ഇയർഫോൺ നിർമാതാക്കളിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നായ ബോട്ടിൻ്റെ ആദ്യത്തെ ഓപ്പൺ ഇയർ വെയറബിൾ സ്റ്റീരിയോ (OWS) ഇയർഫോൺ കഴിഞ്ഞ ദിവസം ഇന്ത്യയിലും ലോഞ്ച് ചെയ്തു. ബോട്ട് എയർഡോപ്സ് പ്രോഗിയർ എന്ന പേരിലാണ് കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾക്കു നൽകുന്ന ഇൻ-ഇയർ ഡിസൈനിന് പകരം, ബോട്ട് എയർഡോപ്സ് പ്രോഗിയർ ഓപ്പൺ-ഇയർ ഡിസൈനുമായാണ് ഇന്ത്യയിലേക്കു വരുന്നത്. സന്ദർഭത്തിനനുസരിച്ച് അവബോധത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്നതിനൊപ്പം, ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഓഡിയോ അനുഭവം നൽകുന്നതിനും, പ്രകൃതിയിൽ ശബ്ദം സഞ്ചരിക്കുന്നതിൻ്റെ സ്വാഭാവികമായ രീതിയായ എയർ കണ്ടക്ഷൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ചാർജിംഗ് കെയ്സ് ഉൾപ്പെടെ നൂറു മണിക്കൂർ പ്ലേബാക്ക് ടൈം തങ്ങളുടെ പുതിയ ഇയർഫോണിനു ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ബോട്ട് എയർഡോപ്സ് പ്രോഗിയറിൻ്റെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:
1999 രൂപയാണ് ഇന്ത്യയിൽ ബോട്ട് എയർഡോപ്സ് പ്രോഗിയറിൻ്റെ വില. ആമസോൺ, മിന്ത്ര, ബോട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിലൂടെ ഇതു നിങ്ങൾക്കു വാങ്ങാൻ കഴിയും. അതേസമയം ഫ്ലിപ്കാർട്ടിൽ ഈ OWS ഇയർഫോൺ 1699 രൂപയെന്ന സ്പെഷ്യൽ പ്രൈസിൽ ലഭ്യമാകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
മുൻപു പറഞ്ഞ ഓൺലൈൻ സ്റ്റോറുകൾക്കു പുറമെ റിലയൻസ്, ക്രോമ, വിജയ് സ്റ്റോർ എന്നിങ്ങനെയുള്ള പ്രശസ്തമായ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ബോട്ട് എയർഡോപ്സ് പ്രോഗിയർ വാങ്ങാൻ കഴിയും. ആക്റ്റീവ് ബ്ലാക്ക്, സ്പോർട്ടിംഗ് ഗ്രീൻ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്റ്റ് ബോട്ട് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.ബോട്ട് എയർഡോപ്സ് പ്രോഗിയറിൻ്റെ സവിശേഷതകൾ:
15mm ഡ്രൈവേഴ്സുമായെത്തുന്ന ബോട്ട് എയർഡോപ്സ് പ്രോഗിയർ ഇയർഫോണിൽ എയർ കണ്ടക്ഷൻ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്‌ദം വായുവിലൂടെ സഞ്ചരിക്കുന്ന കമ്പനങ്ങൾ ഉപയോഗിച്ച് നമ്മുടെ കർണ്ണപുടം സ്പന്ദിക്കുന്നതാണ് എയർ കണ്ടക്ഷൻ ടെക്നോളജി. ഇതു തലച്ചോറിലേക്കു സിഗ്നലുകളിലായി വിവർത്തനം ചെയ്തു നൽകി ഓഡിയോയായി മാറുന്നു. ഇയർ കനാൽ മൂടി നിൽക്കുന്ന പരമ്പരാഗത ഇൻ-ഇയർ ഇയർബഡുകളിൽ നിന്ന് വ്യത്യസ്തമായി ഓപ്പൺ-ഇയർ ഡിസൈനിലുള്ള ബോട്ട് എയർഡോപ്സ് പ്രോഗിയർ ഇയർ കനാലിനു പുറത്ത് ഇയർ-ഹുക്കുകൾ ഉപയോഗിച്ച് നമുക്കു സ്ഥാപിച്ചു നിർത്താൻ കഴിയും. ഇൻ-ഇയർ ഇയർഫോണുകൾ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് വ്യക്തികൾക്കു സാഹചര്യത്തെക്കുറിച്ച് വ്യക്തമായ അവബോധമുണ്ടാകാനും ചെവിയുടെ കനാലുകൾ മൂടാതിരിക്കാനും ഇതു വളരെയധികം സഹായിക്കുന്നു. ഇയർ ഹുക്കുകൾ ഭാരം കുറഞ്ഞതാണെന്നും ചർമ്മത്തിന് യാതൊരു ദോഷവും വരാത്ത വസ്തുക്കൾ കൊണ്ടു നിർമ്മിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.
Al സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻവിറോൺമെൻ്റൽ നോയ്സ് കാൻസലേഷനെ (ENC) സപ്പോർട്ട് ചെയ്യുന്ന ക്വാഡ് മൈക്ക് സിസ്റ്റമാണ് പുതിയതായി ലോഞ്ച് ചെയ്ത OWS ഇയർഫോണിലുള്ളത്. ഇതു സ്ഥിരതയുള്ളതും വ്യക്തമായതുമായ കോളിംഗ് അനുഭവം ഉറപ്പു നൽകുന്നു. ഗെയിമിംഗ് അല്ലെങ്കിൽ ഓൺലൈനിൽ വീഡിയോകൾ സ്ട്രീം ചെയ്യുമ്പോൾ ഓഡിയോക്കും വിഷ്വലിനും ഇടയിൽ കുറഞ്ഞ കാലതാമസം നൽകുന്ന 40ms ലോ ലേറ്റൻസി ഗെയിമിംഗ് മോഡിനെയും ബോട്ട് എയർഡോപ്സ് പ്രോഗിയർ സപ്പോർട്ടു ചെയ്യുന്നുണ്ട്.
ബോട്ട് എയർഡോപ്സ് പ്രോഗിയറിൻ്റെ ഇയർബഡ്സുകളിൽ 65mAh ബാറ്ററി വീതമാണുള്ളത്. ചാർജിംഗ് കെയ്‌സിൽ 500mAh ബാറ്ററിയുമുണ്ട്. ഒരൊറ്റ തവണ ഫുൾ ചാർജ് ചെയ്താൽ, OWS ഇയർഫോണുകൾ 100 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്നും 10 മിനിറ്റ് സമയം ചാർജ് ചെയ്താൽ 10 മണിക്കൂർ വരെ പ്ലേബാക്ക് സമയം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX5 റേറ്റിംഗുള്ള ഇയർബഡുകൾക്ക് ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി സപ്പോർട്ടുമുണ്ട്.