ഇൻഫിനിക്സ് നോട്ട് 50X 5G ഈ മാസം ഇന്ത്യയിലെത്തും
ഇൻഫിനിക്സ് നോട്ട് 50X 5G ഫോണിൻ്റെ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തു വന്നിരുന്നു. "ജെം-കട്ട്" ഡിസൈൻ എന്ന് വിളിക്കപ്പെടുന്ന ഒക്റ്റഗണൽ ഷേപ്പിലുള്ള ക്യാമറ മൊഡ്യൂൾ അടങ്ങിയ വെള്ളി നിറമുള്ള പിൻഭാഗമാണ് ഈ ഫോണിനുള്ളത്. ഈ മൊഡ്യൂളിൽ മൂന്ന് ക്യാമറ സെൻസറുകൾ, ഒരു എൽഇഡി ഫ്ലാഷ്, ഒരു "ആക്ടീവ് ഹാലോ" യൂണിറ്റ് എന്നിവയുണ്ട്. ഇതിൻ്റെ ക്യാമറ ഡിസൈൻ അടിസ്ഥാന മോഡലായ ഇൻഫിനിക്സ് നോട്ട് 50-ന് സമാനമാണ്. ഫോണിനായി ഒരു ഫ്ലിപ്പ്കാർട്ട് പേജ് ലൈവ് ആയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. ഇൻഫിനിക്സ് നോട്ട് 50X 5G, ഇൻഫിനിക്സ് 40X 5G-യുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു, അത് 2024 ഓഗസ്റ്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.