നിലവിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ഐക്യൂ. സമീപകാലത്തിറങ്ങിയ ഐക്യൂ മോഡലുകളിൽ പലതും വിപണിയിൽ നല്ല രീതിയിലുള്ള ചലനം സൃഷ്ടിക്കുകയുണ്ടായി. വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ വിവോയെക്കാൾ ശ്രദ്ധിക്കപ്പെട്ടുവെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ഇന്ത്യൻ വിപണിയിൽ വീണ്ടും ഓളമുണ്ടാക്കാൻ ഐക്യൂവിൻ്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട്ഫോൺ മോഡലുകൾ ഈ മാസം ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഐക്യൂ Z9s 5G, ഐക്യൂ Z9s പ്രോ 5G എന്നീ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 21നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്നത്.
ഔദ്യോഗികമായ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചതിനു ശേഷം, അതിനു ദിവസങ്ങൾക്കു മുൻപേ തന്നെ ഐക്യൂ തങ്ങളുടെ Z9s സീരീസിൽ വരുന്ന സ്മാർട്ട്ഫോണുകളുടെ വിലയും മറ്റു പ്രധാന വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട് ഗ്രേറ്റർ നോയ്ഡയിലുള്ള വിവോയുടെ ഫാക്റ്ററിയിലാണ് ഐക്യൂവിൻ്റെ പുതിയ മോഡലുകൾ നിർമിക്കുന്നത്. ഈ സ്മാർട്ട്ഫോണുകൾ ലോഞ്ചിംഗിനു ശേഷം ആമസോണിലൂടെ വിൽപ്പനക്കു വരും.
ഐക്യൂ Z9s സീരീസ് സ്മാർട്ട്ഫോണുകളുടെ വിലയും മറ്റു പ്രധാന സവിശേഷതകളും:
ഓഗസ്റ്റ് 5ന് ഒരു പ്രസ് റിലീസിലൂടെയാണ് വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്ഫോണുകൾ സംബന്ധിച്ച വിവരങ്ങൾ ലോഞ്ചിങ്ങിനു മുൻപേ തന്നെ പുറത്തു വിട്ടത്. ഈ രണ്ടു മോഡലുകളും 25000 രൂപയിൽ കുറഞ്ഞ വിലക്കാവും ഇന്ത്യയിൽ ലഭ്യമാവുക. ഐക്യൂ Z9s 5G യിൽ മീഡിയാടെക് ഡൈമൻസിറ്റി 7300 SoC യാണുള്ളത്. സ്മാർട്ട്ഫോണും മറ്റുപകരണങ്ങളും ബെഞ്ച്മാർക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമായ AnTuTu വിൽ ഇതിൻ്റെ സ്കോർ 7 ലക്ഷത്തിനു മുകളിലാണെന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതേസമയം ഐക്യൂ Z9s പ്രോ 5G യിൽ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. AnTuTu പ്ലാറ്റ്ഫോമിൽ ഇതിൻ്റെ സ്കോർ 8 ലക്ഷത്തിനു മുകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഐക്യൂ Z9s 5G, ഐക്യൂ Z9s പ്രോ 5G എന്നീ രണ്ടു സ്മാർട്ട്ഫോണുകളിലും ഒരേ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OlS) സൂപ്പർ നൈറ്റ് മോഡുമുള്ള 50 മെഗാപിക്സൽ സോണി IMX882 സെൻസർ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് OlS ഉപയോഗിച്ച് 4K ക്വാളിറ്റിയുള്ള വീഡിയോകൾ ചിത്രീകരിക്കാൻ കഴിയും. Al ഇറേസ്, Al ഫോട്ടോ എൻഹാൻസ് എന്നീ സാങ്കേതികവിദ്യകൾ ഇതിനു കൂടുതൽ കൃത്യത നൽകുന്നു. ഐക്യൂ Z9s പ്രോ 5G മോഡലിൽ 8 മെഗാപിക്സലിൻ്റെ ഒരു അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. ഫ്ലാംബോയൻ്റ് ഓറഞ്ച്, ലൂക്സ് മാർബിൾ എന്നീ രണ്ടു നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക.
മനോഹരമായ ഡിസൈനിൽ തയ്യാറാക്കിയിട്ടുള്ള ഐക്യൂ Z9s സീരീസിലെ പുതിയ മോഡൽ ഫോണുകൾക്ക് 7.49mm ബോഡിയും 3D കർവുള്ള AMOLED ഡിസ്പ്ലേയുമാണ് ഉണ്ടാവുക. വാനിലാ ഐക്യൂ Z9s 5G മോഡലിന് 1800 നിറ്റ്സ് ലോക്കൽ പീക്ക് ബ്രൈറ്റ്നസ് ലെവൽ ഉണ്ടാകുമെന്നു വ്യക്തമായിട്ടുണ്ട്. അതേസമയം ഐക്യൂ Z9s പ്രോ 5G ക്ക് 120Hz റീഫ്രഷ് റേറ്റും 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലുമാണുണ്ടാവുക. ഐക്യൂ Z9s പ്രോ 5G യിൽ 5500mAh ബാറ്ററിയാണ് ഉണ്ടാവുകയെന്നും തീർച്ചയായിട്ടുണ്ട്.
ലോഞ്ചിങ്ങ് സമയമാകുമ്പോഴേക്കും ഈ സ്മാർട്ട്ഫോണുകളെ സംബന്ധിച്ചു ബാക്കിയുള്ള വിവരങ്ങൾ കൂടി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് മികച്ച സ്മാർട്ട്ഫോണുകൾ നൽകി വളരെയധികം ശ്രദ്ധിക്കപ്പെട്ട ബ്രാൻഡാണ് ഐക്യൂ. അതുകൊണ്ടു തന്നെ പുതിയ മോഡലുകൾ പുറത്തിറങ്ങാനും അവയുടെ എല്ലാ സവിശേഷതകളും മനസിലാക്കാനും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.