ഫോട്ടോഗ്രാഫിയുടെ ഏറ്റവും പുതിയ സാധ്യതകൾക്കു പ്രാധാന്യം നൽകി നിർമിച്ച ഷവോമി അൾട്രാ 14 സ്മാർട്ട്ഫോൺ 2024 ൻ്റെ തുടക്കത്തിലാണ് ലോഞ്ച് ചെയ്യുന്നത്. 2024 ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ലോഞ്ച് ചെയ്ത മൊബൈൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ഷവോമി അൾട്രാ 14 നെ വെല്ലുന്ന മറ്റൊരു സ്മാർട്ട്ഫോൺ ചൈനീസ് ബ്രാൻഡിൽ നിന്നും ഉടനെ പ്രതീക്ഷിക്കാൻ കഴിയും.
ഷവോമി അൾട്രാ 14 പുറത്തിറങ്ങി ആറു മാസം പിന്നിടുമ്പോൾ തന്നെ അതിൻ്റെ പിൻഗാമിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. 2025ൻ്റെ തുടക്കത്തിൽ ചൈനീസ് ബ്രാൻഡിൽ നിന്നും ഷവോമി അൾട്രാ 15 എന്ന പുതിയ മോഡൽ പ്രതീക്ഷിക്കാമെന്നു റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ പുറത്തിറക്കിയ മോഡലിന് എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അതെല്ലാം പരിഹരിക്കുന്ന ഒരു ജഗജില്ലി സ്മാർട്ട്ഫോണുമായാണ് ഇത്തവണ ഷവോമി വരാൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും ഫോണിൻ്റെ പ്രത്യേകതകളെ കുറിച്ചുള്ള പല വിവരങ്ങളും ചോർന്നിട്ടുണ്ട്. ഷവോമി 14 അൾട്രാ പോലെത്തന്നെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഷവോമി 15 അൾട്രായിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റായിരിക്കും ഉണ്ടാവുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഷവോമി 15 അൾട്രായിൽ പ്രതീക്ഷിക്കുന്ന ക്യാമറയും അതിൻ്റെ സവിശേഷതകളും:
ചൈനീസ് ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ കഴിഞ്ഞ ദിവസം വീബിയോയിൽ ഇട്ട പോസ്റ്റിലൂടെയാണ് ഷവോമി അൾട്രാ 15 ൻ്റെ ക്യാമറയുമായ ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിനുണ്ടാവുക. 4x സൂം നൽകുന്ന 200 മെഗാപിക്സലുള്ള പെരിസ്കോപ്പ് ടെലിഫോട്ടോ ഇതിലുണ്ടാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഐസ് യൂണിവേഴ്സ് എന്ന പേരിലുള്ള മറ്റൊരു ടിപ്സ്റ്റർ സാമൂഹ്യമാധ്യമമായ എക്സിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
50 മെഗാപിക്സലുള്ള ക്വാഡ് ക്യാമറ സെറ്റപ്പുമായി വന്ന ഷവോമി 14 അൾട്രാ യെ വെച്ചു നോക്കുമ്പോൾ 200 മെഗാപിക്സൽ ക്യാമറയുമായെത്തുന്ന ഷവോമി 15 അൾട്രാ വമ്പൻ അപ്ഗ്രേഡാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനുള്ള (OIS) 50 മെഗാപിക്സൽ സോണി LYT900 പ്രൈമറി ക്യാമറക്കു പുറമെ 3.2x ഒപ്റ്റിക്കൽ സൂമും 5x ഒപ്റ്റിക്കൽ സൂമുമുള്ള 50 മെഗാപിക്സൽ സോണി IMX858 സെൻസേഴ്സുള്ള രണ്ടു ക്യാമറകൾ വേറെയുണ്ട്. നാലാമത്തെ ക്യാമറയിൽ അൾട്രാ വൈഡ് ലെൻസുള്ളപ്പോൾ സെൽഫികൾക്കും വീഡിയോ കോളിനുമുള്ള ഫ്രണ്ട് ക്യാമറ 32 മെഗാപിക്സലാണ്. ഷവോമി 14 അൾട്രായിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 SoC ആയിരുന്നെങ്കിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റുമായി ഞെട്ടിക്കാൻ തന്നെയാണ് ഷവോമി 15 അൾട്രാ ഒരുങ്ങുന്നത്.ഷവോമി 14 അൾട്രായുടെ വിലയും സവിശേഷതകളും:
ഷവോമി 15 അൾട്രായുടെ വിലയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഇപ്പോൾ ലഭ്യമല്ല. ഷവോമി 14 അൾട്രായുടെ 16GB RAM + 512GB മോഡലിന് ഇന്ത്യയിലെ വില 99999 രൂപയായതിനാൽ അതിനോട് അടുത്തു കിടക്കുന്ന വിലയായിരിക്കും വരാനിരിക്കുന്ന പിൻഗാമിക്കും ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ആൻഡോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള Hyper OS ലാണ് ഷവോമി 14 അൾട്രാ പ്രവർത്തിക്കുന്നത്. 120Hz റീഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ലെവലുമുള്ള ഈ സ്മാർട്ട്ഫോണിൽ 6.73 ഇഞ്ച് WQHD + LTPO AMOLED മൈക്രോ കർവ്ഡ് ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നു. 90W വയേർഡ് ചാർജിംഗും 80W വയർലെസ് ചാർജിംഗും 10W റിവേഴ്സ് വയർലെസ് ചാർജിംഗ് സൗകര്യവുമുള്ള ഈ സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗാണ് ഷവോമി 14 അൾട്രാക്കുള്ളത്.