ഇന്ത്യയിൽ ടെലികോം രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണു റിലയൻസ് ജിയോ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വലിയ തുക നൽകി കുറഞ്ഞ ഡാറ്റ പാക്കുകൾ വാങ്ങിയിരുന്ന കാലത്താണ് സൗജന്യ ഇൻ്റർനെറ്റ് വിപ്ലവം റിലയൻസ് ജിയോ നടത്തുന്നത്. ആ സമയത്ത് ഇൻ്റർനെറ്റ് ഉപയോഗം കൂടുതലുള്ളവരെല്ലാം ജിയോ സിം വാങ്ങുകയും ചെയ്തു. പിന്നീട് തങ്ങളുടെ മാർക്കറ്റിങ്ങ് തന്ത്രത്തിൻ്റെ ഭാഗമായാണ് അതെല്ലാമെന്നു തെളിയിച്ച് ഇൻ്റർനെറ്റ് പ്ലാനുകൾക്കു മെല്ലെ വില വർദ്ധിപ്പിച്ച ജിയോ അടുത്തിടെ റീചാർജ് നിരക്കുകൾ കുത്തനെ ഉയർത്തിയത് ഏറെ ചർച്ചയായി മാറിയിരുന്നു. ജിയോയുടെ ചുവടു പിടിച്ചു മറ്റു ടെലികോം കമ്പനികളും റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കുകയുണ്ടായി. റീചാർജ് പ്ലാനുകളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച ജിയോ അതിനു പിന്നാലെ തങ്ങളുടെ നെറ്റ്ഫ്ലിക്സ് ഉൾപ്പെടുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ തുകയും ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ഫ്രീ നെറ്റ്ഫ്ലിക്സ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കാണ് റിലയൻസ് ജിയോ ഉയർത്തിയിരിക്കുന്നത്.
സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടു കൂടിയ റിലയൻസ് ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് 1299 രൂപ, 1799 രൂപ എന്നീ നിരക്കുകളിലാണ്. ദി ഹിന്ദു പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ പ്ലാനുകൾ നേരത്തെ ലിസ്റ്റ് ചെയ്തിരുന്നത് 1099 രൂപ, 1499 രൂപ എന്നിങ്ങനെയായിരുന്നു. യഥാക്രമം 200 രൂപയും 300 രൂപയുമാണ് ഈ പ്ലാനുകൾക്കു വർദ്ധിപ്പിച്ചിരിക്കുന്നത്. 1299 രൂപയുടെ പ്രീപെയ്ഡ് പാക്കേജിൽ നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ ആണു ലഭ്യമാവുക. അതേസമയം 1799 രൂപയുടെ പാക്കേജിലൂടെ നെറ്റ്ഫ്ലിക്സിൻ്റെ ബേസിക് പ്ലാൻ നേടാൻ കഴിയും.
1299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എടുക്കുന്ന ഉപയോക്താക്കാൾക്ക് നെറ്റ്ഫ്ലിക്സ് ഒരു സ്മാർട്ട്ഫോണിലോ ടാബ്‌ലറ്റിലോ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഒരു സമയത്ത് ഒരു ഡിവൈസിൽ മാത്രമേ നെറ്റ്ഫ്ലിക്സ് ഉപയോഗം നടക്കുകയുള്ളൂ. ഈ പ്ലാനിലൂടെ ലഭിക്കുന്ന നെറ്റ്ഫ്ലിക്സിൻ്റെ വിഷ്വൽ ക്വാളിറ്റിക്കും പരിമിതിയുണ്ട്. പരമാവധി 480p വീഡിയോ ക്വാളിറ്റിയിലാണ് നെറ്റ്ഫ്ലിക്സ് ലഭ്യമാവുക.
അതേസമയം 1799 രൂപയുടെ, ഫ്രീ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ കൂടുതൽ ഡിവൈസുകളിൽ ഉപയോഗിക്കാൻ കഴിയും. സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്, സ്മാർട്ട് ടിവി തുടങ്ങിയവയിലെല്ലാം ഇതുപയോഗിക്കാൻ കഴിയും. ഇതിൻ്റെ സ്ട്രീമിംഗ് ക്വാളിറ്റിയിലും വ്യത്യാസമുണ്ട്. 720p വീഡിയോ ക്വാളിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്.
സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ രണ്ടും 84 ദിവസത്തെ വാലിഡിറ്റിയാണു നൽകുന്നത്. ഇതിനർത്ഥം ഒരു തവണ ഈ റീചാർജ് ചെയ്താൽ മൂന്നു മാസത്തോളം നിങ്ങൾക്കു നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ കഴിയും എന്നാണ്. ഈ പ്ലാനുകൾ നിങ്ങൾ റീചാർജ് ചെയ്താൽ അതിനൊപ്പം അൺലിമിറ്റഡ് 5G കണക്റ്റിവിറ്റി, അൺലിമിറ്റഡ് ടോക്ക് ടൈം, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയെല്ലാം ലഭിക്കും.
ഈ പ്ലാനുകൾ റീചാർജ് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന് നിങ്ങളുടെ പ്രദേശത്ത് 5G കണക്റ്റിവിറ്റി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ്. നിങ്ങളുടെ പ്രദേശത്ത് 5G ലഭ്യത ഇല്ലെങ്കിൽ ഈ പ്ലാനിലൂടെയുള്ള 5G കണക്റ്റിവിറ്റിലും ലഭിക്കില്ല. 1299 രൂപയുടെ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റയും 1799 രൂപയുടെ പ്ലാനിൽ പ്രതിദിനം 3GB ഡാറ്റയുമാണ് ഹൈ സ്പീഡിൽ ലഭിക്കുക. ഈ ഡാറ്റ തീർന്നാൽ ഇൻ്റർനെറ്റ് സ്പീഡ് 64Kbps ആയി കുറയും.
പരസ്യം
പരസ്യം