സ്മാർട്ട്ഫോൺ വിപണിയിൽ വളരെയധികം പേരെടുത്ത ബ്രാൻഡുകളിൽ ഒന്നായ റെഡ്മിയുടെ സ്മാർട്ട് ടിവികളും വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. നിരവധി സ്മാർട്ട് ടിവികൾ പുറത്തിറക്കിയ റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ടിവി സീരീസ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 2024 സീരീസ് തിങ്കളാഴ്ചയാണു ലോഞ്ച് ചെയ്തത്. 43 ഇഞ്ചിൻ്റെയും 55 ഇഞ്ചിൻ്റെയും രണ്ടു വേരിയൻ്റുകളിൽ ആണ് റെഡ്മി സ്മാർട്ട് ഫയർ ടിവി 4K പുറത്തു വന്നിരിക്കുന്നത്. ഇതാദ്യമായാണ് റെഡ്മി 55 ഇഞ്ചിൻ്റെ ഫയർ ടിവി വിപണിയിൽ പുറത്തിറക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഡിസൈൻ, ഡിസ്പ്ലേ ക്വാളിറ്റി, സ്റ്റോറേജ്, മറ്റു സവിശേഷതകൾ എന്നിവയിലെല്ലാം രണ്ടു വേരിയൻ്റുകളും ഒരുപോലെയാണ്. 43 ഇഞ്ച് മോഡലിൽ 24W സ്പീക്കറും 55 ഇഞ്ച് മോഡലിൽ 30W സ്പീക്കറുമാണുള്ളതെന്നാണ് ഇവ രണ്ടും തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം.
റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 2024 സീരീസിൻ്റെ വിലയും ലഭ്യതയും:
റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 2024 സീരീസിലെ 43 ഇഞ്ച് മോഡലിൻ്റെ വില 23499 രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം അതിൻ്റെ 55 ഇഞ്ച് മോഡലിൻ്റെ വില ആരംഭിക്കുന്നത് 34499 രൂപയിലാണ്. ഈ രണ്ടു മോഡലുകൾക്കും ബാങ്ക് ഓഫറുകൾ ലഭ്യമാണ്. ICICI ബാങ്കിൻ്റെ ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് 1500 രൂപയാണ് ഡിസ്കൗണ്ട് ലഭിക്കുക. സെപ്തംബർ 18 മുതൽ വിൽപ്പന ആരംഭിക്കുന്ന ഈ സ്മാർട്ട് ടിവികൾ ഫ്ലിപ്കാർട്ടിലൂടെയാണ് വാങ്ങാൻ കഴിയുക.റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 2024 സീരീസിൻ്റെ സവിശേഷതകൾ:
4K HDR ഡിസ്പ്ലേയുള്ള റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 2024 എഡിഷൻ ബെസൽ-ലെസ് (സ്ക്രീൻ ബോർഡർ ഇല്ലാത്ത) ഡിസൈനിലാണു വരുന്നതെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രസ് റിലീസിലൂടെ വ്യക്തമാക്കിയിരുന്നു. വീഡിയോ പ്രോസസിങ്ങിനായി മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ (MEMC) ടെക്നോളജിയുള്ള ഈ സ്മാർട്ട് ടിവി പിക്ചർ ഇൻ പിക്ചർ മോഡും ഓഫർ ചെയ്യുന്നുണ്ട്.
64ബിറ്റ് ക്വാഡ് കോർ പ്രോസസറുള്ള ഈ സ്മാർട്ട് ടിവിയിൽ 2GB RAM + 8GB ഇൻ ബിൽട്ട് സ്റ്റോറേജാണു നൽകിയിരിക്കുന്നത്. ഫയർ ടിവി സംയോജിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് ഇൻ ബിൽട്ട് ആപ്പ് സ്റ്റോർ വഴി 12000 ത്തിൽ അധികം ആപ്പുകൾ ആക്സസ് ചെയ്യാനും പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ സിനിമ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾ ബ്രൗസ് ചെയ്തു കണ്ടൻ്റുകൾ ആസ്വദിക്കാനും കഴിയും.
ബ്ലൂടൂത്ത് 5.0, ഡ്യുവൽ ബാൻഡ് വൈഫൈ, എയർപ്ലേ 2, മിറകാസ്റ്റ് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഈ സ്മാർട്ട് ടിവിയിൽ വീഡിയോകൾ സ്ട്രീം ചെയ്യാനും ഫോട്ടോകൾ ഷെയർ ചെയ്യാനും എക്സ്റ്റേണൽ സ്പീക്കറുകൾ, ഹെഡ്ഫോണുകൾ എന്നിവ കണക്റ്റ് ചെയ്യാനുമെല്ലാം കഴിയും.
ഇതു കൂടാതെ അലക്സ വോയ്സ് അസിസ്റ്റൻ്റ് ഉപയോഗിച്ച് വാക്കുകളിലൂടെ ടിവി കൺട്രോൾ ചെയ്യാനും കണ്ടെൻ്റുകൾ തിരയാനും കഴിയും. കൂടാതെ ഈ സ്മാർട്ട് ടിവിക്ക് അലക്സ ഫീച്ചറുള്ള മറ്റുള്ള സ്മാർട്ട് വീട്ടുപകരണങ്ങളുടെ സെൻട്രൽ ഹബ്ബായി പ്രവർത്തിക്കാൻ കഴിയുമെന്നും അവയെല്ലാം വാക്കുകളാൽ നിയന്ത്രിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.