M5 ചിപ്പുള്ള ഐപാഡ് പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിവരങ്ങൾ അറിയാം
Photo Credit: Apple
2025 ഒക്ടോബർ 15-ന് ഇന്ത്യയിൽ അവതരിപ്പിച്ച iPad Pro M5 മോഡലിന്റെ പ്രധാന സവിശേഷതകളും വിലയും ചുരുക്കത്തിൽ
ആപ്പിൾ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, കമ്പനിയുടെ ഏറ്റവും പുതിയ M5 ചിപ്പ് ഘടിപ്പിച്ച ഐപാഡ് പ്രോ ബുധനാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കമ്പനിയുടെ ഏറ്റവും പുതിയ ഹൈ-എൻഡ് ടാബ്‌ലെറ്റായ ഈ മോഡൽ ഒക്ടോബർ അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞ മാസം ഐഫോൺ 17 സീരീസ് പുറത്തിറക്കിയതിനു പിന്നാലെയാണ് ആപ്പിൾ പുതിയ ടാബ്‌ലറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഐപാഡ് പ്രോ നാല് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. 11 ഇഞ്ച് ബേസ് മോഡലിന് OLED ഡിസ്‌പ്ലേയും 5.3mm കനവുമുണ്ട്, അതേസമയം വലിയ 13 ഇഞ്ച് വേരിയൻ്റിന് 5.1mm കനമാണുണ്ടാവുക. രണ്ട് മോഡലുകളിലും മികച്ച പേർഫോമൻസും കാര്യക്ഷമതയും നൽകുന്ന ആപ്പിളിന്റെ പുതിയ M5 ചിപ്പാണുള്ളത്. ഐപാഡ് പ്രോയ്‌ക്കൊപ്പം, ആപ്പിൾ ഏറ്റവും പുതിയ മാക്ബുക്ക് പ്രോയും അവതരിപ്പിച്ചിട്ടുണ്ട്. അതിനും M5 ചിപ്പാണു കരുത്തു നൽകുന്നത്. തങ്ങളുടെ ടാബ്‌ലെറ്റുകളുടെയും ലാപ്‌ടോപ്പുകളുടെയും വേഗത, ഗ്രാഫിക്സ്, മൊത്തത്തിലുള്ള പ്രകടനം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ ചിപ്പിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്.
M5 ചിപ്പ് ഘടിപ്പിച്ച പുതിയ ഐപാഡ് പ്രോയുടെ 11 ഇഞ്ച് വൈ-ഫൈ മോഡലിന് 99,990 രൂപ മുതലാണു വില ആരംഭിക്കുന്നത്. അതേസമയം 11 ഇഞ്ച് വൈ-ഫൈ + സെല്ലുലാർ പതിപ്പിന് 1,19,900 രൂപ വിലവരും. 13 ഇഞ്ച് വൈ-ഫൈ ഓപ്ഷൻ മോഡലിന് 1,29,900 രൂപ മുതൽ വില ആരംഭിക്കുമ്പോൾ ഇതിൻ്റെ വൈ-ഫൈ + സെല്ലുലാർ പതിപ്പിന് 1,49,900 രൂപ മുതലാണു വില.
ഒക്ടോബർ 22-ന് ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തുന്ന ഐപാഡ് പ്രോ ഇപ്പോൾ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ആപ്പിൾ വെബ്‌സൈറ്റ്, ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ, മറ്റ് അംഗീകൃത വിൽപ്പനക്കാർ എന്നിവയിലൂടെ ഇതു വാങ്ങാൻ കഴിയും. ഈ ടാബ്‌ലെറ്റ് 256GB, 512GB, 1TB, 2TB എന്നിങ്ങനെ നാല് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്: ഉപഭോക്താക്കൾക്ക് സ്‌പേസ് ബ്ലാക്ക്, സിൽവർ രണ്ട് നിറങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാം.
M5 ചിപ്പുള്ള ഐപാഡ് പ്രോയിൽ 10-കോർ ജിപിയുവും 16-കോർ ന്യൂറൽ എഞ്ചിനും ഉണ്ട്, 16 ജിബി വരെ റാമും 2 ടിബി വരെ സ്റ്റോറേജും ഇതിനുണ്ട്. 256 ജിബി, 512 ജിബി മോഡലുകൾക്ക് മൂന്ന് പെർഫോമൻസ് കോറുകളുള്ള 9-കോർ സിപിയു നൽകിയപ്പോൾ 1 ടിബി, 2 ടിബി മോഡലുകൾക്ക് നാല് പെർഫോമൻസ് കോറുകളുള്ള 10-കോർ സിപിയു ആണുള്ളത്. ഒക്ടെയ്ൻ എക്‌സിൽ 1.5 മടങ്ങ് വേഗതയുള്ള 3D റെൻഡറിംഗ്, ഫൈനൽ കട്ട് പ്രോയിൽ 1.2 മടങ്ങ് വേഗതയുള്ള വീഡിയോ പ്രോസസ്സിംഗ്, ഡ്രോ തിംഗ്‌സിൽ 2 മടങ്ങ് വേഗതയുള്ള AI ഇമേജ് ജനറേഷൻ, ഡാവിഞ്ചി റിസോൾവിൽ 2.3 മടങ്ങ് വേഗതയുള്ള AI വീഡിയോ അപ്‌സ്‌കേലിംഗ് എന്നിവയുള്ള M5 ചിപ്പ് M4 ചിപ്പിനേക്കാൾ വേഗതയേറിയതാണെന്ന് ആപ്പിൾ പറയുന്നു.
ഇത് വൈ-ഫൈ 7, ബ്ലൂടൂത്ത് 6, C1X സെല്ലുലാർ മോഡം, N1 വയർലെസ് ചിപ്പ് എന്നിവയെ പിന്തുണയ്ക്കുന്നു. 13 ഇഞ്ച് അൾട്രാ റെറ്റിന XDR OLED ഡിസ്‌പ്ലേ, പ്രോമോഷൻ (120Hz), ട്രൂ ടോൺ, 1,600 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എന്നിവയും ഐപാഡ് പ്രോയിലുണ്ട്. 12MP ഉള്ള ഇതിലെ റിയർ ക്യാമറയിൽ 5x ഡിജിറ്റൽ സൂം ചെയ്യാനും 60 fps-ൽ 4K വീഡിയോ റെക്കോർഡു ചെയ്യാനും കഴിയും. ഫ്രണ്ട് സെന്റർ സ്റ്റേജ് ക്യാമറയും 12MP ആണ്, 60 fps-ൽ 1080p വീഡിയോ റെക്കോർഡു ചെയ്യാനും ഇതിനു കഴിയും.
ഐപാഡ് പ്രോ 11 ഇഞ്ച് മോഡലിന് 31.29Wh ബാറ്ററിയുണ്ട്, ഇത് 10 മണിക്കൂർ വരെ വെബ് അല്ലെങ്കിൽ വീഡിയോ യൂസേജ് ഉറപ്പു നൽകുന്നു. ആപ്പിളിന്റെ 70W USB-C പവർ അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും. 11 ഇഞ്ച് മോഡലിന് 249.7×177.5×5.3mm വലിപ്പവും 444g ഭാരവുമുണ്ട്. 13 ഇഞ്ച് മോഡലിന് 281.6×215.5×5.1mm വലിപ്പവും 579 ഗ്രാം ഭാരവുമാണുള്ളത്.
പരസ്യം
പരസ്യം