Photo Credit: iQOO
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്യൂ. വിവോയുടെ സബ് ബ്രാൻഡുകളിൽ ഒന്നായ ഇവർ കുറച്ചു കാലമായി മികച്ച നിലവാരമുള്ള സ്മാർട്ട്ഫോണുകളാണ് വിപണിയിൽ ഇറക്കുന്നത്. അതിനാൽ ഐക്യൂവിൻ്റെ പുതിയ മോഡൽ സ്മാർട്ട്ഫോണുകൾക്കായി ഏവരും കാത്തിരിക്കാറുണ്ട്. ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഐക്യൂ 13. എന്നാൽ വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ അത് എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഇന്ത്യയിൽ അതിൻ്റെ വില, സവിശേഷതകൾ, റിലീസ് തീയതി എന്നിവയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐക്യൂ 12 പോലെത്തന്നെ, ഐക്യൂ 13 സ്മാർട്ട്ഫോണിലും സ്‌നാപ്ഡ്രാഗൺ പ്രോസസർ ആണു പ്രതീക്ഷിക്കുന്നത്. 144Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയുമായി വിപണിയിലേക്കു വരുന്ന ഈ സ്മാർട്ട്ഫോണിൽ 6150mAh ബാറ്ററിയാണു സജ്ജീകരിച്ചിരിക്കുന്നത്.
ടിപ്സ്റ്റർ യോഗേഷ് ബ്രാർ നൽകിയ (@heyitsyogesh) വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്മാർട്ട്പ്രിക്സ് പുറത്തു വിട്ട റിപ്പോർട്ടിൽ ഐക്യൂ 13 ഡിസംബർ ആദ്യം, ഒരുപക്ഷേ ഡിസംബർ 1 നും ഡിസംബർ 10 നും ഇടയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചൈനയിലെ ഔദ്യോഗിക ലോഞ്ചിങ്ങിനു ശേഷമായിരിക്കും. ഫോണിൻ്റെ വില ഇന്ത്യയിൽ ഏകദേശം 55,000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് ഐക്യൂ 12, ചൈനയിൽ ഐക്യൂ 12 പ്രോ എന്നീ ഫോണുകൾ ലോഞ്ച് ചെയ്തത്. അതിനു ശേഷം 2023 ഡിസംബറിൽ ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അതുപോലെ, ഐക്യൂ 13 അതിൻ്റെ ചൈനീസ് ലോഞ്ചിന് ശേഷം ഇന്ത്യൻ വിപണിയിലേക്കു പെട്ടെന്നു തന്നെ എത്തുമെന്നു പ്രതീക്ഷിക്കാം.
144Hz റീഫ്രഷ് റേറ്റും 2K റെസല്യൂഷനുമുള്ള 6.7 ഇഞ്ച് AMOLED സ്‌ക്രീനാണ് ഐക്യൂ 13 ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള വിവിധ മോഡലുകളിൽ ഇതു ലഭ്യമാകും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസറായിരിക്കും ഐക്യൂ 13 ഫോണിന് കരുത്തു നൽകുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കുന്നത്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് ക്യാമറ, 50 മെഗാപിക്സൽ 2x ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമുള്ള ഫ്രണ്ട് ക്യാമറ 32 മെഗാപിക്സൽ ആയിരിക്കും.
ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച്, ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ സ്‌ക്രീനിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ടായിരിക്കും. മെറ്റൽ ഫ്രെയിമിൽ പുറത്തു വരുന്ന ഈ ഹാൻഡ്സെറ്റിൽ 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,150mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഐക്യൂ 13 സ്മാർട്ട്ഫോണിന് IP68 റേറ്റിംഗ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, കൂടുതൽ വിഷ്വൽ അപ്പീലിനായി ഇത് ഒരു "ഹാലോ" ലൈറ്റ് ഡിസൈനിലാകും പുറത്തു വരുന്നത്. ആപ്പിൾ, സാംസങ്ങ് തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം ഫോണുകൾക്ക് വെല്ലുവിളി ഉയർത്തുക തന്നെയാകും ഐക്യൂവിൻ്റെ ലക്ഷ്യം
പരസ്യം
പരസ്യം