Photo Credit: Xiaomi
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയുടെ K80 സീരീസ് ഈ ആഴ്ച അവസാനം ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. 120W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന ശക്തമായ 6,000mAh ബാറ്ററിയാണ് ഈ ഫോണിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. അതേസമയം, ഒരു ചൈനീസ് ടിപ്‌സ്റ്റർ പുറത്തു വിട്ട ചില വിവരങ്ങൾ ഷവോമി പുറത്തിറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന പുതിയ ഫോണിനെക്കുറിച്ചുള്ള ആകാംക്ഷകൾ വർദ്ധിപ്പിക്കുന്നതാണ്. 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 7,000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനാണ് ഷവോമി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗെയിമിംഗ്, മൾട്ടിടാസ്‌കിംഗ് എന്നിവയെ പിന്തുണക്കുന്ന മികച്ച പെർഫോമൻസ് ഉറപ്പാക്കുന്ന സ്‌നാപ്ഡ്രാഗൺ 8s എലീറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഈ ഫോണിൽ ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊരു വിവരവും ഇല്ലെങ്കിലും പുറത്തു വന്ന റിപ്പോർട്ടുകൾ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം നൽകുന്നതാണ്.
7,000mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്‌ഫോൺ ഷവോമി വികസിപ്പിക്കുന്നുണ്ടെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്റർ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഈ ഫോൺ ഒരു പുതിയ, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത SM8735 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് അഭ്യൂഹമുണ്ട്. ഈ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 8s ജെൻ 3-യുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് സ്‌നാപ്ഡ്രാഗൺ 8s എലീറ്റ് അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 എന്ന് പേരിടാനാണു സാധ്യത.
ഷവോമിയുടെ ഈ ഫോൺ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു. മികച്ച സവിശേഷതകൾ ഉണ്ടെങ്കിലും, ഇതൊരു മിഡ് റേഞ്ച് വിലയുള്ള ഉപകരണമായിട്ടാവും അവതരിപ്പിക്കുക.
എന്നിരുന്നാലും, 7,000mAh ബാറ്ററി ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോൺ ഇതായിരിക്കില്ല. സാംസങ്ങ്, ടെക്നോ, ഐടെൽ, ഔകിറ്റൽ പോലുള്ള ബ്രാൻഡുകൾ ഇതിലും വലിയ ബാറ്ററികളുള്ള ഫോണുകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ഇത് മുഖ്യധാരാ ആൻഡ്രോയിഡ് ഫോണുകളിൽ ഉണ്ടാകാറുള്ള ബാറ്ററി ശേഷി കണക്കാക്കുമ്പോൾ മികച്ചൊരു പുരോഗതിയായിരിക്കും.
വൺപ്ലസ്, റിയൽമി, ഹോണർ തുടങ്ങിയ നിരവധി ചൈനീസ് ബ്രാൻഡുകൾ ഇപ്പോൾ തങ്ങളുടെ ഫോണുകളിൽ സിലിക്കൺ അധിഷ്ഠിത ബാറ്ററികൾ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ ബാറ്ററികൾ ഉയർന്ന ഊർജ്ജ സാന്ദ്രത നൽകുന്നു, അതായത് വലിപ്പമോ ഭാരമോ വർദ്ധിപ്പിക്കാതെ കൂടുതൽ ഊർജ്ജം സംഭരിക്കാൻ കഴിയും.
7,000mAh ബാറ്ററിയുള്ള ഒരു ഫോൺ പുറത്തിറക്കാനുള്ള പദ്ധതികൾ ഷവോമി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഈ വിവരങ്ങൾ ഇപ്പോൾ അഭ്യൂഹമായി മാത്രമേ കണക്കാക്കാൻ കഴിയൂ.
അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് 13 ഫോണിൽ 6,000mAh ബാറ്ററിയായിരുന്നു. അതേസമയം ഐക്യൂ 13 ഹാൻഡ്സെറ്റിൻ്റെ ചൈനീസ് പതിപ്പ് കുറച്ചു കൂടി വലിയ 6,150mAh ബാറ്ററിയാണ് അവതരിപ്പിക്കുന്നത്. ഇതിനു പുറമെ, വരാനിരിക്കുന്ന റിയൽമി നിയോ 7 ഫോണിൽ 7,000mAh ബാറ്ററി ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ, റിയൽമി ജിടി 7 പ്രോയുടെ ചൈനീസ് പതിപ്പിൽ 6,500mAh ബാറ്ററിയാണ്.
മിക്ക ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകളിലും നിലവിൽ 5,000mAh ബാറ്ററികൾ ഉണ്ട്. വരാനിരിക്കുന്ന റെഡ്മി K80 സീരീസിൽ 6,000mAh ബാറ്ററിയാണു സജ്ജീകരിക്കുന്നത്. ഇത് 120W ഫാസ്റ്റ് വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണക്കന്നതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
പരസ്യം
പരസ്യം