Photo Credit: Google
2025-ൻ്റെ ആദ്യ പകുതിയിൽ തന്നെ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ അടുത്ത പ്രധാന പതിപ്പായ ആൻഡ്രോയിഡ് 16 പുറത്തിറങ്ങുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഒക്ടോബറിൽ പിക്സൽ ഉപകരണങ്ങളിൽ ഏറ്റവും അവസാനത്തെ പതിപ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായാണ് പുതിയ ടൈംലൈനിൽ ആൻഡ്രോയ്ഡ് 16 വരുന്നത്. കൂടാതെ, ഇതിനു പിന്നാലെ, 2025 അവസാനത്തോടെ ഇതിൻ്റെ ചെറിയ അപ്‌ഡേറ്റ് പുറത്തിറക്കാനും ഗൂഗിൾ പദ്ധതിയിടുന്നു. ഈ മാറ്റം അർത്ഥമാക്കുന്നത് ഗൂഗിൾ പുതിയ ആൻഡ്രോയ്ഡ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കിറ്റുകൾ (SDK-കൾ) ഇടയ്‌ക്കിടെ പുറത്തിറക്കുമെന്നും, ഇത് ആപ്പ് ഡെവലപ്പർമാർക്ക് ടൂളുകളിലേക്കും സോഴ്സുകളിലേക്കും പതിവായി ആക്‌സസ് നൽകുമെന്നുമാണ്. ആൻഡ്രോയ്ഡ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കിറ്റുകൾ കൂടുതൽ തവണ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ, ആൻഡ്രോയ്ഡ് ഡിവൈസുകളിലേക്ക് പുതിയ ഫീച്ചറുകൾ വേഗത്തിൽ കൊണ്ടുവരാനും ആപ്പുകളുടെ സ്ഥിരത മെച്ചപ്പെടുത്താനും ഗൂഗിൾ ലക്ഷ്യമിടുന്നു. ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും ആൻഡ്രോയ്ഡ് അനുഭവം മെച്ചപ്പെടുത്താനുള്ള ഗൂഗിളിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
ആൻഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗിലെ സമീപകാല പോസ്റ്റിലാണ് ആൻഡ്രോയിഡിൻ്റെ പുതിയ വേർഷനുകളുടെ റിലീസ് ഷെഡ്യൂളിൽ ഗൂഗിൾ മാറ്റം പ്രഖ്യാപിച്ചത്. സാധാരണ വർഷത്തിൻ്റെ മൂന്നാം പാദത്തിൽ നടക്കാറുള്ള ലോഞ്ചിനു പകരം, അടുത്ത പ്രധാന പതിപ്പ് 2025-ൻ്റെ രണ്ടാം പാദത്തിൽ തന്നെ വരും, തുടർന്ന് നാലാം പാദത്തിൽ ഇതിൻ്റെ അപ്ഡേറ്റിൻ്റെ ഒരു ചെറിയ റിലീസും നടക്കും. ഈ മാറ്റം ഡിവൈസ് ലോഞ്ചുകളുടെ ഷെഡ്യൂളുമായി കൃത്യമായി യോജിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഗൂഗിൾ വിശദീകരിച്ചു. ഇത് അനുയോജ്യമായ ഡിവൈസുകളിൽ കൂടുതൽ വേഗത്തിൽ ആൻഡ്രോയ്ഡ് 16 എത്തിച്ചേരാൻ സഹായിക്കും.
2025-ൻ്റെ രണ്ടാം പാദത്തിൽ നടക്കുന്ന പ്രധാന സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കിറ്റ് (SDK) റിലീസിൽ പുതിയ API-കൾ, ഫീച്ചറുകൾ, ബിഹേവിയർ ചേഞ്ചസ് (ആൻഡ്രോയ്ഡിൽ ആപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ബാധിക്കുന്ന കാര്യങ്ങൾ) എന്നിവയെല്ലാം ഉൾപ്പെടുന്നു. ഓരോ പ്രധാന SDK റിലീസിലും ഗൂഗിൾ സാധാരണയായി ആൻഡ്രോയിഡിൻ്റെ ഒരു പുതിയ പതിപ്പ് ഉൾക്കൊള്ളാറുണ്ട് എന്നതിനാൽ ആൻഡ്രോയ്ഡ് 16-ലും അതു പ്രതീക്ഷിക്കുന്നു.
ആൻഡ്രോയിഡ് 16 റോൾ ഔട്ട് ആരംഭിച്ചു കഴിഞ്ഞാൽ, 2025-ൻ്റെ മൂന്നാം പാദത്തിൽ ചെറിയ അപ്‌ഡേറ്റുകളും തുടർന്ന് 2025 നാലാം പാദത്തിൽ രണ്ടാമത്തെ ചെറിയ SDK റിലീസും ഗൂഗിൾ നൽകും. നാലാം പാദത്തിലെ റിലീസിൽ പുതിയ API-കളും ഫീച്ചറുകളും ഉൾപ്പെടും, എന്നാൽ ആപ്പുകളെ ബാധിക്കാൻ സാധ്യതയുള്ള പുതിയ ബിഹേവിയറൽ ചേഞ്ചുകളെല്ലാം ഒഴിവാക്കും.
ചുരുക്കത്തിൽ, ഈ ഷെഡ്യൂൾ മാറ്റം ഉപയോക്താക്കൾക്ക് ആൻഡ്രോയ്‌ഡ് 16 വേഗത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു, കൂടാതെ കൂടുതൽ അപ്‌ഡേറ്റുകളും ആപ്പുകളുടെ പ്രകടനത്തെ ബാധിക്കാതെ തന്നെ കൂടുതൽ ഫീച്ചറുകളും മെച്ചപ്പെടുത്തലുകളും ഇതു കൊണ്ടുവരും.
ഡവലപ്പർമാർക്കും ആൻഡ്രോയിഡ് പ്രേമികൾക്കും ആൻഡ്രോയിഡ് 16 പരീക്ഷിക്കുന്നതിനുള്ള അവസരം ഉടൻ ലഭിച്ചേക്കാം. ഗൂഗിൾ അതിൻ്റെ ആദ്യ ഡെവലപ്പർ പ്രിവ്യൂവിൻ്റെ വരവിനെക്കുറിച്ച് സൂചന കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഗൂഗിൾ ആൻഡ്രോയിഡ് 16 ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന തീയ്യതിക്ക് ഏകദേശം അഞ്ച് മാസങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ ഇത് അപ്രതീക്ഷിതമായ കാര്യമല്ല.
ഈ വർഷം ആദ്യം ഗൂഗിൾ പിക്സൽ 9 സീരീസ് പുറത്തിറക്കി, അത് ഒരു വർഷം പഴക്കമുള്ള ആൻഡ്രോയിഡ് 14-നൊപ്പമായിരുന്നു. പിക്‌സൽ 9 സീരീസ് ലോഞ്ച് ചെയ്‌ത് രണ്ട് മാസത്തിന് ശേഷം, ഒക്‌ടോബർ 15-ന്, ഗൂഗിളിൻ്റെ പിക്‌സൽ ഫോണുകൾക്ക് ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭിച്ചു. ആൻഡ്രോയിഡ് 16 പതിവിലും നേരത്തെ പ്രതീക്ഷിക്കുന്നതിനാൽ, 2025-ൽ വരാനിരിക്കുന്ന പിക്‌സൽ 10 സീരീസിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ് ഇൻസ്റ്റാൾ ചെയ്‌തേക്കും.
പരസ്യം
പരസ്യം