ഷവോമി മിക്സ് ഫ്ലിപ് ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തത് അതിൻ്റെ നിർമാതാക്കൾ സ്ഥിരീകരിച്ചു. ജൂലൈ 19ന് ഷവോമിയുടെ സിഇഒയായ ലീ ജുന്നിൻ്റെ വാർഷികപ്രസംഗത്തിനൊപ്പമാണ് ഷവോമി മിക്സ് ഫ്ലിപ് ഫോൺ അനാവരണം ചെയ്യപ്പെട്ടത്. പ്രസ്തുത ഹാൻഡ്സെറ്റിനൊപ്പം മറ്റു പല വിഭാഗത്തിൽപ്പെട്ട നിരവധി ഉൽപന്നങ്ങളും വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഷവോമി മിക്സ് ഫോൾഡ് 4, റെഡ്മി K70 അൾട്രാ, വാച്ച് S4 സ്പോർട്ട്, ബഡ്‌സ് 5, സ്മാർട്ട് ബാൻഡ് 9 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഷവോമിയുടെ ഈ വർഷത്തെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരുന്നു ഇത്.
മടക്കാൻ കഴിയുന്ന ഹാൻഡ് സെറ്റായ മിക്സ് ഫ്ലിപ്പ് അവതരിപ്പിക്കുന്ന ചടങ്ങിനു മുൻപു തന്നെ ഷവോമി അതിൻ്റെ ചില സവിശേഷതകൾ പുറത്തു വിടുകയുണ്ടായി. ഡിസൈൻ, ഫോണിലെ ചിപ്സെറ്റ്, ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണു പുറത്തു വിട്ടത്.
ഷവോമി മിക്സ് ഫ്ലിപ്പ് ഹാൻഡ് സെറ്റിൻ്റെ ഡിസൈനും പ്രധാന സവിശേഷതകളും:
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവെച്ച നിരവധി പോസ്റ്റുകളിലൂടെയാണ് ഷവോമി സിഇഒ ലീ ജുൻ മിക്സ് ഫ്ലിപ്പ് ഹാൻഡ് സെറ്റിൻ്റെ നിരവധി വിവരങ്ങൾ പങ്കുവെച്ചത്. സ്മാർട്ട് ഫോണുകൾക്കുള്ള ഇപ്പോഴത്തെ ജനറേഷൻ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റായ ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണ് ഇതിലുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, അടുത്തിടെ പുറത്തിറങ്ങിയ മോട്ടറോള റേസർ 50 അൾട്രായുടെ ഔട്ടർ ഡിസ്‌പ്ലേക്കു സമാനമായി റിയർ ക്യാമറ മൊഡ്യൂളിന് ചുറ്റും രണ്ട് സെൻസറുകൾ അടങ്ങുന്ന ഒരു വലിയ കവർ ഡിസ്‌പ്ലേയും ഉണ്ടായിരിക്കും.
ഷവോമി 14 അൾട്രാ പോലെ ലെയ്ക- ട്യൂൺഡ് ഡ്യൂവൽ ക്യാമറ സിസ്റ്റമാണ് ഈ മൊബൈൽ ഫോണിലുമുള്ളത്. അതു ഒന്നിനു താഴെ ഒന്നായി കുത്തനെ വെച്ചിരിക്കുന്നു. താഴത്തെ ലെൻസിലാണ് എൽഇഡി ഫ്ലാഷിൻ്റെ സാന്നിധ്യമുള്ളത്. ഹാൻഡ്സെറ്റിൻ്റെ താഴെയാണ് ഭാഗത്ത് സ്പീക്കർ ഗ്രിൽ, മൈക്രോഫോൺ, യുഎസ്ബി ടൈപ്പ് സി പോർട്ട്, സിം ട്രേ എന്നിവയുള്ളത്. ആൻ്റിന ബാൻഡുകൾ ഫോണിൻ്റെ ഏതു ഭാഗത്തു നിന്നും കാണാൻ കഴിയും.
കറുപ്പ്, പർപിൾ, സിൽവർ/വെള്ള എന്നിങ്ങനെ നിരവധി നിറങ്ങളിൽ ഷവോമി മിക്സ് ഫ്ലിപ് ലഭ്യമാണ്. ടീസർ ചിത്രങ്ങൾ നൽകുന്ന സൂചന ഹാൻഡ് സെറ്റിന് ഒന്നിലധികം ഡിസൈനുകൾ ഉണ്ടെന്നാണ്. ഒരെണ്ണം പരുക്കൻ സ്വഭാവമുള്ള കറുത്ത പാനലായും മറ്റൊന്നു മിനുസമുള്ള പ്രതലമുള്ള പാനലായുമാണു കാണുന്നത്.ഷവോമി മിക്സ് ഫ്ലിപിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ:
1.5K റെസലൂഷൻ ഡിസ്പ്ലേയാണ് ഷവോമി മിക്സ് ഫ്ലിപിൽ പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്‌സൽ OV50E പ്രൈമറി സെൻസറും 2x ഒപ്റ്റിക്കൽ സൂമോടുകൂടിയ 60 മെഗാപിക്‌സൽ OV60A സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കു വേണ്ടി 30 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകുമെന്നു കരുതപ്പെടുന്നു. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 4700 mAh ബാറ്ററിയാണ് ഇതിലുള്ളത്.