റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു
Photo Credit: Xiaomi
റെഡ്മി പാഡ് 2 നീല, ചാര നിറങ്ങളിൽ ലഭ്യമാണ്
മടിയിൽ കനമില്ലാത്തതു കൊണ്ട് മികച്ചൊരു ടാബ് വാങ്ങാൻ കഴിയാതെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കൊപ്പം റെഡ്മിയുണ്ട്. താങ്ങാവുന്ന വിലയ്ക്ക്, വലിയ സ്ക്രീനും മികച്ച ബാറ്ററി കപ്പാസിറ്റിയുമുള്ള ഒരു ടാബുമായി റെഡ്മി ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട്. റെഡ്മി പാഡ് 2 എന്ന ഈ ടാബ്‌ലറ്റ് ബുധനാഴ്ചയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 11 ഇഞ്ച് വലിപ്പമുള്ള 2.5K ഡിസ്പ്ലേയുമായി എത്തുന്ന ഈ ടാബിൽ 9,000mAh ബാറ്ററിയാണുള്ളത്. 15,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഇതിൻ്റെ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ കഴിയുമെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്. 8GB LPDDR4X റാമുമായി ജോഡിയാക്കിയ 6nm ഒക്ട-കോർ മീഡിയാടെക് ഹീലിയോ G100 അൾട്രാ ചിപ്പ് ഈ ഫോണിനു കരുത്തു നൽകുന്നു. ഗൂഗിളിൻ്റെ സർക്കിൾ ടു സെർച്ചിനെ പിന്തുണക്കുന്ന ആദ്യത്തെ ടാബ്‌ലറ്റ് ആയിരിക്കും ഇതെന്ന് റെഡ്മി അവകാശപ്പെടുന്നു. അധികം ചെലവില്ലാതെ മികച്ച സ്ക്രീനും ബാറ്ററിയും മൾട്ടിമീഡിയ അനുഭവവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് റെഡ്മി പുതിയ ടാബ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിൽ പുറത്തിറങ്ങിയ റെഡ്മി പാഡ് 2-വിൻ്റെ അടിസ്ഥാന മോഡലിന് 13,999 രൂപയാണ് വില വരുന്നത്. ഈ വേരിയന്റിൽ 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്, ഇത് വൈ-ഫൈ മാത്രമേ പിന്തുണയ്ക്കൂ എന്ന കാര്യം ശ്രദ്ധിക്കണം. പ്രധാനമായും വീട്ടിലോ വൈ-ഫൈ ആക്‌സസ് ഉള്ള മറ്റു സ്ഥലങ്ങളിലോ ടാബ്‌ലെറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
വൈ-ഫൈയും 4G കണക്റ്റിവിറ്റിയും ആവശ്യമുള്ള ഉപയോക്താക്കൾക്ക്, രണ്ട് മോഡലുകൾ ലഭ്യമാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജുമുള്ള ടോപ് എൻഡ് മോഡലിന് 17,999 രൂപയുമാണ് വില. മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കും യാത്രയ്ക്കിടെ ഇന്റർനെറ്റ് ആക്‌സസ് ആവശ്യമുള്ളവർക്കും ഈ വേരിയൻ്റുകൾ കൂടുതൽ അനുയോജ്യമാണ്.
റെഡ്മി പാഡ് 2 ബ്ലൂ, ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. ജൂൺ 24 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ ടാബ്‌ലറ്റ് Mi ഒഫീഷ്യൽ ഓൺലൈൻ സ്റ്റോർ, ആമസോൺ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ വാങ്ങാൻ കഴിയും.
ടാബ്‌ലെറ്റിനുള്ള ആക്‌സസറികളും ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി സ്മാർട്ട് പെന്നിൻ്റെ വില 3,299 രൂപയാണ്, റെഡ്മി പാഡ് 2 കവർ 1,299 രൂപയ്ക്കും ലഭ്യമാണ്. ടാബ്‌ലെറ്റ് വിൽക്കുന്ന അതേ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ആക്‌സസറികളും വിൽക്കുന്നത്.
90Hz റിഫ്രഷ് റേറ്റും 11 ഇഞ്ച് വലിപ്പവുമുള്ള 2.5K 10-ബിറ്റ് ഡിസ്പ്ലേയാണ് റെഡ്മി പാഡ് 2-വിലുള്ളത്. ഇതിന് 600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലുണ്ട്. കണ്ണുകളുടെ സംരക്ഷണത്തിനായി ടാബ്‌ലെറ്റിന് ട്രിപ്പിൾ TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുണ്ട്, കൂടാതെ വെറ്റ് ടച്ച് ടെക്നോളജിയെയും ഇതു പിന്തുണയ്ക്കുന്നു.
മീഡിയടെക് ഹീലിയോ G100-അൾട്രാ പ്രോസസർ കരുത്തു നൽകുന്ന ഈ ടാബിൽ 8GB വരെ LPDDR4X റാമും 256GB വരെ ഇന്റേണൽ UFS 2.2 സ്റ്റോറേജുമുണ്ട്. ആൻഡ്രോയ്സ് 15 അടിസ്ഥാനമാക്കിയ ഷവോമിയുടെ ഹൈപ്പർ OS 2.0-ൽ ഇതു പ്രവർത്തിക്കുന്നു. ഫോട്ടോകൾ എടുക്കുന്നതിനും ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനുമായി 8 മെഗാപിക്സൽ റിയർ ക്യാമറയും വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
റെഡ്മി പാഡ് 2-ൽ ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്ന ക്വാഡ്-സ്പീക്കറാണുള്ളത്. വരയ്ക്കുന്നതിനും നോട്ട്സ് എടുക്കുന്നതിനും സ്‌ക്രീനിൽ നാവിഗേറ്റ് ചെയ്യുന്നതിനും ഉപയോഗപ്രദമാകുന്ന സ്മാർട്ട് പെന്നിനെയും ഇത് പിന്തുണയ്ക്കുന്നു. നൂതനമായ സോഫ്റ്റ്‌വെയർ സവിശേഷതകളിൽ ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, ജെമിനി AI ഇൻ്റഗ്രേഷൻ എന്നിവയും ഉൾപ്പെടുന്നു. 9,000mAh ബാറ്ററിയുള്ള ഈ ടാബ്‌ലറ്റ് 18W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 4G, Wi-Fi, ബ്ലൂടൂത്ത്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഒരു USB ടൈപ്പ്-സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.
ആക്‌സിലറോമീറ്റർ, വെർച്വൽ ആംബിയന്റ് ലൈറ്റ് സെൻസർ, ഹാൾ സെൻസർ എന്നീ സെൻസറുകളും ഇതിലുണ്ട്. 254.58 x 166.04 x 7.36mm വലിപ്പവും ഏകദേശം 510 ഗ്രാം ഭാരവുമാണ് ഈ ടാബിനുള്ളത്.
പരസ്യം
പരസ്യം
iQOO 15R Price in India, Chipset Details Teased Ahead of Launch in India on February 24