പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോയുടെ രണ്ട് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തി. സ്മാർട്ട്ഫോണായ പോക്കോ M6 പ്ലസ് 5G ക്കു പുറമെ പോക്കോ ബഡ്സ് X1 ആണ് ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഈ രണ്ട് ഉൽപന്നങ്ങളും കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നെങ്കിലും വിൽപ്പന ആരംഭിക്കുന്നത് കഴിഞ്ഞ ദിവസം മുതലാണ്. ഫ്ലിപ്കാർട്ടിലൂടെയാണ് നിലവിൽ ഇവയുടെ വിൽപ്പന നടക്കുന്നത്.
പോക്കോ M6 പ്ലസ് 5G, പോക്കോ ബഡ്സ് എന്നിവയുടെ ഇന്ത്യയിലെ വില:
6GB RAM + 128GB സ്റ്റോറേജ് ഒപ്ഷൻ തരുന്ന പോക്കോ M6 പ്ലസ് 5G സ്മാർട്ട്ഫോണിനു ഫ്ലിപ്കാർട്ടിൽ വിലയിട്ടിരിക്കുന്നത് 13499 രൂപയാണ്. അതേസമയം 8GB RAM + 128GB സ്റ്റോറേജുള്ള മോഡലിന് 14499 രൂപ നൽകണം. ഗ്രാഫൈറ്റ് ബ്ലാക്ക്, ഐസ് സിൽവർ, മിസ്റ്റി ലാവണ്ടർ എന്നീ നിറങ്ങളിലാണ് പോക്കോ M6 പ്ലസ് 5G ലഭ്യമാവുക. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങിയാൽ 5% ഡിസ്കൗണ്ട് സ്വന്തമാക്കാം. നോ-കോസ്റ്റ് EMI ആരംഭിക്കുന്നത് പ്രതിമാസം 4500 രൂപയിലാണ്.
അതേസമയം പോകോ ബഡ്സ് X1 ഇന്ത്യയിൽ ഒരൊറ്റ നിറത്തിൽ മാത്രമേ വാങ്ങിക്കാൻ കഴിയൂ. ടൈറ്റാനിയം നിറത്തിൽ ലഭ്യമാകുന്ന ഇതിൻ്റെ ഇന്ത്യയിലെ വില 1699 രൂപയാണ്.
പോക്കോ M6 പ്ലസ് 5G യുടെ സവിശേഷതകൾ:
ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള HyperOS ലാണ് പോക്കോ M6 പ്ലസ് 5G പ്രവർത്തിക്കുന്നത്. ഡിസ്പ്ലേയുടെ കാര്യമെടുത്താൽ 6.79 ഇഞ്ച് ഫുൾ HD+ (2400 x 1080 pixels) ഡിസ്പ്ലേ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റിനൊപ്പം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവും ഡിസ്പ്ലേക്കുണ്ട്. പരമാവധി 8GB RAM + 128GB സ്റ്റോറേജിൽ ലഭ്യമായ ഈ സ്മാർട്ട്ഫോണിൽ സ്നാപ്ഡ്രാഗൺ 4 Gen 2AE (ആക്സലറേറ്റഡ് എഡിഷൻ) SoC ആണുള്ളത്.
ദൃശ്യങ്ങൾ പകർത്തുന്നതിനായി പോക്കോ M6 പ്ലസ് 5G ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. 3x ഇൻ സെൻസർ സൂമിങ്ങ് സപ്പോർട്ടു ചെയ്യുന്ന 108 മെഗാപിക്സൽ മെയിൻ സെൻസറും 2 മെഗാപിക്സലിൻ്റെ മാക്രോ സെൻസറും ഇതിലുൾപ്പെട്ടിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളിനുമായി 13 മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP53 റേറ്റിംഗുള്ള പോക്കോ M6 പ്ലസ് 5G യിൽ 33W വയേഡ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5030 mAh ബാറ്ററിയും അടങ്ങിയിരിക്കുന്നു.
പോക്കോ ബഡ്സ് X1 ൻ്റെ പ്രധാന സവിശേഷതകൾ:
ചെവിക്കുള്ളിൽ ഉറപ്പിച്ചു നിർത്തുന്ന ഇൻ-ഇയർ ഡിസൈനിൽ വരുന്ന പോക്കോ ബഡ്സ് X1 ൽ 12.4mm ഡൈനാമിക്ക് ടൈറ്റാനിയം ഡ്രൈവേഴ്സാണുള്ളത്. ടച്ച് കൺട്രോളുള്ള ഈ ബഡ്സ് മോഡൽ 40dB വരെയുള്ള ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് കാൻസലേഷൻ (ANC) നൽകുന്നു. Al സാങ്കേതികവിദ്യ പിന്തുണക്കുന്ന എൻവിറോൺമെൻ്റൽ നോയ്സ് ക്യാൻസലേഷൻ (ENC) നൽകുന്ന ക്വാഡ് മൈക്ക് സിസ്റ്റവും ഇതിലുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 36 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്ന പോക്കോ ബഡ്സ് X1 ന് 480mAh ബാറ്ററിയുള്ള ചാർജിംഗ് കേസിനൊപ്പം വരുന്നു. ഇയർബഡ്‌സിന് ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയുള്ളതിനു പുറമെ SBC, AAC എന്നീ കോഡെക്സുകളെയും പിന്തുണക്കുന്നു. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗാണ് പോക്കോ ബഡ്സ് X1 നുള്ളത്.