ഇന്ത്യൻ യുവതലമുറയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്യൂ. ഏതു സെഗ്‌മെൻ്റിൽ പുറത്തിറങ്ങുന്ന ഫോണാണെങ്കിലും വിലക്കനുസരിച്ചുള്ള മികച്ച ഫീച്ചറുകൾ ഐക്യൂ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകും. ക്യാമറ, ബാറ്ററി, പെർഫോമൻസ് എന്നിവയുടെ കാര്യത്തിലെല്ലാം ഐക്യൂ ഫോണുകളെ പൂർണമായും വിശ്വസിക്കാൻ കഴിയുമെന്ന് ഉപയോക്താക്കൾ പറയുന്നു. സമീപകാലത്ത് ഏറ്റവും ജനപ്രീതിയാർജ്ജിച്ച സ്മാർട്ട്ഫോൺ ബ്രാൻഡായി ഐക്യൂ മാറിയതിൻ്റെ കാരണവും ഇതു തന്നെയാണ്.
ഐക്യൂവിൻ്റെ പ്രീമിയം സെഗ്‌മെൻ്റിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് ഐക്യൂ 12. കഴിഞ്ഞ വർഷം നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ അതിനടുത്ത മാസം തന്നെ ഇന്ത്യയിലെത്തി. ഐക്യൂ 12 പുറത്തിറങ്ങി ഒരു വർഷം പിന്നിടാൻ ഒരുങ്ങി നിൽക്കെ അതിൻ്റെ പിൻഗാമിയെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
റിപ്പോർട്ടുകൾ പ്രകാരം ഐക്യൂവിൻ്റെ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 13 അടുത്തു തന്നെ ലോഞ്ച് ചെയ്യപ്പെടും. ഐക്യൂ 12 നെ അപേക്ഷിച്ച് ഡിസൈനിൽ മാറ്റങ്ങളുമായാണ് ഐക്യൂ 13 എത്തുകയെന്ന് ഒരു ടിപ്സ്റ്റർ വ്യക്തമാക്കുന്നു. ഇതിനു പുറമെ മറ്റൊരു ടിപ്സ്റ്റർ പ്രോസസർ, ഡിസ്പ്ലേ, ക്യാമറ, ബാറ്ററി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇതിലെ ചില വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇത്തവണയും ഐക്യൂ മോശമാക്കില്ലെന്ന് ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമാണ്.
ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ പ്രതീക്ഷിക്കുന്ന ഡിസൈൻ:
ഒരു ടിപ്സ്റ്റർ വീബോയിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് ഐക്യൂ 13 ഒരു ലൈറ്റ് സ്ട്രിപ്പ് ഡിസൈനിലാണ് ലോഞ്ച് ചെയ്യുകയെന്നാണ്. ഇത് റിയർ ഗ്ലാസ് പാനലിൽ ഒരു മില്ലിമീറ്റർ ആഴത്തിൽ ഒരു വെർട്ടിക്കൽ ലൈറ്റ് സ്ട്രിപ്പുമായി എത്തിയ ഐക്യൂ ബ്രാൻഡിൻ്റെ ആദ്യത്തെ തലമുറയിലെ സ്മാർട്ട്ഫോണുകളുടെ ഡിസൈനിനു സമാനമായിരിക്കും. അതുകൊണ്ടു തന്നെ സ്ക്വിർക്കിൾ റിയർ ക്യാമറ മൊഡ്യൂളുള്ള ഐക്യൂ 12 ൽ നിന്നും ഈ മോഡലിൻ്റെ ഡിസൈൻ വ്യത്യാസപ്പെട്ടിരിക്കും.
ഐക്യൂ 13 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:
മറ്റൊരു ടിപ്സ്റ്ററായ യോഗേഷ് ബ്രാർ (@heyitsyogesh) ഐക്യൂ 13 മോഡലിൻ്റെ ചില പ്രധാന സവിശേഷതകൾ പുറത്തു വിട്ടിട്ടുണ്ട്. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം പുതിയ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയത്. 144Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 2K OLED സ്ക്രീനായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. അതിനു പുറമെ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 4 SoC ഈ ഫോണിനു കരുത്തു നൽകും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ lP68 റേറ്റിംഗാണ് ഐക്യൂ 13 നുള്ളത്.
മറ്റൊരു ടിപ്സ്റ്റർ പുറത്തുവിട്ട വിവരങ്ങളിൽ നിന്നും ഐക്യൂ 13 നിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഉണ്ടാവുക. 50 മെഗാപിക്സലുള്ള പ്രൈമറി സെൻസറിനും 50 മെഗാപിക്സലുള്ള ഷൂട്ടറിനും പുറമെ 2x ഒപ്റ്റിക്കൽ സൂമിനെ സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ഫോട്ടോകൾ, വീഡിയോകൾ എന്നിവക്ക് ഏറ്റവും മികച്ച ഫലങ്ങൾ തന്നെ ലഭിക്കുമെന്നുറപ്പാണ്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്.
6000mAh ബാറ്ററി ഈ ഫോണിനെ കൂടുതൽ മികച്ചതാക്കി മാറ്റുന്നു. ഇത് 45W വയേഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നതാണ്. ഐക്യൂ 13 ൻ്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇവക്കൊപ്പം ലഭ്യമായിട്ടില്ല. നേരത്തെ 50000 രൂപയുടെ ഉള്ളിലായിരിക്കും വിലയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോഞ്ചിംങ്ങ് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു പ്രതീക്ഷിക്കാം.