സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസുകൾ ഈ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്യപ്പെടുമെന്നു പ്രതീക്ഷ. മടക്കാൻ കഴിയുന്ന സാംസങ്ങിൻ്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളെ ആദ്യമായി അവതരിപ്പിച്ച ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് ഈ മാസത്തിൻ്റെ തുടക്കത്തിൽ നടന്നിരുന്നു. അവിടെ വെച്ചാണ് സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസ് പുറത്തിറങ്ങുന്നതിനെക്കുറിച്ചു സൂചന ലഭിക്കുന്നത്. അടുത്ത മാസം മുതൽ ഇതിൻ്റെ നിർമാണം ആരംഭിക്കുമെന്ന് മാർക്കറ്റ് അനലിസ്റ്റ് വ്യക്തമാക്കുന്നു. ഒക്ടോബർ മാസത്തിൽ പ്രൊഡക്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടു മോഡലുകളാണ് സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസിൽ ഉണ്ടാവുക.
സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസിൻ്റെ നിർമാണം ഓഗസ്റ്റിൽ ആരംഭിക്കും:
ഡിസ്പ്ലേ സപ്ലൈ ചെയിൻ കൺസൾട്ടൻ്റ്സ് (ഡിഎസ്‌സിസി) സിഇഒ ആയ റോസ് യങ്ങ് സാമൂഹ്യമാധ്യമമായ എക്സിൽ ഇട്ട പോസ്റ്റിൽ പറയുന്നതു പ്രകാരം സാംസങ്ങ് അതിൻ്റെ ടാബ് S10 സീരീസിൻ്റെ നിർമാണം ഓഗസ്റ്റ് മാസത്തിലാണ് ആരംഭിക്കാൻ പോകുന്നത്. സാംസങ്ങ് ഗ്യാലക്സി ടാബ് S10 പ്ലസ്, സാംസങ്ങ് ഗ്യാലക്സി ടാബ് S10 അൾട്രാ എന്നീ രണ്ടു മോഡലുകളാണ് ഈ സീരീസിൽ അവതരിപ്പിക്കപ്പെടാൻ പോകുന്നതെന്നു നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതും അദ്ദേഹം സ്ഥിരീകരിച്ചു. ഇതിനൊപ്പം സാംസങ്ങ് അവരുടെ ഏറ്റവും അടിസ്ഥാന ടാബ്‌ലറ്റ് മോഡലിനെ പൂർണമായും ഉപേക്ഷിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
ഈ രണ്ടു സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസ് മോഡലുകളും രണ്ടു വീതം നിറങ്ങളിലാണ് ലഭ്യമാവുക. ഗ്രേ, സിൽവർ എന്നീ നിറങ്ങളിൽ ഈ മോഡലിനെ നിങ്ങൾക്കു തിരഞ്ഞെടുക്കാമെന്ന് അനലിസ്റ്റ് വ്യക്തമാക്കുന്നു. നിർമാണം തുടങ്ങാൻ പോകുന്ന സമയം വെളിപ്പെടുത്തിയതിനൊപ്പം സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസ് ഈ വർഷം ഒക്ടോബർ മാസത്തിൽ ലോഞ്ച് ചെയ്യപ്പെടുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. നേരത്തെ ജേർണലിസ്റ്റായ മാക്സ് ജാംബോറും ഒക്ടോബറിൽ സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസ് ലോഞ്ച് ചെയ്യപ്പെടുമെന്നു വെളിപ്പെടുത്തിയിരുന്നു.
ലോഞ്ചിനെ സംബന്ധിച്ചുള്ള മറ്റൊരു വിവരവും സിഇഒ ആയ റോസ് യങ്ങ് പുറത്തു വിട്ടിട്ടില്ല. എന്നാൽ നേരത്തെ പുറത്തു വന്ന നിരവധി റിപ്പോർട്ടുകൾ സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസ് മോഡലുകൾ എങ്ങിനെയായിരിക്കും എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:
സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസിലെ മോഡലുകളായ ഗ്യാലക്സി ടാബ് S10 പ്ലസ്, ഗ്യാലക്സി ടാബ് S10 അൾട്രാ എന്നിവക്കെല്ലാം വലിയ AMOLED സ്ക്രീനാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 12 ഇഞ്ച് വലിപ്പം സ്ക്രീനിന് ഉണ്ടാകും. ബെഞ്ച്മാർക്ക് വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മീഡിയാടെക് ഡൈമൻസിറ്റി 9300+ ചിപ്സെറ്റും 12GB RAM ഉം സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസുകളിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയ്ഡ് 14ൽ പ്രവർത്തിക്കുന്ന സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസിൻ്റെ മോഡൽ നമ്പർ SM-X828U ആയിരിക്കും.
അതേസമയം സാംസങ്ങ് ഗ്യാലക്സി ടാബ് S10 അൾട്രാ മോഡലിന് 14.6 ഇഞ്ച് വലിപ്പമുള്ള AMOLED സ്ക്രീൻ ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിലുള്ള മോഡലിനും ഇതേ സ്ക്രീനാണുള്ളത്. ടാബിൻ്റെ പുറത്തു വന്ന ചിത്രങ്ങൾ ഡിസൈനിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണു വ്യക്തമാക്കുന്നത്. AKGയുടെ ക്വാഡ് സ്പീക്കർ സെറ്റപ്പ് ഇതിലും നിലനിർത്തുമെന്നു പ്രതീക്ഷിക്കുന്നു. അതിനു പുറമെ എസ്-പെൻ ടാബിൻ്റെ പുറകിൽ മാഗ്നറ്റിക് ആയി ഘടിപ്പിച്ചു വെക്കാവുന്ന രീതിയിൽ തന്നെയാകും ഉണ്ടാവുക.
ലോഞ്ചിങ്ങ് തീയ്യതി അടുക്കുമ്പോൾ സാംസങ്ങ് ഗ്യാലക്സി ടാബ് S10 സീരീസിൻ്റെ മോഡലുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരാനുള്ള സാധ്യതയുണ്ട്. തങ്ങളുടെ നിലവാരം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ലാത്ത സാംസങ്ങിൻ്റെ പുതിയ പ്രൊഡക്റ്റിൻ്റെ കൂടുതൽ വിവരങ്ങൾക്കായി ഏവരും കാത്തിരിക്കുകയാണ്.