Photo Credit: iQOO
പ്രമുഖ ചൈനീസ് ടെക് ബ്രാൻഡായ ഐക്യൂ അവരുടെ ഏറ്റവും പുതിയ മോഡലായ ഐക്യൂ 13 സ്മാർട്ട്‌ഫോൺ ഉടനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ അറിയിച്ചില്ലെങ്കിലും, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇത് ആമസോണിലാണു ലഭ്യമാവുകയെന്നും ഐക്യൂ സ്ഥിരീകരിച്ചു. ഐക്യൂ 13-ൻ്റെ പ്രധാന സവിശേഷതകളിലൊന്ന് ഫോണിൻ്റെ റിയർ ക്യാമറ ഏരിയയെ ചുറ്റിപ്പറ്റിയുള്ള ലൈറ്റിംഗ് ഫീച്ചറാണ്. ഇത് ഉപകരണത്തിന് വിഷ്വൽ ഡൈനാമിക് ടച്ച് നൽകുന്നു. ഒക്ടോബർ 30നു ചൈനയിലാണ് ഈ ഫോൺ ആദ്യമായി അവതരിപ്പിക്കുന്നത്. ശക്തമായ പ്രോസസ്സിംഗ് പവർ ഉറപ്പാക്കുന്ന പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് ഐക്യൂ 13 ഫോണിലുള്ളത്. BOE-ൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള, 2K റെസലൂഷനുള്ള Q10 8T LTPO OLED ഡിസ്‌പ്ലേയും ഇതിലുണ്ടാകും. ഇതു മികച്ച കാഴ്ചാനുഭവം ഉറപ്പു നൽകുന്നതാണ്.
സാമൂഹ്യമാധ്യമമായ X-ൽ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിലൂടെ ഐക്യൂ 13 ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഐക്യൂ ഇന്ത്യ പങ്കിട്ടിരുന്നു. അതിനു പുറമെ ഹാലോ ലൈറ്റ് എന്ന പുതിയ സവിശേഷതയേയും അവർ ഹൈലൈറ്റ് ചെയ്തു. ഇന്ത്യയിൽ ആമസോണിലൂടെയും ഐക്യൂ വെബ്‌സൈറ്റ് വഴിയുമാണ് ഫോൺ വിൽക്കുക. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കിട്ട ഒരു ടീസർ ഫോണിൻ്റെ ബാക്ക് ഡിസൈൻ കാണിക്കുന്നതാണ്. അതിൽ ക്യാമറ ഏരിയയ്ക്ക് ചുറ്റും ഹാലോ ലൈറ്റ് എന്ന പുതിയ സവിശേഷത കാണാം. ഈ ലൈറ്റ് കൂടുതൽ മികച്ച അനുഭവം സൃഷ്ടിക്കുന്ന ഡൈനാമിക് ലൈറ്റിംഗ് ഇഫക്റ്റുകൾ വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ച് ഗെയിമിംഗ് സമയത്ത്.
ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ ലാൻഡിംഗിനായി ആമസോൺ ഒരു പേജ് തന്നെ നൽകിയിട്ടുണ്ട്. ഇതിലെ ലിസ്റ്റിങ്ങിൽ നിന്നും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഫോണിൽ ഉണ്ടാവുകയെന്നും സ്ഥിരീകരിക്കാനാകും.
ഐക്യൂ 13 ഒക്‌ടോബർ 30ന് ചൈനയിൽ ലോഞ്ച് ചെയ്യും. ഇവൻ്റ് പ്രാദേശിക സമയം വൈകുന്നേരം 4:00 മണിക്ക് (1:30 pm IST) ആരംഭിക്കും. ഫോണിൻ്റെ പല പ്രധാന സവിശേഷതകളും കമ്പനിയായ ഐക്യൂ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഐക്യൂ 13 ബ്ലാക്ക്, വൈറ്റ്, ഗ്രിൻ, ഗ്രേ എന്നീ നാല് നിറങ്ങളിൽ ലഭ്യമാകും. BOE-യുടെ വിപുലമായ Q10 8T LTPO OLED ഡിസ്‌പ്ലേ ആയിരിക്കും ഇതിലുണ്ടാവുക. 2K റെസല്യൂഷനും 144Hz റീഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയാണിത്.
ഈ ഫോൺ 7.99mm മാത്രം കനമുള്ള മെലിഞ്ഞ ഡിസൈനിലാണു വരുന്നത്. ഇതു കൂടാതെ 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,150mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു. ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഇതിൽ നിന്നും ഉറപ്പിക്കാം.
ഗെയിമിംഗിനായി, ഐക്യൂവിൻ്റെ സ്വന്തം Q2 ഗെയിമിംഗ് ചിപ്പ് ആണ് ഐക്യൂ 13-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മികച്ച ഗെയിമിംഗ് അനുഭവത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്. ചൈനീസ് കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ OriginOS 5 നൊപ്പമായിരിക്കും ഇത് വരുന്നത്.