കഴിഞ്ഞ ദിവസമാണ് സാംസങ്ങ് അവരുടെ ബഡ്ജറ്റ് സ്മാർട്ട്ഫോണായ ഗാലക്സി F05 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അതിനു പിന്നാലെ സാംസങ്ങിൻ്റെ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിക്കപ്പെടാൻ പോവുകയാണ്. മിഡ് റേഞ്ചിലുള്ള സ്മാർട്ട്ഫോണായ സാംസങ്ങ് ഗാലക്സി M55s ആണ് സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഇതിൻ്റെ തീയ്യതി അടക്കം തീരുമാനിച്ചു കഴിഞ്ഞു. ഗാലക്സി M സീരീസിൻ്റെ ഭാഗമായി പുറത്തിറങ്ങുന്ന ഈ ഹാൻഡ്സെറ്റ് രണ്ടു നിറങ്ങളിലാണ് ലഭ്യമാവുക. 120Hz റീഫ്രഷ് റേറ്റുള്ള 6.75 ഇഞ്ചിൻ്റെ ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്ന ഈ ഹാൻഡ്സെറ്റിൽ 50 മെഗാപിക്സൽ സെൻസറുള്ള പ്രൈമറി റിയർ ക്യാമറയാണു നൽകിയിരിക്കുന്നത്. സെൽഫി ക്യാമറക്കും അതേ റെസലൂഷൻ തന്നെയാണുള്ളത്. ഇതിൻ്റെ മുൻഗാമിയായ സാംസങ്ങ് ഗാലക്സി M55 ഈ വർഷത്തിൻ്റെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.
സാംസങ്ങ് ഗാലക്സി M55s സ്മാർട്ട്ഫോണിൻ്റെ ഇന്ത്യയിലെ ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു:
തങ്ങളുടെ ഏറ്റവും പുതിയ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണായ Galaxy M55s സെപ്റ്റംബർ 23 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് സാംസങ്ങ് സ്ഥിരീകരിച്ചത്. കോറൽ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നീ രണ്ട് സ്റ്റൈലിഷ് കളർ ഓപ്ഷനുകളിലാണു ഫോൺ പുറത്തിറങ്ങുകയെന്നും കമ്പനി വെളിപ്പെടുത്തി. ഡിസൈനും കളർ ചോയ്‌സുകളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, Galaxy M55s ഹാൻഡ്സെറ്റിൻ്റെ RAM, സ്റ്റോറേജ് കോൺഫിഗറേഷനുകളെ സംബന്ധിച്ച വിശദാംശങ്ങൾ സാംസങ് ഇതുവരെ നൽകിയിട്ടില്ല. ഫോണിൻ്റെ സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് തീയതിയോടടുത്ത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.സാംസങ്ങ് ഗാലക്സി M55s സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ:
ആമസോണിലെ ഒരു മൈക്രോസൈറ്റിൽ സാംസങ് ഗാലക്‌സി M55s സ്മാർട്ട്ഫോണിനെ സംബന്ധിച്ച ചില വിശദാംശങ്ങൾ ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ വന്നിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന് 6.7 ഇഞ്ച് സൂപ്പർ AMOLED+ ഡിസ്‌പ്ലേ, 120Hz റീഫ്രഷ് റേറ്റ് 1000 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവ ഉണ്ടായിരിക്കും. ഏപ്രിലിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ മുൻഗാമിയായ ഗാലക്‌സി M55 സ്മാർട്ട്ഫോൺ മോഡലിനു സമാനമായ രീതിയിൽ 7.8mm കനമാണ് ഈ ഫോണിനും ഉണ്ടാവുകയെന്നും സാംസങ് പരാമർശിച്ചു.
ക്യാമറയെ കുറിച്ചുള്ള വിവരങ്ങളും സാംസങ് പങ്കുവെച്ചിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സലുള്ള അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമുള്ള റിയർ ക്യാമറ യൂണിറ്റുമായാണ് സാംസങ്ങ് ഗാലക്സി M55s ഇന്ത്യയിലേക്കു വരുന്നത്. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സാംസങ്ങിൻ്റെ 'നൈറ്റ്ഗ്രാഫി' ഫീച്ചറും സ്ഥിരതയുള്ള ഷോട്ടുകൾക്കായി 'നോ ഷേക്ക് കാം' മോഡും ഇതിൽ നൽകിയിട്ടുണ്ട്.
മികച്ച സെൽഫികൾ എടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന 50 മെഗാപിക്സൽ സെൻസറുള്ള ഫ്രണ്ട് ക്യാമറയാണ് ഗാലക്‌സി M55s ഹാൻഡ്സെറ്റിൽ ഉണ്ടാവുകയെന്നും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രണ്ട് ക്യാമറയും റിയർ ക്യാമറകളും ഉപയോഗിച്ച് ഒരേ സമയം വീഡിയോ റെക്കോർഡ് ചെയ്യാനും ചിത്രങ്ങൾ എടുക്കാനും ഫോൺ ഉപയോക്താക്കളെ അനുവദിക്കുമെന്ന സവിശേഷത ഇതിനുണ്ടെന്നതു ശ്രദ്ധേയമാണ്. ഗാലക്സി M55s സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതിൻ്റെ ഔദ്യോഗിക റിലീസിന് മുമ്പുള്ള ദിവസങ്ങളിൽ പുറത്തു വരും എന്നാണു പ്രതീക്ഷിക്കുന്നത്.