Photo Credit: Motorola
സ്മാർട്ട്ഫോൺ വിപണിയിലെ മത്സരം വളരെ കടുപ്പമേറിയതായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പുതിയ ബ്രാൻഡുകൾ വിപണിയിലേക്കു കടന്നു വരുന്നു, അവ വില കുറച്ചും മികച്ച ഫീച്ചറുകൾ നൽകിയും ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിനോടു മത്സരിക്കണമെങ്കിൽ ന്യായമായ വിലക്കു മികച്ച ഫീച്ചറുകൾ നൽകുന്ന സ്മാർട്ട്ഫോണുകൾ വിപണിയിൽ ഇറക്കിയേ മതിയാകൂ. എന്തായാലും രണ്ടു പുതിയ മോഡലുകൾ കൂടി പുറത്തിറക്കി കടുപ്പമേറിയ ഈ മത്സരത്തിന് പ്രമുഖ ബ്രാൻഡായ മോട്ടറോള ഒരുങ്ങിയിട്ടുണ്ട്. തങ്ങളുടെ G സീരീസിൻ്റെ ഭാഗമായി മോട്ടോ G55, മോട്ടോ G35 എന്നീ മോഡലുകളാണ് മോട്ടറോള പുറത്തിറക്കിയിരിക്കുന്നത്. യൂറോപ്യൻ വിപണിയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ രണ്ടു മോഡലുകൾ അടുത്തു തന്നെ ഇന്ത്യയിലും എത്തുമെന്നു പ്രതീക്ഷിക്കാം. ഓഗസ്റ്റ് 29ന് പുറത്തിറങ്ങിയ ഈ രണ്ടു മോഡലുകൾക്കും ഏറെക്കുറെ ഒരേ സവിശേഷതകളാണുള്ളത്. 50 മെഗാപിക്സൽ മെയിൻ ക്യാമറയും 5000mAh ബാറ്ററിയും ഈ ഫോണുകളിൽ നൽകിയിരിക്കുന്നു.
യൂറോപ്പിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ രണ്ടു മോഡലുകളുടെ വില യൂറോയിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോട്ടോ G55 സ്മാർട്ട്ഫോണിന് 249 യൂറോയിലാണ് (24000 ഇന്ത്യൻ രൂപയോളം) വില ആരംഭിക്കുന്നത്. ഫോറസ്റ്റ് ഗ്രേ, സ്മോക്കി ഗ്രീൻ, ട്വിലൈറ്റ് പർപിൾ എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക.
അതേസമയം മോട്ടോ G35 ന് 199 യൂറോയിലാണ് (19900 ഇന്ത്യൻ രൂപയോളം) വില ആരംഭിക്കുന്നത്. ലീഫ് ഗ്രീൻ, ഗുവാവ റെഡ്, മിഡ്നൈറ്റ് ബ്ലാക്ക്, സേജ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക. ലാറ്റിനമേരിക്കയിലേയും ഏഷ്യ-പസഫിക്കിലെയും വിപണികളിൽ ഈ രണ്ടു മോഡലുകളും ലഭ്യമാകുമെന്ന ഉറപ്പു നൽകിയിട്ടുണ്ട്.
ഡ്യുവൽ സിം (നാനോ + ഇസിം) ഉപയോഗിക്കാൻ കഴിയുന്ന മോട്ടോ G55 സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 14 ലാണ് പ്രവർത്തിക്കുന്നത്. 120Hz അഡാപ്റ്റീവ് റീഫ്രഷ് റേറ്റ്, 20:9 ആസ്പെക്റ്റ് റേഷ്യോ എന്നിവയുള്ള 6.49 ഇഞ്ച് ഫുൾ HD+ (1080 x 2400 pixels) ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഡിസ്പ്ലേക്ക് 405ppi പിക്സൽ ഡെൻസിറ്റിയും കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്.
ഒക്ട-കോർ മീഡിയാടെക് ഡൈമൻസിറ്റി 7025 പ്രോസസറിൽ പ്രവർത്തിക്കുന്ന മോട്ടോ G55 ന് 8GB RAM + 256GB ഓൺബോർഡ് സ്റ്റോറേജാണുള്ളത്. ഈ ഓൺബോർഡ് സ്റ്റോറേജ് മൈക്രോ SD കാർഡ് ഉപയോഗിച്ച് 1TB വരെ വിപുലീകരിക്കാൻ കഴിയും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോണിൽ 50 മെഗാപിക്സലിൻ്റെ OlS ഉള്ള പ്രൈമറി സെൻസറും 8 മെഗാപിക്സലുള്ള സെൻസറുമാണുള്ളത്. ഫ്രണ്ട് ക്യാമറക്കു 16 മെഗാപിക്സലാണു നൽകിയിരിക്കുന്നത്.
ബ്ലൂടൂത്ത് 5.3, എഫ്എം റേഡിയോ, NFC, GPS, A-GPS, LTEPP, GLONASS, ഗലീലിയോ, QZSS, ബീഡു, വൈഫൈ 802.11, 3.5mm ഹെഡ്ഫോൺ ജാക്ക്, USB ടൈപ്പ് സി പോർട്ട് എന്നിങ്ങനെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. വശങ്ങളിൽ ഫിംഗർപ്രിൻ്റ് സെൻസറുമായി വരുന്ന ഈ സ്മാർട്ട്ഫോൺ ഫേസ് അൺലോക്ക് ഫീച്ചറിനെയും പിന്തുണക്കുന്നു. ഡോൾബി അറ്റ്മോസ് ടെക്നോളജിയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കേഴ്സുമായി വരുന്ന ഈ സ്മാർട്ട്ഫോണിൽ ആക്സലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ്, ഇകോമ്പസ്, SAR സെൻസർ, പ്രോക്സിമിറ്റി സെൻസർ, സെൻസർ ഹബ് തുടങ്ങിയ സെൻസറുകളും സജ്ജീകരിച്ചിരിക്കുന്നു.
5000mAh ബാറ്ററിയിൽ വരുന്ന മോട്ടോ G55 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നു. 161.56x 73.82x 8.09mm വലിപ്പമുള്ള ഈ ഫോണിൻ്റെ ഭാരം 179 ഗ്രാമാണ്. അതേസമയം ഇതിൻ്റെ വേഗൻ ലെതർ മോഡലിന് 182 ഗ്രാം ഭാരമുണ്ടാകും.
മോട്ടോ G55 നു സമാനമായ നിരവധി സവിശേഷതകൾ മോട്ടോ G35 നുണ്ട്. എന്നാൽ 120Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ചിൻ്റെ വലിയ ഡിസ്പ്ലേയാണ് ഇതിലുള്ളത്. യുണിസോക് T760 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റിൽ 8GB RAM + 128GB ഓൺബോർഡ് സ്റ്റോറേജാണുള്ളത്. ഓൺബോർഡ് സ്റ്റോറേജ് മൈക്രോ SD കാർഡ് ഉപയോഗിച്ച് 1TB വരെ ഉയർത്താൻ കഴിയും.
50 മെഗാപിക്സൽ മെയിൻ ക്യാമറ വരുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുമെങ്കിലും OlS സപ്പോർട്ടില്ല. 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഈ ഹാൻഡ്സെറ്റിലും വരുന്നത്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററി ഈ ഫോണിൽ നൽകിയിരിക്കുന്നു. മോട്ടോ G35 ൻ്റെ കണക്റ്റിവിറ്റി, സെൻസർ ഒപ്ഷനുകൾ മോട്ടോ G55 നു സമാനമാണ്. വശങ്ങളിലുള്ള ഫിംഗർപ്രിൻ്റ് സ്കാനർ, 3.5mm ഹെഡ്ഫോൺ ജാക്ക്, ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കേഴ്സ് തുടങ്ങിയവയുള്ള ഈ സ്മാർട്ട്ഫോണിൻ്റെ വലിപ്പം 166.29x 75.98x 7.79 മില്ലിമീറ്ററും ഭാരം 188 ഗ്രാമുമാണ്.