഷമാണ്" എന്നാണ്. ആദ്യത്തെ ഡോൾബി സിനിമാ തിയേറ്റർ 2014-ലാണ് തുറന്നത്. അതിനുശേഷം, ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലായി 35 സിനിമാ സംബന്ധമായ പങ്കാളികളുമായി ഡോൾബി പ്രവർത്തിച്ചിട്ടുണ്ട്.
ജനുവരിയിൽ, അന്നപൂർണ സ്റ്റുഡിയോയുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ഡോൾബി-സർട്ടിഫൈഡ് പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യം ഡോൾബി ലാബോറട്ടറീസ് തുറന്നു. ഇന്ത്യയിലുടനീളം ഇപ്പോൾ 24 ഡോൾബി അറ്റ്‌മോസ് മിക്സിംഗ് സൗകര്യങ്ങളുണ്ടെന്നും ഡോൾബി പ്രഖ്യാപിച്ചു. ഡോൾബി സിനിമാ ഫോർമാറ്റിൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ഈ സൗകര്യങ്ങൾ സഹായിക്കും.
പരസ്യം
പരസ്യം