Photo Credit: Insta360
360 ഡിഗ്രി ഓഡിയോ റെക്കോർഡിംഗിനുള്ള പിന്തുണയുള്ള നാല് മൈക്രോഫോണുകൾ Insta360 X5-ൽ ഉണ്ട്.
ഇന്ത്യയിൽ ഇൻസ്റ്റ360 X5 ചൊവ്വാഴ്ച ലോഞ്ച് ചെയ്തു. ചൈനീസ് ബ്രാൻഡായ ഇൻസ്റ്റ360-യിൽ നിന്നുള്ള ഏറ്റവും പുതിയ 360 ഡിഗ്രി ആക്ഷൻ ക്യാമറയാണിത്. മികച്ച ക്വാളിറ്റിയിൽ ചിത്രങ്ങളും വീഡിയോകളും പകർത്താൻ സഹായിക്കുന്ന 1/1.28 ഇഞ്ച് സെൻസറുകളാണ് ഈ പുതിയ ക്യാമറയിലുള്ളത്. ഇൻസ്റ്റ360 X5-ന്റെ പ്രധാന സവിശേഷതകളിലൊന്ന് സെക്കൻഡിൽ 30 ഫ്രെയിമുകളിൽ (fps) 8K ക്വാളിറ്റിയിൽ 360 ഡിഗ്രി വീഡിയോകൾ ഷൂട്ട് ചെയ്യാനുള്ള കഴിവാണ്. കുറഞ്ഞ വെളിച്ചത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന PureVideo എന്ന സവിശേഷതയും ഇതിൽ ഉൾപ്പെടുന്നു. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു. മാറ്റിസ്ഥാപിക്കാവുന്ന ലെൻസുകളാണ് മറ്റൊരു സവിശേഷത. ലെൻസിന് കേടുപാടുകൾ സംഭവിച്ചാൽ, മുഴുവൻ ക്യാമറയും മാറ്റേണ്ട ആവശ്യം വരുന്നില്ല. ഇൻസ്റ്റ360 X5 മൂന്ന് മണിക്കൂർ വരെ ദൈർഘ്യമേറിയ ബാറ്ററി ലൈഫും നൽകുന്നു. അതിനുപുറമെ, ക്യാമറ 49 അടി (15 മീറ്റർ) വരെ വാട്ടർപ്രൂഫ് ആണ്, അതിനാൽ ഇത് വെള്ളത്തിനടിയിലുള്ള ചിത്രീകരണത്തിനും അനുയോജ്യമാണ്.
ഇന്ത്യയിൽ ഇൻസ്റ്റ360 X5-ന്റെ വില 54,990 രൂപയാണ്. ആമസോണിലൂടെയും ഔദ്യോഗിക ഇൻസ്റ്റ360 വെബ്‌സൈറ്റിലൂടെയും ഇത് വാങ്ങാൻ ലഭ്യമാണ്. അതേസമയം യുഎസിൽ, ഇൻസ്റ്റ360 X5-ന്റെ വില 549.99 ഡോളർ ആണ്, അതായത് ഏകദേശം 46,850 ഇന്ത്യൻ രൂപ.
ഉപഭോക്താക്കൾക്ക് ഇൻസ്റ്റ360 X5 എസൻഷ്യൽസ് ബണ്ടിലും ഇന്ത്യയിൽ വാങ്ങാൻ കഴിയും. ഈ ബണ്ടിലിൽ ഒരു അധിക ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് കേസ്, ഒരു സെൽഫി സ്റ്റിക്ക്, സ്റ്റാൻഡേർഡ് ലെൻസ് ഗാർഡുകൾ, ഒരു ലെൻസ് ക്യാപ്പ്, ഒരു ക്യാരിയിങ്ങ് കേയ്സ് എന്നിവ ഉൾപ്പെടുന്നു. ബണ്ടിലിന്റെ വില ഇന്ത്യയിൽ 67,990 രൂപയും യുഎസിൽ 659.99 ഡോളറുമാണ്, അതായത് ഏകദേശം 56,220 രൂപ.
ഇൻസ്റ്റ360 X4-ന് ശേഷമുള്ള പുതിയ മോഡലാണ് ഇൻസ്റ്റ360 X5. ഇതിന് f/2.0 അപ്പേർച്ചറുള്ള 1/1.28-ഇഞ്ച് ക്യാമറ സെൻസറുകളുണ്ട്. ഇതിന് സെക്കൻഡിൽ 30 ഫ്രെയിമിൽ (fps) 8K ക്വാളിറ്റിയിൽ 360 ഡിഗ്രി വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. ഒരു ലെൻസ് മാത്രം ഉപയോഗിക്കുമ്പോൾ 60 fps-ൽ 4K ക്വാളിറ്റിയിലും ഷൂട്ട് ചെയ്യാം.
360 വീഡിയോ, പ്യുവർ വീഡിയോ (കുറഞ്ഞ വെളിച്ചമുള്ളപ്പോൾ), ടൈംലാപ്സ്, ബുള്ളറ്റ് ടൈം, ലൂപ്പ് റെക്കോർഡിംഗ്, റോഡ് മോഡ്, ടൈംഷിഫ്റ്റ് തുടങ്ങിയ നിരവധി വീഡിയോ മോഡുകളെ ഇൻസ്റ്റ360 X5 പിന്തുണയ്ക്കുന്നു.
മികച്ച ക്വാളിറ്റിയുള്ള 72MP, 18MP ചിത്രങ്ങൾ പകർത്താൻ ഇതിന് കഴിയും. ഫോട്ടോ (HDR സഹിതം), ഇന്റർവൽ, സ്റ്റാർലാപ്സ്, ബർസ്റ്റ് എന്നിവയുൾപ്പെടെ വ്യത്യസ്ത ഫോട്ടോ മോഡുകൾ ഇതിനുണ്ട്. ഇൻസ്റ്റ360 X4-ൽ ഉള്ളതിനേക്കാൾ 144% വലുതാണ് സെൻസറുകൾ.
ക്യാമറ രണ്ട് ഇമേജിംഗ് ചിപ്പുകളും ഒരു 5nm AI ചിപ്പും ഉപയോഗിക്കുന്നു, ഇത് ലോ-ലൈറ്റ് വീഡിയോ മികച്ചതാക്കുന്ന പ്യുവർ വീഡിയോ മോഡിനെ ശക്തിപ്പെടുത്തുന്നു. സ്റ്റെബിലൈസേഷനായി ആറ്-ആക്സിസ് ഗൈറോസ്കോപ്പും ഇതിലുണ്ട്. ഇൻസ്റ്റ360 X5-ൽ കണക്റ്റിവിറ്റിക്കായി Wi-Fi 5, ബ്ലൂടൂത്ത് 5.2 (ലോ എനർജി), USB 3.0 ടൈപ്പ്-സി എന്നിവയുമുണ്ട്.
റീപ്ലേസ്‌മെന്റ് ലെൻസ് കിറ്റ് ഇതിൻ്റെ ഒരു പ്രത്യേക സവിശേഷതയാണ്. ലെൻസുകൾ കേടായാൽ നിങ്ങൾക്ക് അവ മാറ്റാനാകും. കാറ്റിന്റെ ശബ്ദം കുറയ്ക്കുന്നതിന്, ക്യാമറയിലെ നാല് മൈക്രോഫോണുകൾക്ക് മുകളിൽ ഒരു സ്റ്റീൽ മെഷ് ഉണ്ട്. ആക്‌സസറികൾ എളുപ്പത്തിൽ ഘടിപ്പിക്കാനും നീക്കം ചെയ്യാനും കഴിയുന്ന ഒരു മാഗ്നറ്റിക് മൗണ്ട് സിസ്റ്റവും ഇതിലുണ്ട്.
ബാറ്ററി 2,400mAh ആണ്, 20 മിനിറ്റിനുള്ളിൽ 80% വരെ ചാർജ് ചെയ്യാൻ ഇതിനു കഴിയും. എൻഡുറൻസ് മോഡ് ഓണായിരിക്കുമ്പോൾ, ഇതിന് 5.7K/24fps-ൽ 185 മിനിറ്റ് അല്ലെങ്കിൽ 8K/30fps-ൽ 88 മിനിറ്റ് റെക്കോർഡു ചെയ്യാനാകും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 റേറ്റിംഗ് ഉള്ള ഈ ക്യാമറ 49 അടി (15 മീറ്റർ) വരെ ജല പ്രതിരോധശേഷി ഉള്ളതാണ്.
പരസ്യം
പരസ്യം