Photo Credit: Honor
സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം വളരെ വർദ്ധിച്ചു വരികയാണ്. ഒരോ ദിവസവും പുതിയ സ്മാർട്ട്ഫോണുകൾ പുറത്തു വരുന്നു. വിപണിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഏറ്റവും മികച്ച ഫീച്ചറുകൾ നൽകിയേ മതിയാകൂ. അതുകൊണ്ടു തന്നെ വ്യത്യസ്തമായ സവിശേഷതകൾ ഓരോ മോഡലുകളും അവതരിപ്പിക്കുന്നു. ഇക്കൂട്ടത്തിലേക്ക് പുതിയ മോഡലുമായി ഹോണറും എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ജൂലൈയിൽ പുറത്തിറങ്ങിയ X50 സീരീസിൻ്റെ അടുത്ത പതിപ്പായി ഹോണർ X60 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയുടെ പുതിയ ലൈനപ്പിൽ രണ്ട് മോഡലുകളാണ് ഉൾപ്പെടുന്നത്. ഹോണർ X60, ഹോണർ X60 പ്രോ എന്നിവയാണു കമ്പനിയുടെ പുതിയ മോഡലുകൾ. 108 മെഗാപിക്സൽ റിയർ ക്യാമറ പോലെ രണ്ട് മോഡലുകൾക്കും പൊതുവായ ചില സവിശേഷതകൾ ഉണ്ട്. എന്നിരുന്നാലും, സ്റ്റാൻഡേർഡ് ഹോണർ X60 മീഡിയാടെക് ഡൈമൻസിറ്റി 7025 അൾട്രാ പ്രൊസസറുമായി വരുമ്പോൾ ഹോണർ X60 പ്രോ മോഡലിൽ സ്നാപ്ഡ്രാഗൺ പ്രോസസറാണ് നൽകിയിരിക്കുന്നത്.
8GB RAM + 128GB സ്റ്റോറേജുള്ള ഹോണർ X60 ഫോണിൻ്റെ അടിസ്ഥാന മോഡലിന് CNY 1199 (ഏകദേശം 14000 ഇന്ത്യൻ രൂപ) ആണ് പ്രാരംഭ വില. 12GB വരെ റാമിലും 512GB വരെ സ്റ്റോറേജിലും ഇത് ലഭ്യമാണ്. എലഗൻ്റ് ബ്ലാക്ക്, മൂൺലൈറ്റ്, സീ ലേക്ക് ക്വിൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്.
മറുവശത്ത്, ഹോണർ X60 പ്രോയുടെ 8GB RAM + 128GB സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് CNY 1499 (ഏകദേശം 18000 രൂപ) മുതൽ ആരംഭിക്കുന്നു. ഹോണർ X60 പോലെത്തന്നെയുള്ള സ്റ്റോറേജ് ഓപ്ഷനുകളാണ് ഇതിലും. ഹോണർ X60 പ്രോ ആഷ്, ബ്ലാക്ക്, ഓറഞ്ച്, സീ ഗ്രീൻ എന്നീ നാല് നിറങ്ങളിൽ ലഭ്യമാണ്.
120Hz റീഫ്രഷ് റേറ്റും 2412×1080 പിക്സൽ റെസലൂഷനുമുള്ള 6.8 ഇഞ്ച് TFT LCD സ്ക്രീനാണ് ഹോണർ X60 ന് ഉള്ളത്. ഒക്ടാ കോർ സിപിയു ഉൾപ്പെടുന്ന മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റ് ഇതിൽ വരുന്നു. സിപിയുവിന് 2.5GHz വേഗതയിൽ പ്രവർത്തിക്കുന്ന രണ്ട് Cortex-A78 കോറുകളും 2.0GHz വേഗതയിൽ പ്രവർത്തിക്കുന്ന രണ്ട് Cortex-A55 കോറുകളും ഉണ്ട്. 12GB വരെ റാമും 512GB വരെ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.
35W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5800mAh ബാറ്ററിയാണ് ഇതിനുള്ളത്. സുരക്ഷയ്ക്കായി സൈഡിൽ ഫിംഗർപ്രിൻ്റ് സെൻസറും നൽകിയിട്ടുണ്ട്.
ഹോണർ X60 പ്രോ മോഡലിൽ 120Hz റീഫ്രഷ് റേറ്റും 2700×1224 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED സ്ക്രീനാണ്. സ്നാപ്ഡ്രാഗൺ 6 Gen 1 പ്രോസസർ ഇതിന് കരുത്തു നൽകുന്നു. 2.2GHz പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന ഈ മോഡൽ സ്റ്റാൻഡേർഡ് പോലെ, ഇത് 12GB വരെ റാമും 512GB വരെ സ്റ്റോറേജുമുള്ള വേരിയൻ്റുകളിൽ ലഭ്യമാണ്. കൂടാതെ, പ്രോ മോഡലിൽ ടു-വേ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും ഉൾപ്പെടുന്നു, Wi-Fi അല്ലെങ്കിൽ സെല്ലുലാർ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തപ്പോൾ ഇത് ഉപയോഗപ്രദമാകും.ഹോണർ X60 പ്രോക്ക് 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 6000mAh ബാറ്ററിയാണുള്ളത്.
ഹോണർ X60 സീരീസിലെ രണ്ട് മോഡലുകളിലും 108 മെഗാപിക്സലിൻ്റെ മെയിൻ റിയർ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത്, 8 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയാണുള്ളത്.
രണ്ട് ഫോണുകളും ഡ്യുവൽ സിം 5G, Wi-Fi 5 എന്നിവയെ പിന്തുണയ്ക്കുന്നു. ഹോണർ X60 ബ്ലൂടൂത്ത് 5.1 നെ പിന്തുണയ്ക്കുമ്പോൾ ഹോണർ X60 പ്രോ കൂടുതൽ വിപുലമായ ബ്ലൂടൂത്ത് 5.3 ക്കൊപ്പമാണു വരുന്നത്.