ഫോൺ 3a-ക്കും കമ്മ്യൂണിറ്റി എഡിഷൻ വരുന്നു; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ച് നത്തിങ്ങ്
Photo Credit: Nothing
ഡിസംബറിൽ ലോഞ്ച് ചെയ്യുന്ന നത്തിങ്ങ് ഫോൺ 3a കമ്മ്യൂണിറ്റി എഡിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാം
ഈ മാസം അവസാനം നത്തിങ്ങ് ഫോൺ 3a കമ്മ്യൂണിറ്റി എഡിഷൻ പുറത്തിറക്കുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ നത്തിങ്ങ് പ്രഖ്യാപിച്ചു. ആരാധകരിൽ നിന്നും ഉപയോക്താക്കളിൽ നിന്നും നേരിട്ട് അഭിപ്രായങ്ങളും വിവരങ്ങളും സ്വീകരിച്ചു സൃഷ്ടിക്കുന്ന ഒരു സ്പെഷ്യൽ എഡിഷൻ ഫോണാണ് നത്തിങ്ങ് കമ്മ്യൂണിറ്റി എഡിഷൻ. ഇതിനു മുൻപത്തെ മോഡലുകളിൽ ഒന്നായ ഫോൺ 2a-യിൽ കമ്പനി ആളുകളെ ആശയങ്ങളും ഡിസൈനുകളും പങ്കിടാൻ ക്ഷണിച്ചിരുന്നു. ഇത് ഫോൺ രൂപപ്പെടുത്തുന്നതിൽ നേരിട്ടു പങ്കെടുക്കാൻ അവരെ അനുവദിച്ചു. ഈ വർഷം, ഫോൺ 3a കമ്മ്യൂണിറ്റി എഡിഷനും ഇതേ സമീപനം ഉപയോഗിക്കും. ഇതിലൂടെ കൊളോബറേറ്റീവ് ഡിസൈൻ പ്രോസസ്സ് പിന്തുടരുന്ന രണ്ടാമത്തെ ഫോണായി നത്തിങ്ങ് മാറും. പുതിയ എഡിഷൻ മുൻ മോഡലിനേക്കാൾ വിപുലമായാണു വികസിപ്പിക്കുന്നത്. കൂടുതൽ വിഭാഗങ്ങളിൽ അഭിപ്രായം നൽകാം, അതു സമർപ്പിക്കാൻ കൂടുതൽ സമയപരിധി, ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ പങ്കാളിത്തം എന്നിവ ഇതിലുണ്ടാകും. പ്രോജക്റ്റിൽ പങ്കെടുക്കുന്ന ഡിസൈനർ, ക്രിയേറ്റേഴ്സ് എന്നിവരുടെ ക്രിയേറ്റിവിറ്റി ഈ എഡിഷനിൽ എടുത്തുകാണിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഡിസംബർ 9-ന് ഉച്ചയ്ക്ക് 1 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 6:30) ഫോൺ 3a കമ്മ്യൂണിറ്റി എഡിഷൻ പുറത്തിറങ്ങുമെന്ന് നത്തിങ്ങ് സ്ഥിരീകരിച്ചു. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. പുതിയ പ്രൊഡക്റ്റുകളുടെ ഡിസൈനിങ്ങിലും വികസനത്തിലും കൺസ്യൂമർ കമ്മ്യൂണിറ്റിയെ ഉൾപ്പെടുത്താനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായി ഈ വർഷം മാർച്ചിലാണ് കമ്മ്യൂണിറ്റി എഡിഷൻ പ്രോജക്റ്റ് ആദ്യമായി അവതരിപ്പിച്ചത്.
കമ്മ്യൂണിറ്റി എഡിഷൻ പ്രോഗ്രാം നത്തിങ്ങ് നടത്തുന്നത് ഇത് രണ്ടാം തവണയാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് കമ്പനിക്ക് 700 എൻട്രികൾ ലഭിച്ചിട്ടുണ്ട്. ആളുകൾക്ക് ആശയങ്ങൾ സമർപ്പിക്കാൻ കഴിയുന്ന വിഭാഗങ്ങളുടെ എണ്ണവും വിപുലീകരിച്ചു. വ്യത്യസ്ത ഘട്ടങ്ങളിലായി വിജയികളെ തിരഞ്ഞെടുത്ത മുൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ക്രിയേറ്റേഴ്സിനേയും നത്തിങ്ങ് ഒരേസമയം വെളിപ്പെടുത്തി. ദൈർഘ്യമേറിയ സമയപരിധി ഇതിനു സഹായിച്ചു.
ഈ വർഷം ആദ്യം, വിജയിച്ച നാല് ക്രിയേറ്റേഴ്സിനെ നത്തിങ്ങ് ടീമുമായി അടുത്ത് പ്രവർത്തിക്കാൻ ലണ്ടനിലേക്ക് ക്ഷണിച്ചിരുന്നു. ഹാർഡ്വെയർ ഐഡിയാസ് ആൻഡ് പാക്കേജിംഗ് ഡിസൈൻ, ആക്സസറി ഡിസൈൻ, ലോക്ക് സ്ക്രീൻ ക്ലോക്ക്, വാൾപേപ്പർ ഡിസൈൻ, മാർക്കറ്റിംഗ് കാമ്പെയ്ൻ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ അവർ സംഭാവന നൽകി. വിജയികളായ ഓരോ ക്രിയേറ്റേഴ്സിനും GBP 1,000 (ഏകദേശം Rs. 1,19,600 രൂപ) ക്യാഷ് പ്രൈസ് നത്തിങ്ങ് നൽകും.
2024 ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത നത്തിംഗ് ഫോൺ 2a പ്ലസ് കമ്മ്യൂണിറ്റി എഡിഷൻ, നത്തിംഗ് കമ്മ്യൂണിറ്റിയുടെ നേരിട്ടുള്ള സഹായത്തോടെ നിർമ്മിച്ച ആദ്യത്തെ സ്മാർട്ട്ഫോണായിരുന്നു. ഇരുട്ടിൽ പ്രകാശിക്കുന്ന ഗ്രീൻ ഫോസ്ഫോറസെന്റ് കോട്ടിംഗ് ഉപയോഗിച്ചുള്ള ഒരു പ്രത്യേക തിളക്കമുള്ള രൂപത്തോടെയാണ് ഇത് വരുന്നത്. ലോഞ്ച് ചെയ്യുമ്പോൾ, ഫോണിന്റെ 12GB + 256GB മോഡലിന് 29,999 രൂപയായിരുന്നു വില. ഈ പതിപ്പ് ഇന്ത്യ, യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ വിൽപ്പന നടന്നെങ്കിലും 1,000 യൂണിറ്റുകൾ മാത്രം പുറത്തിറങ്ങിയ ലിമിറ്റഡ് എഡിഷൻ ആയിരുന്നു.
ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിൽ ലഭ്യമായ റെഗുലർ നത്തിങ്ങ് ഫോൺ 3a, പ്രോ മോഡലിനൊപ്പം മാർച്ചിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB + 128GB പതിപ്പിന് 22,999 രൂപയും 8GB + 256GB പതിപ്പിന് 24,999 രൂപയുമാണ് വില. 6.7 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയുമായാണ് ഈ ഫോൺ വരുന്നത്, സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രൊസസർ കരുത്തു നൽകുന്ന ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ്ഒഎസ് 3.1-ൽ പ്രവർത്തിക്കുന്നു.
നത്തിംഗ് ഫോൺ 3a-യിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, പിന്നിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയുണ്ട്. മുൻവശത്ത്, 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 50W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇതിൽ 10 പുതിയ റിംഗ്ടോണുകളും അലേർട്ടുകളും ഉൾപ്പെടുന്നു, കൂടാതെ ഗ്ലിഫ് ടൈമർ, എസൻഷ്യൽ നോട്ടിഫിക്കേഷനുകൾ, ഗ്ലിഫ് കമ്പോസർ തുടങ്ങിയ സവിശേഷതകളും ഉണ്ട്
പരസ്യം
പരസ്യം