Photo Credit: Samsung
സാംസങ് തങ്ങളുടെ പുതിയ തലമുറ ഗാലക്സി S സീരീസ് സ്മാർട്ട്ഫോണുകൾ ജനുവരി 22-ന് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗാലക്സി S25 സീരീസ് എന്നാണ് ഇതിനെ വിളിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി, ഇതിലെ ഡിസൈൻ മാറ്റങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഒരു ടിപ്സ്റ്റർ പുതിയ ഫോണുകളുടെ റെൻഡറുകൾ ലീക്കാക്കി പുറത്തു വിട്ടിരുന്നു. ലൈനപ്പിൽ പ്രതീക്ഷിക്കുന്ന മൂന്ന് മോഡലുകളിൽ, ഗാലക്സി S25 അൾട്രായ്ക്കുള്ള കർവ്ഡ് എഡ്ജുകൾ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു അപ്ഡേറ്റിൽ, ഗാലക്സി S25 സീരീസിലെ മൂന്ന് മോഡലുകളുടെയും വിശദമായ സവിശേഷതകളും ലീക്കായിട്ടുണ്ട്. ഡിസൈൻ അപ്ഡേറ്റുകളും മറ്റ് സവിശേഷതകളും ഉൾപ്പെടെ, സാംസങ്ങിൻ്റെ മുൻനിര സ്മാർട്ട്ഫോണുകളിൽ നിന്ന് ഉപയോക്താക്കൾക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുകയെന്ന് ഈ ലീക്കുകൾ വ്യക്തമാക്കുന്നു. ഗാലക്സി S25 സീരീസിലും മികച്ച സാങ്കേതികവിദ്യയും നൂതന ഡിസൈനും സംയോജിപ്പിക്കുന്ന സാംസങ്ങിൻ്റെ പ്രവണത തുടരുമെന്ന് കരുതാം.
സബ്സ്റ്റാക്കിൽ ഗാലക്സി S25 സീരീസിൻ്റെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ ടിപ്സ്റ്റർ ഇവാൻ ബ്ലാസ് പങ്കിട്ടു. ഈ ചിത്രങ്ങൾ അനുസരിച്ച്, സ്റ്റാൻഡേർഡ് ഗാലക്സി S25, ഗാലക്സി S25+ എന്നിവ അവയുടെ മുൻ പതിപ്പുകൾക്ക് സമാനമാണ്. രണ്ട് ഫോണുകൾക്കും വ്യത്യസ്ത ക്യാമറ റിംഗുകളുള്ള, ഒരേ പോലെയുള്ള റിയർ ക്യാമറ സെറ്റപ്പും ചെറിയ ഹോൾ-പഞ്ച് കട്ട്ഔട്ടിൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
എന്നിരുന്നാലും, ഗാലക്സി S25 അൾട്രാ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ ഡിസൈനിലാണെന്നു തോന്നുന്നുണ്ട്. സമീപ വർഷങ്ങളിൽ അൾട്രാ മോഡലുകളിൽ കണ്ടു വരാറുള്ള ബോക്സി ഡിസൈനിൽ നിന്ന് മാറി ഈ ടോപ്പ്-എൻഡ് മോഡലിന് വൃത്താകൃതിയിലുള്ള എഡ്ജുകൾ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിച്ച് മുൻപു പുറത്തു വന്ന ലീക്കായ വിവരങ്ങളെ സാധൂകരിക്കുന്നതാണ് ചിത്രങ്ങൾ.
ആൻഡ്രോയിഡ് ഹെഡ്ലൈൻസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മുഴുവൻ ഗാലക്സി S25 സീരീസ് ഫോണുകളിലും ക്വാൽകോമിൻ്റെ പുതിയ സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറും 12 ജിബി റാമും സ്റ്റാൻഡേർഡായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഇത് എല്ലാ പ്രദേശങ്ങളിലും ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. എല്ലാ മോഡലുകളും ഡ്യുവൽ സിം (ഇസിം പിന്തുണ ഉൾപ്പെടെ), വൈഫൈ 7, ബ്ലൂടൂത്ത് 5.3, 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയോടെയാണ് വരുന്നതെന്ന് പറയപ്പെടുന്നു. ഒക്ടോബറിൽ പ്രഖ്യാപിച്ച ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7-ൽ ഈ ഫോണുകൾ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുണ്ട്.
സാധാരണ ഗാലക്സി S25 ന് 6.2 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേയും 2,340×1,080 പിക്സൽ റെസലൂഷനും 120 ഹെർട്സ് റീഫ്രഷ് റേറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 128GB, 256GB, 512GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമായേക്കാം. 25W വയർഡ്, വയർലെസ് ചാർജിംഗിനെ പിന്തുണക്കുന്ന 4,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 146.9×70.5×7.2mm വലിപ്പവും 162g ഭാരവുമാണ് പ്രതീക്ഷിക്കുന്നത്.
3,120×1,440 പിക്സൽ റെസലൂഷനും 120Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്ന 6.7 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേയുമായി ഗാലക്സി S25+ വരാൻ സാധ്യതയുണ്ട്. ഇതിന് 256GB, 512GB എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ മാത്രമേ ഉണ്ടാകൂ. 45W വയർഡ് ചാർജിംഗ് പിന്തുണയുള്ള 4,900mAh ബാറ്ററിയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.
ഗാലക്സി S25, ഗാലക്സി S25+ എന്നിവയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്ഉൾപ്പെടുത്തുമെന്ന് അഭ്യൂഹമുണ്ട്. ഇതിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 3x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങിയിരിക്കാം. കൂടാതെ, രണ്ട് മോഡലുകൾക്കും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പർച്ചർ ഉള്ള 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
3,120×1,440 പിക്സൽ റെസലൂഷനും 120Hz റിഫ്രഷ് റേറ്റും ഉൾക്കൊള്ളുന്ന 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയുള്ള ഗാലക്സി S25 അൾട്രാ ഈ സീരീസിലെ ഏറ്റവും വലിയ മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 256GB, 512GB, 1TB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ വരുമെന്ന് പറയപ്പെടുന്നു. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണക്കുന്ന 5,000mAh ബാറ്ററി ഇതിൽ പ്രതീക്ഷിക്കാം.
200 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, OIS-ഉം 5x ഒപ്റ്റിക്കൽ സൂമും ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, OIS- ഉം 3x ഒപ്റ്റിക്കൽ സൂമുമുള്ള 10 മെഗാപിക്സൽ സെൻസർ എന്നിവയുൾപ്പെടെ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാകും അൾട്രാ മോഡലിൽ ഉണ്ടാവുക. സാംസങ്ങ് S25 അൾട്രാക്ക് 162.8×77.6×8.2mm വലിപ്പവും 218g ഭാരവുമുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്.
പരസ്യം
പരസ്യം