ബജറ്റ് ഫോണായ റെഡ്മി 15C 5G ഇന്ത്യയിൽ എത്തി; വിലയും സവിശേഷതകളും അറിയാം
ഇന്ത്യയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത റെഡ്മി 15C 5G ഫോണിൻ്റെ വില, സവിശേഷതകൾ അറിയാം
സെപ്റ്റംബറിൽ ചില ആഗോള വിപണികളിൽ ആദ്യമായി ലോഞ്ച് ചെയ്തതിനു ശേഷം റെഡ്മിയുടെ മറ്റൊരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ റെഡ്മി 15C 5G കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ജനുവരി ആദ്യത്തോടെ ലോഞ്ച് ചെയ്ത റെഡ്മി 14C-യുടെ അപ്ഗ്രേഡ് ആയാണ് ഈ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. കുറഞ്ഞ വിലയ്ക്ക് 5G ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുന്ന റെഡ്മി മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ഉപയോഗിച്ചാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഇത് 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. റെഡ്മി 15C 5G-യിൽ 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗാണ് ഈ ഫോണിനുള്ളത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6,000mAh വലിയ ബാറ്ററിയുമായി ഈ ഫോൺ എത്തും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 15C 5G-യുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 12,499 രൂപയിൽ വില ആരംഭിക്കുന്നു. 13,999 രൂപ വിലയുള്ള 6 ജിബി റാം വേരിയൻ്റ്, 15,499 രൂപ വിലയുള്ള 8 ജിബി റാം വേരിയൻ്റ് എന്നിങ്ങനെ റെഡ്മി രണ്ട് പതിപ്പുകൾ കൂടി വിൽക്കുന്നുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, ഫോൺ മിഡ്നൈറ്റ് ബ്ലാക്ക്, മൂൺലൈറ്റ് ബ്ലൂ, ഡസ്ക് പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഡിസംബർ 11 മുതൽ ആമസോൺ, ഷവോമി ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് റെഡ്മി 15C 5G വാങ്ങാൻ കഴിയും.
റെഡ്മി 15C 5G രണ്ട് നാനോ സിം കാർഡുകളെ പിന്തുണയ്ക്കുന്ന ഡ്യുവൽ സിം സ്മാർട്ട്ഫോണാണ്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2-ൽ പ്രവർത്തിക്കുന്നു. രണ്ട് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി മെയിൻ്റനൻസ് റിലീസുകളും ഫോണിന് ലഭിക്കുമെന്ന് കമ്പനി പറയുന്നു. 720x1,600 പിക്സൽ റെസല്യൂഷനുള്ള വലിയ 6.9 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഇത് അഡാപ്റ്റീവ്സിങ്ക് ടെക്നോളജി ഉപയോഗിക്കുന്നു, കൂടാതെ 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും പിന്തുണയ്ക്കുന്നു. സ്ക്രീനിന് 810nits വരെ ബ്രൈറ്റ്നസ് കൈവരിക്കാൻ കഴിയും. കൂടാതെ ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ പെർഫോമൻസ്, സർക്കാഡിയൻ-ഫ്രണ്ട്ലി വ്യൂവിംഗ് എന്നിവയ്ക്കായി TUV റൈൻലാൻഡ് സർട്ടിഫിക്കേഷൻസും ഉണ്ട്.
റെഡ്മി 15C 5G 8GB വരെ LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജും നൽകുന്നു. മികച്ച പെർഫോമൻസിനായി 8GB വരെ വെർച്വൽ റാം ഉപയോക്താക്കൾക്ക് കൂട്ടിച്ചേർക്കാം. f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ AI ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.
കമ്പനി പറയുന്നതനുസരിച്ച്, ഫോണിന് 171.56 x 79.47 x 8.05mm വലിപ്പവും 211 ഗ്രാം ഭാരവുമുണ്ട്. 3.5mm ഹെഡ്ഫോൺ ജാക്ക്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഒരു IR ബ്ലാസ്റ്റർ, ഒരു ആംബിയന്റ് ലൈറ്റ് സെൻസർ, ഒരു ഇ-കോമ്പസ്, ഒരു ആക്സിലറോമീറ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കാൻ ഇതിന് IP64 റേറ്റിംഗും ഉണ്ട്.
കണക്റ്റിവിറ്റിക്കായി, റെഡ്മി 15C 5G 5G, 4G, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയെ പിന്തുണയ്ക്കുന്നു. 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്
പരസ്യം
പരസ്യം