Photo Credit: Oppo
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഇറങ്ങിയ റെനോ 12 സീരീസിൻ്റെ പിൻഗാമിയായി റെനോ 13 സീരീസ് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ ചൈനയിൽ അവതരിപ്പിച്ചു. ഈ സീരീസിൽ ഓപ്പോ റെനോ 13, ഓപ്പോ റെനോ 13 എന്നീ രണ്ടു മോഡലുകൾ ഉൾപ്പെടുന്നു. പ്രോസസർ, ക്യാമറ, ഡിസ്പ്ലേ, ചാർജിംഗ് കപ്പാസിറ്റി എന്നിവയിലെല്ലാം രണ്ടു മോഡലുകൾക്കും പൊതുവായ സവിശേഷതകളാണുള്ളത്. മീഡിയടെക്കിൻ്റെ ഏറ്റവും പുതിയ ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റുമായി വരുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണുകളാണ് എന്നതാണ് റെനോ 13 സീരീസിൻ്റെ ശ്രദ്ധേയമായ സവിശേഷത. ഇത് ഓപ്പോയുടെ ഇൻ-ഹൗസ് X1 ചിപ്പുമായി ജോടിയാക്കിയിരിക്കുന്നതിനാൽ വയർലെസ് കണക്റ്റിവിറ്റിയും ആശയവിനിമയവും മെച്ചപ്പെടുത്തും. ഓപ്പോ റെനോ സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എന്നാണു ലോഞ്ച് ചെയ്യുകയെന്നതിനെ കുറിച്ചു കൃത്യമായ വിവരമൊന്നും കമ്പനി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അതു പ്രതീക്ഷിക്കാം.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഓപ്പോ റെനോ 13 ഫോണിൻ്റെ അടിസ്ഥാന മോഡലിന് CNY 2,699 (ഏകദേശം 31,000 രൂപ) മുതൽ വില ആരംഭിക്കുന്നു. അഞ്ച് വ്യത്യസ്ത റാമിലും സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്, ഏറ്റവും ഉയർന്ന പതിപ്പ് 16 ജിബി റാമും 1 ടിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. അതിൻ്റെ വില CNY 3,799 (ഏകദേശം 44,000 രൂപ) ആണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഗാലക്‌സി ബ്ലൂ, ബട്ടർഫ്ലൈ പർപ്പിൾ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
അതേസമയം, ഓപ്പോ റെനോ 13 പ്രോയുടെ 12GB RAM, 256GB സ്റ്റോറേജുള്ള പതിപ്പിന് CNY 3,399 (ഏകദേശം 39,000 രൂപ) ആണ് വില വരുന്നത്. 16 ജിബി റാമും 1 ടിബി സ്റ്റോറേജും ഉള്ള ടോപ്പ് എൻഡ് മോഡലിന് CNY 4,499 (ഏകദേശം 52,000 രൂപ) വിലയും വരുന്നു. ഇത് നാല് സ്റ്റോറേജ് ഓപ്ഷനുകളിലും മിഡ്‌നൈറ്റ് ബ്ലാക്ക്, സ്റ്റാർലൈറ്റ് പിങ്ക്, ബട്ടർഫ്ലൈ പർപ്പിൾ എന്നിങ്ങനെ മൂന്ന് നിറങ്ങളിലും ലഭ്യമാണ്.
120Hz റീഫ്രഷ് റേറ്റ്, 460ppi പിക്സൽ ഡെൻസിറ്റി, 1200nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 1256x2760 പിക്സൽ റെസല്യൂഷൻ എന്നിവയുള്ള 6.59 ഇഞ്ച് ഫുൾ HD+ അമോലെഡ് സ്‌ക്രീനാണ് ഓപ്പോ റെനോ 13 ഫോണിലുള്ളത്. ഇത് മീഡിയാടെക് ഡൈമൻസിറ്റി 8350 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു, ഇതിന് 3.35GHz ഉയർന്ന വേഗതയിൽ എത്താൻ കഴിയും. 16GB വരെയുള്ള LPDDR5X റാമിലും 1TB വരെയുള്ള UFS 3.1 സ്റ്റോറേജിലും ഫോൺ ലഭ്യമാണ്. കൂടാതെ, വയർലെസ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഓപ്പോയുടെ X1 ചിപ്പ് ഇതിലുണ്ട്.
റെനോ 13 ഡ്യുവൽ റിയർ ക്യാമറകളുമായാണ് വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിലടങ്ങിയിരിക്കുന്നു. സെൽഫികൾക്കായി ഇതിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്.
157.90 x 74.73 x 7.4 മിമി വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. 80W വയർഡ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,600mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഓപ്പോ റെനോ 13 പ്രോ അടിസ്ഥാന മോഡലുമായി മിക്ക സവിശേഷതകളും പങ്കിടുന്നുവെങ്കിലും ചില അപ്ഗ്രേഡുകളുണ്ട്. 120Hz റീഫ്രഷ് റേറ്റ്, 1200nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 1272x2800 പിക്സൽ റെസല്യൂഷൻ എന്നിവയുള്ള 6.83 ഇഞ്ച് അമോലെഡ് സ്ക്രീനാണ് ഇതിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ്, റാം, സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയെല്ലാം അടിസ്ഥാന മോഡലിനു സമമാണ്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള റെനോ 13 പ്രോയിലെ ആദ്യത്തെ രണ്ടു ക്യാമറകളും റെനോ 13-നു സമാനമാണെങ്കിലും 3.5x ഒപ്റ്റിക്കൽ സൂം ചെയ്യാൻ ശേഷിയുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ മൂന്നാമതായി ചേർക്കുന്നു. 5,800mAh ബാറ്ററിയുള്ള ഈ ഫോണും 80W വയേർഡ് ചാർജിംഗിനെയും 50W വയർലെസ് ചാർജിംഗിനെയും പിന്തുണക്കും. 162.73 x 76.55 x 7.55mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് റെനോ 13 പ്രോക്കുള്ളത്.
രണ്ട് മോഡലുകളും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ പ്രവർത്തിക്കുന്നു. വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കുന്ന കാര്യത്തിൽ IP69 റേറ്റിംഗാണ് റെനോ 13 സീരീസ് ഫോണുകൾക്കുള്ളത്.
പരസ്യം
പരസ്യം