Photo Credit: BSNL
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം ആരംഭിച്ചു. തിരഞ്ഞെടുത്ത ഏതാനും മേഖലകളിലാണ് ഇതിനു തുടക്കം കുറിച്ചിട്ടുള്ളത്. ഈ പുതിയ സേവനത്തെ IFTV എന്നാണു വിളിക്കുന്നത്. കഴിഞ്ഞ മാസം ബിഎസ്എൻഎല്ലിൻ്റെ പുതിയ ലോഗോക്കൊപ്പമാണ് ഇതടക്കം ആറ് പുതിയ സേവനങ്ങൾ അവതരിപ്പിച്ചത്. IFTV ബിഎസ്എൻഎല്ലിൻ്റെ ഫൈബർ-ടു-ദി-ഹോം (FTTH) നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ മികച്ച നിലവാരത്തിൽ ലൈവ് ടിവി കാണാൻ ഉപയോക്താക്കൾക്കു കഴിയും. ഇതിൽ പേ ടിവി ഫീച്ചറുമുണ്ട്. IFTV കൂടാതെ, ബിഎസ്എൻഎൽ അടുത്തിടെ ഒരു നാഷണൽ വൈ-ഫൈ റോമിംഗ് സേവനവും അവതരിപ്പിച്ചിരുന്നു. ഈ സേവനത്തിലൂടെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ബിഎസ്എൻഎൽ ഹോട്ട്‌സ്‌പോട്ടുകളിലെ അതിവേഗ ഇൻ്റർനെറ്റുമായി തങ്ങളുടെ ഡിവൈസിനെ ബന്ധിപ്പിക്കാനും അതുവഴി മൊബൈൽ ഡാറ്റ ഉപയോഗം കുറക്കാനും കഴിയും.
സാമൂഹ്യമാധ്യമമായ എക്സിലെ (മുൻപ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെയാണ് BSNL അവരുടെ പുതിയ IFTV സേവനം പ്രഖ്യാപിച്ചത്. ഇത് മധ്യപ്രദേശിലെയും തമിഴ്‌നാട്ടിലെയും ഉപഭോക്താക്കൾക്കാണ് ഉയർന്ന നിലവാരമുള്ള സ്ട്രീമിംഗ് വഴി അഞ്ഞൂറിലധികം ലൈവ് ടിവി ചാനലുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കും. റിലയൻസ് ജിയോയുടെയും ഭാരതി എയർടെലിൻ്റെയും അടക്കമുള്ള മറ്റ് ലൈവ് ടിവി സേവനങ്ങളിൽ സ്ട്രീമിംഗിനായി ഉപയോഗിക്കുന്ന ഡാറ്റ ഉപഭോക്താവിൻ്റെ പ്രതിമാസ ഡാറ്റ ക്വാട്ടയിൽ നിന്ന് എടുക്കുന്നതിൽ നിന്നും വ്യത്യസ്തമായി ബിഎസ്എൻഎല്ലിൻ്റെ IFTV സേവനം FTTH പ്ലാനിൽ നിന്ന് ഒരു ഡാറ്റയും കുറയ്ക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. ഉപഭോക്താവിൻ്റെ ഡാറ്റാ പാക്കുകളിൽ നിന്നല്ലാതെ സ്ട്രീമിംഗിനായി BSNL തന്നെ പരിധിയില്ലാത്ത ഡാറ്റ നൽകും.
ലൈവ് ടിവി സേവനം BSNL FTTH ഉപഭോക്താക്കൾക്ക് മാത്രമായി ലഭ്യമാണ്. കൂടാതെ ഇത് അധിക ചിലവുകളൊന്നുമില്ലാതെയാണ് വരുന്നത്. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ZEE5 തുടങ്ങിയ ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളെയും സ്ട്രീമിംഗ് ആപ്ലിക്കേഷനുകളെയും തങ്ങളുടെ സർവീസ് പിന്തുണയ്ക്കുമെന്ന് BSNL സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഈ സേവനത്തിൽ ഗെയിമുകൾ ഉൾപ്പെടും. എന്നിരുന്നാലും, നിലവിൽ ബിഎസ്എൻഎല്ലിൻ്റെ IFTV സേവനം ആൻഡ്രോയിഡ് ടിവികൾക്ക് മാത്രമേ അനുയോജ്യമാകൂ, പ്രത്യേകിച്ച് ആൻഡ്രോയ്ഡ് 10-ലോ അതിനുശേഷമുള്ള എഡിഷനുകളിലോ പ്രവർത്തിക്കുന്ന ടിവികൾക്ക്. ഇതിനെ സപ്പോർട്ട് ചെയ്യുന്ന ടിവികളുള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യാം.
ബിഎസ്എൻഎല്ലിൻ്റെ IFTV സേവനത്തിൻ്റെ വരിക്കാരാകാൻ, ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് സൈൻ അപ്പ് ചെയ്യാം.
പുതിയ IFTV സേവനം ഈ വർഷം ആദ്യം ബിഎസ്എൻഎൽ ആരംഭിച്ച ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) അടിസ്ഥാനമാക്കിയാണ്. സുരക്ഷിതമായ, താങ്ങാനാവുന്ന, വിശ്വസനീയമായ സേവനങ്ങൾ നൽകുകയെന്ന കമ്പനിയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങളുമായി ഇതു പൊരുത്തപ്പെടുന്നു.
പരസ്യം
പരസ്യം