Photo Credit: Realme
നിരവധി പേരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ റിയൽമി അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ റിയൽമി GT 7 പ്രോ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. 2022-ൽ കമ്പനി തങ്ങളുടെ മുൻ ജിടി പ്രോ മോഡലായ റിയൽമി GT 2 പ്രോ അവതരിപ്പിച്ച് രണ്ട് വർഷം കഴിഞ്ഞാണ് ഏറെ പ്രതീക്ഷ നൽകുന്ന പുതിയ ലോഞ്ചിങ്ങ്. റിയൽമി GT 7 പ്രോ അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ അപ്‌ഗ്രേഡുകൾ നൽകുന്നു, മെച്ചപ്പെട്ട സവിശേഷതകളും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു. കുറച്ച് കാലത്തേക്ക് GT 7 പ്രോക്ക് മാത്രമായുള്ള ഹാർഡ്‌വെയർ ഇതു നൽകുന്നു. അതുകൊണ്ടു തന്നെ മുൻ മോഡലിനേക്കാൾ ചിലവേറിയതാണ് GT 7 പ്രോ. അത്യാധുനിക സാങ്കേതികവിദ്യയും ടെക് പ്രേമികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സവിശേഷതകളും ഉപയോഗിച്ച് പ്രീമിയം സ്മാർട്ട്‌ഫോൺ സെഗ്‌മെൻ്റിൽ മത്സരിക്കാൻ GT 7 പ്രോ ലക്ഷ്യമിടുന്നതിനാൽ, ഈ ലോഞ്ച് റിയൽമിയെ സംബന്ധിച്ച് ഒരു പ്രധാന ചുവടുവെപ്പാണ്.
റിയൽമി ജിടി 7 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 59,999 രൂപയാണു വില വരുന്നത്. 16 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള വേരിയൻ്റും ഈ ഫോണിനുണ്ട്. അതിൻ്റെ വില 65,999 രൂപയാണ്.
നവംബർ 29 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വാങ്ങാൻ ലഭ്യമാകും. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ആമസോണിൽ നിന്നോ നിങ്ങൾക്ക് ഇത് വാങ്ങാം. മാർ സ് ഓറഞ്ച്, ഗാലക്സി ഗ്രേ എന്നീ രണ്ടു കളർ ഓപ്ഷനുകളിലാണ് GT 7 പ്രോ ലഭ്യമാവുക.
120Hz റീഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് ഫുൾ HD+ LTPO AMOLED ഡിസ്‌പ്ലേയാണ് റിയൽമി GT 7 പ്രോയിലുള്ളത്. ക്വാഡ്-കർവ്ഡ് ഡിസൈനിലുള്ള സ്ക്രീൻ ഡോൾബി വിഷൻ, HDR10+ എന്നിവയെ പിന്തുണയ്ക്കുന്നു. എജി ഗ്ലാസ് റിയൽ പാനലുള്ള ഫോണിൻ്റെ ബോഡി അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP69 റേറ്റിംഗ് നൽകിയിരിക്കുന്നു. ഈ ഫോണിന് 162.45 x 76.89 x 8.55mm വലിപ്പവും ഏകദേശം 222 ഗ്രാം ഭാരവുമാണുള്ളത്.
പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് റിയൽമി GT 7 പ്രോ. ഈ ചിപ്‌സെറ്റ് ഒരു നൂതന 3nm നിർമ്മാണ പ്രക്രിയ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. പല ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിലും കാണുന്ന സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്പിനേക്കാൾ മികച്ച പ്രകടനവും കാര്യക്ഷമതയും ഇതു വാഗ്ദാനം ചെയ്യുന്നു. ഇത് 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 സ്റ്റോറേജും നൽകുന്നു.
മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ഫോണിന് ശക്തമായ ക്യാമറ സംവിധാനവുമുണ്ട്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ (സോണി IMX906), 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ (Sony IMX882), 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ (Sony IMX355) എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Realme UI 6.0-ലാണ് റിയൽമി GT 7 പ്രോ പ്രവർത്തിക്കുന്നത്. ഉപകരണത്തിന് ദീർഘകാല പിന്തുണ ഉറപ്പാക്കാൻ മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും റിയൽമി വാഗ്ദാനം ചെയ്യുന്നു.
GT 7 പ്രോയുടെ ചൈന മോഡലിന് 6,500mAh ബാറ്ററിയാണ് ഉള്ളതെങ്കിലും ഇന്ത്യൻ പതിപ്പിന് 5,800mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ബാറ്ററി കപ്പാസിറ്റി കുറവാണെങ്കിലും ചൈനയിൽ ഇറങ്ങിയ മോഡൽ പോലെ തന്നെ 120W ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു. കൂടാതെ 30 മിനിറ്റിനുള്ളിൽ 1 ശതമാനം ചാർജിൽ നിന്നും 100 ശതമാനം ചാർജിലേക്ക് എത്താൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു.
പരസ്യം
പരസ്യം