ആപ്പിളിൻ്റെ ഒക്ടോബർ ഇവൻ്റിനായി ടെക് ലോകം കാത്തിരിക്കുന്നു; വിവരങ്ങൾ അറിയാം
Photo Credit: Apple
2023 ഒക്ടോബറിൽ ആപ്പിളിന്റെ ലോഞ്ച് ഇവന്റിനെ 'സ്‌കറി ഫാസ്റ്റ്' എന്ന് വിളിച്ചിരുന്നു
ഐഫോൺ 17 സീരീസ് ഫോണുകൾ പുറത്തിറങ്ങിയതിനു ശേഷം ആപ്പിൾ ആരാധകരുടെ എല്ലാ ശ്രദ്ധയും കമ്പനിയുടെ വരാനിരിക്കുന്ന ഒക്ടോബറിലെ ഇവന്റിലേക്ക് മാറിയിട്ടുണ്ട്. ഈ ആന്വൽ ഇവൻ്റ് ഒക്ടോബർ മാസത്തിലെ ഏതൊക്കെ ദിവസങ്ങളിലാണു നടക്കുകയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധാരണയായി ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഇവൻ്റിൽ ഈ വർഷം, ആപ്പിളിന്റെ ഐപാഡ് പ്രോ, സ്മാർട്ട് ഹോം ഡിവൈസുകളിലെ അപ്‌ഡേറ്റുകൾ എന്നിവക്കായി ആരാധകരും ടെക് പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. M5 ചിപ്പുമായി വരുന്ന പുതിയ ഐപാഡ് പ്രോ, എയർടാഗ് 2, അപ്‌ഡേറ്റ് ചെയ്ത വിഷൻ പ്രോ എന്നിവയും മറ്റ് ചില ഉപകരണങ്ങളും ആപ്പിൾ അവതരിപ്പിച്ചേക്കാമെന്ന് സമീപകാല ലീക്കുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ ഇവന്റിൻ്റെ കൃത്യമായ തീയതി ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കമ്പനിയുടെ മുൻ വർഷങ്ങളിലെ ഷെഡ്യൂൾ അടിസ്ഥാനമാക്കി നമുക്ക് തീയ്യതി ഏകദേശം ഊഹിക്കാൻ കഴിയും. ഈ വർഷം ആപ്പിൾ പുതിയ സാങ്കേതികവിദ്യകൾ എന്തൊക്കെ കൊണ്ടുവരുമെന്ന് കാണാൻ പലരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങളായി, തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രത്യേക പരിപാടികളിലൂടെയും ലളിതമായ പ്രസ് റിലീസുകൾ ഉപയോഗിച്ചും ആപ്പിൾ പുറത്തിറക്കിയിരുന്നു. ഉദാഹരണത്തിന്, 2021 ഒക്ടോബർ 18-ന് കമ്പനി ഒരു ഫാൾ ഇവന്റ് നടത്തുകയും നിരവധി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ M1 ചിപ്പുമായി വരുന്ന മാക്ബുക്ക് പ്രോ മോഡലുകൾ, എയർപോഡ് 3, ഹോംപോഡ് മിനിക്കുള്ള പുതിയ നിറങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
2022-ൽ, ആപ്പിൾ തങ്ങളുടെ സമീപനം മാറ്റി. മുൻ വർഷമുണ്ടായ ലൈവ് പരിപാടിക്ക് പകരം, ഒക്ടോബർ 18-ന് പത്രക്കുറിപ്പുകളിലൂടെ തങ്ങളുടെ പുതിയ പ്രൊഡക്റ്റുകൾ പ്രഖ്യാപിച്ചു. ഈ ഉൽപ്പന്നങ്ങളിൽ M2 ചിപ്പിൽ പ്രവർത്തിക്കുന്ന ഐപാഡ്, 10th ജനറേഷൻ ഐപാഡ്, തേർഡ് ജനറേഷൻ ആപ്പിൾ ടിവി 4K എന്നിവ ഉൾപ്പെടുന്നു.
2023-ൽ വീണ്ടും ലൈവ് ലോഞ്ച് ഇവന്റിലേക്കു തന്നെ ആപ്പിൾ മടങ്ങി. "സ്‌കെയറി ഫാസ്റ്റ്" എന്നായിരുന്നു പരിപാടിയുടെ പേര്. ഒക്ടോബർ 30-ന് നടന്ന ഈ പരിപാടിയിൽ കമ്പനി M3 ചിപ്പിൽ പ്രവർത്തിക്കുന്ന മാക്ബുക്ക് പ്രോയും ഐമാക്കും അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ, M4 ചിപ്പിൽ പ്രവർത്തിക്കുന്ന മോഡലുകളായ മാക്ബുക്ക് പ്രോ, ഐമാക്, മാക് മിനി എന്നിവയുടെ ലോഞ്ചിങ്ങ് ലൈവ് ഇവന്റിനു പകരം ഒരു പ്രസ് റിലീസിലൂടെയും ഒരു ചെറിയ ആമുഖ വീഡിയോയിലൂടെയുമാണ് ആപ്പിൾ പ്രഖ്യാപിച്ചത്. ഈ പാറ്റേണിൽ നിന്നും ഒരു കാര്യം മനസിലാക്കാനാകും. പ്രധാന പ്രൊഡക്റ്റുകൾ ലോഞ്ചു ചെയ്യാൻ ലൈവ് ഇവൻ്റും അതിനിടയിലുള്ള വർഷങ്ങളിൽ പ്രസ് റിലീസുകളുമാണ് ആപ്പിൾ ഉപയോഗിക്കുന്നത്.
പൊതുവേ, ഒക്ടോബർ മധ്യത്തിലാണ് ആപ്പിൾ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാറുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി, ഇതു മാസത്തിൻ്റെ അവസാനത്തിലേക്കു മാറി. ഒക്ടോബർ അവസാന വാരത്തിൽ ആപ്പിൾ അതിന്റെ 2025 ഫാൾ ഇവന്റ് നടത്താൻ സാധ്യതയുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. മുൻ ലോഞ്ചുകളുടെ രീതി പരിഗണിക്കുമ്പോൾ ഒക്ടോബർ 28-നും ഒക്ടോബർ 30-നും ഇടയിൽ ഈ പരിപാടി നടന്നേക്കാം.
ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇവന്റ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ, മിക്കവാറും നവംബർ 7-ന് ആപ്പിൾ പുതിയ പ്രൊഡക്റ്റുകളുടെ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം.
ഈ വിശദാംശങ്ങൾ മുൻ ലോഞ്ച് പാറ്റേണുകളും ഊഹാപോഹങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ആപ്പിൾ ഇതുവരെ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോൺ 17 ലോഞ്ച് പൂർത്തിയായതിനാൽ, ഒക്ടോബർ ഇവൻ്റിൻ്റെ തീയതിയും വരാനിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ആപ്പിൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം