ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നായ പോക്കോ അവരുടെ ആദ്യത്തെ ടാബ്‌ലറ്റ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പോക്കോ പാഡ് 5G എന്ന പേരിലുള്ള ടാബ്‌ലറ്റ് ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 7s ജെൻ 2 SoC യിലാണ് പ്രവർത്തിക്കുന്നത്. അതിനു പുറമെ ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള HyperOS സജ്ജീകരിച്ചിട്ടുള്ള ഈ ടാബ്‌ലറ്റിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ക്വാഡ് സ്പീക്കർ സിസ്റ്റവുമുണ്ട്.
ഡോൾബി വിഷനും ഡോൾബി അറ്റ്മോസ് സപ്പോർട്ടുമെല്ലാം നൽകി ഏറ്റവും ഗംഭീരമായ ലെവലിൽ തന്നെയാണ് പോക്കോ തങ്ങളുടെ ആദ്യത്തെ ടാബ്‌ലറ്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 33W വയേഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന പോക്കോ പാഡ് 5G ടാബ്‌ലറ്റിന് IP54 റേറ്റിംഗുള്ളതിനു പുറമെ പോക്കോ സ്മാർട്ട് പെൻ, പോക്കോ കീബോർഡ് എന്നിവയുടെ പിന്തുണയോടു കൂടിയാണു വന്നിരിക്കുന്നതും.
പോക്കോ പാഡ് 5G ടാബ്‌ലറ്റിൻ്റെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:
രണ്ടു നിറങ്ങളിലാണ് പോക്കോ പാഡ് 5G ഇന്ത്യയിൽ ലഭ്യമാവുക. കൊബാൾട്ട് ബ്ലൂ, പിസ്താഷിയോ ഗ്രീൻ എന്നീ നിറങ്ങളിൽ ഈ ടാബ്‌ലറ്റ് നിങ്ങൾക്കു സ്വന്തമാക്കാൻ കഴിയും. 8GB RAM + 128GB ഓൺ ബോർഡ് സ്റ്റോറേജുള്ള ടാബ്‌ലറ്റിൻ്റെ വേരിയൻ്റിന് 23999 രൂപയാണ് ഇന്ത്യയിലെ വില. അതേസമയം 8GB RAM + 256GB ഓൺ ബോർഡ് സ്റ്റോറേജുള്ള വേരിയൻ്റിന് 25999 രൂപയാകും.
ലോഞ്ച് ചെയ്തെങ്കിലും പോക്കോ പാഡ് 5G ഓർഡർ ചെയ്യാൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കണം. ഓഗസ്റ്റ് 27 മുതലാണ് ടാബ്‌ലറ്റിൻ്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ടിലൂടെ വിൽപ്പന ആരംഭിക്കുന്ന ടാബ്‌ലറ്റിന് നിരവധി ഓഫറുകൾ ലഭ്യമാണെന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. SBI, HDFC, ICICI എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്ന വ്യക്തികളാണെങ്കിൽ 3000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കാൻ അവസരമുണ്ട്. ഇതിനു പുറമേ സ്റ്റുഡൻ്റ് ഡിസ്കൗണ്ടായി 1000 രൂപയുടെ കിഴിവും പോക്കോ നൽകുന്നു. ഈ ഓഫറുകൾ ആദ്യത്തെ വിൽപ്പന ദിവസം മാത്രമേ ലഭ്യമാകൂ എന്ന കാര്യം ആരും മറക്കാതിരിക്കുക.പോക്കോ പാഡ് 5G ടാബ്‌ലറ്റിൻ്റെ പ്രധാന സവിശേഷതകൾ:
120Hz അഡാപ്റ്റീവ് റീഫ്രഷ് റേറ്റ്, 16:10 ആസ്പക്റ്റ് റേഷ്യോ, 600nits പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവ നൽകുന്ന 12.1 ഇഞ്ച് 2K (2560 x 1600 pixels) LCD സ്ക്രീനാണ് പോക്കോ പാഡ് 5G ടാബ്‌ലറ്റിൽ ഉള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, TUV റീൻലാൻഡ് ട്രിപ്പിൾ സർട്ടിഫിക്കേഷൻ തുടങ്ങിയ സവിശേഷതളോടു കൂടിയാണ് ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നത്.
സ്നാപ്ഡ്രാഗൺ 7s Gen 2 SoC യിൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിൽ 8GB LPDDR4X RAM, 256GB വരെയുള്ള UFS 2.2 ഓൺ ബോർഡ് സ്റ്റോറേജ് എന്നിവയാണുള്ളത്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള HyperOS നൽകിയിട്ടുള്ള ഈ ടാബ്‌ലറ്റിൻ്റെ ഓൺബോർഡ് സ്റ്റോറേജ് മൈക്രോSD കാർഡ് ഉപയോഗിച്ച് 1.5TB വരെ ഉയർത്താനാകും. 8 മെഗാപിക്സൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. അതിനടുത്തു തന്നെ LED ഫ്ലാഷ്ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു. വലതു വശത്തെ ബെസലിൽ സ്ഥാപിച്ചിട്ടുള്ള ഫ്രണ്ട് ക്യാമറക്കും 8 മെഗാപിക്സൽ സെൻസറാണുള്ളത്.
പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP52 റേറ്റിംഗുമായി വരുന്ന ഈ ടാബ്‌ലറ്റിൽ ക്വാഡ് സ്പീക്കർ സിസ്റ്റം, രണ്ടു മൈക്രോഫോൺ, 3.5mm ഹെഡ്ഫോൺ ജാക്ക്, ഡോൾബി അറ്റ്മോസ് സപ്പോർട്ട്, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയുണ്ട്. 33W വയേഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 10000mAh ബാറ്ററിയാണ് ഈ ടാബ്‌ലറ്റിലുള്ളത്. USB ടൈപ്പ് സി പോർട്ട്, ഡ്യുവൽ 5G, വൈഫൈ 6, GPS, ബ്ലൂടൂത്ത് 5.2 എന്നീ കണക്റ്റിവിറ്റിയുള്ള പോക്കോ പാഡ് 5G യുടെ വലിപ്പം 280.0 x 181.5 x 7.52mm, ഭാരം 568 ഗ്രാം എന്നിങ്ങനെയാണ്.