Photo Credit: Honor
ഹോണർ 300 അൾട്രാ എന്ന പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു ടിപ്‌സ്റ്റർ പങ്കിട്ട വിശദാംശങ്ങളിൽ നിന്നും വ്യക്തമാകുന്നു. ഹോണർ 300, ഹോണർ 300 പ്രോ എന്നിവ പുറത്തിറക്കാൻ പോകുന്ന വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചൈനയിൽ ഈ മോഡലുകളുടെ പ്രീഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും, അൾട്രാ പതിപ്പിനെക്കുറിച്ച് ഇതുവരെ ഒരു പരാമർശവും ഉണ്ടായിരുന്നില്ല. ഹോണർ 300 അൾട്രാ എന്നു കരുതപ്പെടുന്ന ഫോണിൻ്റെ ലീക്കായ രണ്ടു ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ ഫോണിൻ്റെ ഡിസൈനും കളറും വ്യക്തമാക്കുന്നു. ലീക്കായി പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ, ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, മികച്ച നിലവാരമുള്ള അൾട്രാ മോഡലുമായി ഹോണർ 300 സീരീസ് ലൈനപ്പ് വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നു തന്നെയാണ് വ്യക്തമാകുന്നത്.
ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്‌തത്) എന്ന പേരിലുള്ള ടിപ്സ്റ്റർ വെയ്‌ബോയിൽ പങ്കിട്ട പോസ്‌റ്ററിലൂടെയാണ് ഹോണർ 300 അൾട്രായുടെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടത്. ചൈനീസ് വിപണിയിൽ ഹോണർ 300, ഹോണർ 300 പ്രോ എന്നീ മോഡലുകൾ പുറത്തിറക്കുന്ന കാര്യം മാത്രമേ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ ഈ സീരീസിൻ്റെ ഭാഗമായി തന്നെ ഹോണർ 300 അൾട്രാ ലോഞ്ച് ചെയ്യാനോ, അതല്ലെങ്കിൽ പിന്നീട് അവതരിപ്പിക്കാനോ സാധ്യതയുണ്ട്.
ഹോണർ 300 അൾട്രാ എന്ന പുതിയ മോഡൽ ഹോണർ 300 പ്രോയുമായി വളരെ സാമ്യമുള്ളതാകുമെന്ന് ലീക്കായി പുറത്തു വന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. രണ്ട് ഫോണുകളും ഷഡ്ഭുജത്തിനോടു സാമ്യമുള്ള ക്യാമറ ഐലൻഡിൽ ക്രമീകരിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഹോണർ 300 അൾട്രായ്ക്ക് വളഞ്ഞ ഡിസ്‌പ്ലേ ആകുമെന്നാണു കരുതുന്നത്. റിയർ പാനൽ കറുപ്പ്, വെളുപ്പ് എന്നീ രണ്ടു കളർ ഓപ്ഷനുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈറ്റ് വേരിയൻ്റ് പെയിൻ്റ് തേച്ചതു പോലെയുള്ള ടെക്സ്ചർ കൊണ്ട് വേറിട്ടു നിൽക്കുന്നതാണ്.
ഹോണർ 300 അൾട്രയുടെ സവിശേഷതകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ ഹോണർ 300, ഹോണർ 300 പ്രോ എന്നിവയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഓൺലൈനിൽ വന്നിരുന്നു. ഹോണർ 300 സീരീസിന് 1.5K OLED ഡിസ്‌പ്ലേയാണ് ഉണ്ടാവുകയെന്ന് ജനപ്രിയ ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. അതിലെ ഹോണർ 300 പ്രോ മോഡൽ മികച്ച പ്രകടനം ഉറപ്പു നൽകുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോണർ 300 പ്രോയിൽ 50 മെഗാപിക്‌സൽ പെരിസ്‌കോപ്പ് ക്യാമറ ഉൾപ്പെടുത്തിയേക്കാമെന്നും ടിപ്‌സ്റ്റർ വെളിപ്പെടുത്തി, ഇത് സൂമിംഗ് മികവ് വർദ്ധിപ്പിക്കും. കൂടാതെ, ഹോണർ 300 സീരീസിലെ ഫോണുകൾ മുഴുവൻ 100W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണക്കാനും സാധ്യതയുണ്ട്. ഈ ഫോണുകൾക്ക് വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉണ്ടായേക്കാം.
ഹോണർ 300 മോഡലുകളിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഹോണർ 300, ഹോണർ 300 പ്രോ എന്നിവ ചൈനയിൽ അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ ഫോണുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
(Except for the headline, this story has not been edited by NDTV staff and is published from a press release)
പരസ്യം
പരസ്യം