ചൈനീസ് കമ്പനിയായ ട്രാൻഷൻ ഹോൾഡിംഗ്സ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്കു ചിലപ്പോൾ അത്ര പരിചിതമായിരിക്കില്ലെങ്കിലും അവർ പുറത്തിറക്കുന്ന മൊബൈൽഫോൺ ബ്രാൻഡുകൾ വളരെ പരിചിതമായിരിക്കും എന്നുറപ്പാണ്. ഇൻഫിനിക്സ്, ഐടെൽ തുടങ്ങിയ ബ്രാൻഡുകളിൽ സ്മാർട്ട്ഫോണുകൾ ഇറക്കുന്നത് ട്രാൻഷൻ ഹോൾഡിംഗ്സാണ്. ഇന്ത്യയിൽ കുറഞ്ഞ വിലയും മികച്ച ഫീച്ചേഴ്സുമുള്ള സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്നു മനസിലാക്കി തന്നെയാണ് ഇത്തരം ഹാൻഡ്സെറ്റുകൾ വിപണിയിൽ ഇറക്കുന്നതിൽ അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സാധാരണക്കാർക്ക് പ്രാപ്യമായ വിലയിലുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ട്രാൻഷൻ ഹോൾഡിംഗിൻ്റെ മറ്റൊരു ബ്രാൻഡാണ് ടെക്‌നോ. അവരുടെ ടെക്നോ സ്പാർക്ക് സീരീസിൽ വരുന്ന സ്മാർട്ട്ഫോണുകൾ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സീരീസിൻ്റെ ഭാഗമായി അവർ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡൽ 4G സ്മാർട്ട്ഫോണാണ് ടെക്നോ സ്പാർക്ക് ഗോ 1.
നാലു സ്റ്റോറേജ് ഓപ്ഷനിലും രണ്ടു നിറങ്ങളിലുമാണ് ടെക്നോ സ്പാർക്ക് ഗോ 1 മോഡലുകൾ വിപണിയിലേക്കു വരുന്നത്. 8GB RAM വരെയുള്ള വേരിയൻ്റുകളിൽ ലഭ്യമാവുന്ന ഈ ഹാൻഡ്സെറ്റിൽ Unisoc T615 SoC യാണുള്ളത്. 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയും 5000mAh ബാറ്ററിയും അടക്കം നിരവധി മികച്ച ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിലുണ്ട്.
ടെക്‌നോ സ്പാർക്ക് ഗോ 1 ൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ:
ടെക്നോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ മോഡലുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഉണ്ടെങ്കിലും വില, ലഭ്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല. നേരത്തെ പുറത്തു വന്ന ചില റിപ്പോർട്ടുകളിൽ 9000 രൂപയിൽ താഴെയാകും ഇതിൻ്റെ അടിസ്ഥാന മോഡലിൻ്റെ വിലയെന്ന സൂചനകൾ ഉണ്ടായിരുന്നു.
എന്തായാലും വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം രണ്ടു നിറങ്ങളിലാണ് ടെക്നോ സ്പാർക്ക് ഗോ 1 എത്തുന്നത്. ഗ്ലിറ്ററി വൈറ്റ്, സ്റ്റാർട്രയൽ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഹാൻഡ്സെറ്റ് നാലു RAM + സ്റ്റോറേജ് കോൺഫിഗറേഷനിൽ ലഭ്യമാകും. 6GB RAM + 64GB സ്റ്റോറേജ്, 6GB RAM + 128GB സ്റ്റോറേജ്, 8GB RAM + 64GB സ്റ്റോറേജ്, 8GB RAM + 128GB സ്റ്റോറേജ് എന്നീ വേരിയൻ്റുകളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്.ടെക്നോ സ്പാർക്ക് ഗോ 1 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:
ആൻഡ്രോയ്‌ഡ് 14 ഗോ എഡിഷനിലാണ് ടെക്നോ സ്പാർക്ക് ഗോ 1 പ്രവർത്തിക്കുന്നത്. 120Hz റീഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ (720x1200 pixels) ഡിസ്പ്ലേയാണ് ഇതിലുണ്ടാവുക. ഡിസ്പ്ലേയുടെ മുകളിൽ, നടുഭാഗത്തായി ഒരു സുഷിരം നൽകി ഫ്രണ്ട് ക്യാമറ അവിടെ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് ക്യാമറ കട്ട് ഔട്ടിനു ചുറ്റും നോട്ടിഫിക്കേഷനുകൾ പ്രദർശിപ്പിക്കുന്ന രീതിയിലുള്ള ഡൈനാമിക് പോർട്ട് ഫീച്ചറും ഇതിലുണ്ട്. Unisoc T615 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ടെക്നോ സ്പാർക്ക് ഗോ 1 ലുള്ള മെമ്മറി ഫ്യൂഷൻ ടെക്നോളജി വഴി 8GB ഓൺ ബോർഡ് RAM മെമ്മറി 16GB വരെയാക്കി വർദ്ധിപ്പിക്കാൻ കഴിയും.
ക്യാമറ യൂണിറ്റിൻ്റെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് ടെക്നോ സ്പാർക്ക് ഗോ 1 സ്മാർട്ട്ഫോണിൽ ഉള്ളത്. 13 മെഗാപിക്സൽ സെൻസറുള്ള പ്രൈമറി ക്യാമറയും ഡ്യുവൽ ഫ്ലാഷും റിയർ ക്യാമറ യൂണിറ്റിൽ അടങ്ങിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡ്യുവൽ ഫ്ലാഷുള്ള 8 മെഗാപിക്സൽ ക്യാമറ മുൻവശത്തും സജ്ജീകരിച്ചിട്ടുണ്ട്.
DTS സൗണ്ടുള്ള ഡ്യുവൽ സ്പീക്കേഴ്സുമായി എത്തുന്ന ഈ സ്മാർട്ട്ഫോണിന് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ lP54 റേറ്റിംഗാണുള്ളത്. 15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററി ഇതിൽ അടങ്ങിയിരിക്കുന്നു. ബാറ്ററി യൂണിറ്റ് 60 ദിവസത്തെ സ്റ്റാൻഡ്ബൈ ടൈമും ഒരൊറ്റ ചാർജിംഗിൽ 31 മണിക്കൂർ കോളിംഗ് ടൈമും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ 4G സ്മാർട്ട്ഫോൺ ലാഗ് ഇല്ലാതെ നാലു വർഷം പ്രവർത്തിക്കുമെന്ന വാഗ്ദാനവും കമ്പനി നൽകുന്നുണ്ട്.