ഇന്ത്യയിൽ പോക്കോ C85 5G ഡിസംബർ 9-ന് എത്തും; ലോഞ്ച് തീയ്യതി സ്ഥിരീകരിച്ചു
Photo Credit: Flipkart
പോക്കോ C85 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതിയും ഫോണിൻ്റെ സവിശേഷതകളും അറിയാം
ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടിയുള്ള ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ ആകുമെന്നു പ്രതീക്ഷിക്കുന്ന പോക്കോ C85 5G ഡിസംബർ രണ്ടാം വാരത്തിൽ ഇന്ത്യയിൽ എത്തുമെന്ന് പോക്കോ സ്ഥിരീകരിച്ചു. രാജ്യത്ത് ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട ആദ്യ ടീസർ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് കമ്പനി ചൊവ്വാഴ്ച ഇതെക്കുറിച്ചു പ്രഖ്യാപനം നടത്തിയത്. ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തിയതിനു പുറമെ, ബാറ്ററി കപ്പാസിറ്റി, ചാർജിംഗ് സപ്പോർട്ട് എന്നിങ്ങനെ വരാനിരിക്കുന്ന മോഡലിന്റെ നിരവധി പ്രധാന സവിശേഷതകളും പോക്കോ പങ്കുവെച്ചിട്ടുണ്ട്. വിൽപ്പന ആരംഭിച്ചു കഴിഞ്ഞാൽ ഫോണിൻ്റെ ലഭ്യത കാണിക്കുന്ന ഒരു ഡെഡിക്കേറ്റഡ് മൈക്രോസൈറ്റ് ഇതിനകം ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലൈവ് ആയിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്തിൻ്റെ ഡിസൈനിനെ കുറിച്ചും ബ്രാൻഡ് സൂചന നൽകുന്നു. ടീസർ അനുസരിച്ച്, പുതിയ സി സീരീസ് ഫോണിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉണ്ടായിരിക്കുക. ഫോണിൻ്റെ വിലയെക്കുറിച്ച് യാതൊരു സൂചനയും ലഭ്യമല്ലെങ്കിലും ബജറ്റ് ഫ്രണ്ട്ലി ഹാൻഡ്സെറ്റ് ആയിരിക്കുമെന്ന പ്രതീക്ഷയോടെ ഏവരും കാത്തിരിക്കയാണ്.
ഡിസംബർ 9-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ പോക്കോ C85 5G ലോഞ്ച് ചെയ്യുമെന്ന് പോക്കോ പ്രഖ്യാപിച്ചു. ലോഞ്ച് തീയതിയോടൊപ്പം, ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. പോക്കോ C85 5G വലിയ 6,000mAh ബാറ്ററിയുമായി വരും. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനു പുറമെ 10W വയർഡ് റിവേഴ്സ് ചാർജിംഗും വാഗ്ദാനം ചെയ്യും. റിവേഴ്സ് ചാർജിങ്ങിലൂടെ ഈ ഫോണിന്റെ ബാറ്ററി ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും. ടീസറിൽ കാണിച്ചിരിക്കുന്ന ഡിസൈൻ, പോക്കോ ബ്രാൻഡിംഗ് റിയർ പാനലിൽ ലംബമായി സ്ഥാപിക്കുമെന്ന് വ്യക്തമാക്കുന്നു. ഹാൻഡ്സെറ്റിൻ്റെ പിൻഭാഗത്ത് മുകളിൽ വലത് കോണിലായി സ്ഥാപിച്ചിരിക്കുന്ന ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ടായിരിക്കും.
പോക്കോ C85 5G-യുടെ മിക്ക സ്പെസിഫിക്കേഷനുകളും കമ്പനി ഇപ്പോഴും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഫോണിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് അവർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രധാന ക്യാമറ 50 മെഗാപിക്സൽ AI ഷൂട്ടർ ആയിരിക്കും. ഫ്ലിപ്കാർട്ട് വഴി ഫോൺ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പർപ്പിൾ കളർ ഓപ്ഷനിലാകും ഫോൺ എത്തുകയെന്നും സൂചനകളുണ്ട്. ചിപ്സെറ്റ്, ഡിസ്പ്ലേ, ഇന്ത്യയിലെ വില തുടങ്ങിയ മറ്റ് വിശദാംശങ്ങൾ പോക്കോ ഉടനെ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
പോക്കോ C85 5G ഗൂഗിൾ പ്ലേ കൺസോളിൽ 2508CPC2BI എന്ന മോഡൽ നമ്പറിൽ പ്രത്യക്ഷപ്പെട്ടതായി അടുത്തിടെ വന്ന ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ഈ ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്ഫോണിന് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആയിരിക്കും. ഈ ചിപ്സെറ്റിൽ രണ്ട് ആം കോർടെക്സ് A76 കോറുകളും ആറ് ആം കോർടെക്സ് A55 കോറുകളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 2.20GHz പീക്ക് ക്ലോക്ക് സ്പീഡിൽ ഈ ചിപ്പ് എത്തിയേക്കാം.
4 ജിബി റാമുമായി എത്താൻ സാധ്യതയുള്ള ഈ ഫോൺ ആൻഡ്രോയിഡ് 16-ലാകും പ്രവർത്തിക്കുക. 720×1,600 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് സ്ക്രീൻ ഡിസൈനിൽ ഉൾപ്പെടും, അതിലാണ് ഫ്രണ്ട് സെൽഫി ക്യാമറ സ്ഥാപിക്കുക.
പരസ്യം
പരസ്യം