ചന്ദ്രനുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും ലോകരാജ്യങ്ങൾ വളരെ കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളരെ വഴിത്തിരിവുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്ത്. ചന്ദ്രനിലെ മണ്ണിൽ നിന്നും വലിയ തോതിൽ വെള്ളം ഉണ്ടാക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ചൈനീസ് ശാസ്ത്രജ്ഞർ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2020 മുതൽ ആരംഭിച്ച പരീക്ഷണങ്ങളുടെ ഫലമായാണ് ഈ കണ്ടെത്തലെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയായ സിസിടിവി കഴിഞ്ഞ വ്യാഴാഴ്ച റിപ്പോർട്ടു ചെയ്തു.
2020 ൽ ആരംഭിച്ച ചൈനയുടെ ചാങ്ങ്‘ഇ ദൗത്യത്തിൻ്റെ ഭാഗമായി 44 വർഷത്തിനിടയിൽ ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചിരുന്നു. ചന്ദ്രനിൽ നിന്നും ശേഖരിച്ച മണ്ണിലെ ധാതുക്കളിൽ വലിയ തോതിൽ ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടെന്ന് സർക്കാറിനു കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ മറ്റു മൂലകങ്ങളുമായി പ്രവർത്തിച്ച് ജലബാഷ്പം ഉണ്ടാക്കുന്നുവെന്നാണ് സിസിടിവി റിപ്പോർട്ടിൽ പറയുന്നത്.
“മൂന്നു വർഷം നീണ്ടു നിന്ന വലിയ ഗവേഷണത്തിനും നിരവധി തവണ നടത്തിയ പരിശോധനകൾക്കും ശേഷമാണ് ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് വലിയ തോതിൽ വെള്ളം ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തിയത്. ഇതു ഭാവിയിൽ ചന്ദ്രനെക്കുറിച്ചു പഠനം നടത്താനുള്ള ഗവേഷണകേന്ദ്രങ്ങൾ, ബഹിരാകാശ കേന്ദ്രങ്ങൾ എന്നിവയുടെ നിർമാണത്തിന് സഹായിക്കും.” ചൈനീസ് സ്റ്റേറ്റ് മീഡിയയായ സിസിടിവി പറഞ്ഞു.
ചന്ദ്രനിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനു വേണ്ടിയും ഖനനം ചെയ്യുന്നതിനു വേണ്ടിയും അമേരിക്കയും ചൈനയും തമ്മിൽ മത്സരം നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായി ചന്ദ്രനിൽ സ്ഥിരമായി ഒരു ഔട്ട്പോസ്റ്റ് സ്ഥാപിക്കാനുള്ള വർഷങ്ങൾ നീണ്ട ചൈനയുടെ പദ്ധതിക്ക് വലിയ തോതിൽ കരുത്തു പകരുന്നതാണ് ഈ പുതിയ കണ്ടെത്തൽ.
ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് നാസ മേധാവി ബിൽ നെൽസൺ നിരവധി തവണ മുന്നറിയിപ്പു നൽകിയിരുന്നു. ചന്ദ്രനിലെ ഏറ്റവും വിഭവങ്ങൾ നിറഞ്ഞ സ്ഥലങ്ങളിൽ ചൈന ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ചൈന വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ടൺ മണ്ണിൽ നിന്നും 51 മുതൽ 76 കിലോഗ്രാം വരെ വെള്ളം ഉത്പാദിപ്പിക്കാൻ കഴിയും. ഇതു 500 മില്ലി ലിറ്ററിൻ്റെ നൂറിലധികം വെള്ളക്കുപ്പികൾക്കും, അല്ലെങ്കിൽ 50 പേർ ഒരു ദിവസം ഉപയോഗിക്കേണ്ട വെള്ളത്തിനും തുല്യമാണെന്ന് ചൈനീസ് മീഡിയയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഷ്യയുമായി സഹകരിച്ച് ഒരു ഇൻ്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ILRS) സ്ഥാപിക്കാൻ ചൈനക്കു പദ്ധതിയുണ്ട്. ഇപ്പോഴത്തെ കണ്ടെത്തലുകൾ ആ പദ്ധതിക്ക് അടിത്തറ സ്ഥാപിക്കുമെന്നാണ് ചൈന കരുതുന്നത്. 2035 ആകുമ്പോഴേക്കും ചന്ദ്രൻ്റെ ദക്ഷിണ ദ്രുവത്തിൽ ഒരു ‘ബേസിക് സ്‌റ്റേഷൻ' സ്ഥാപിക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ 2045 ഓടെ ചന്ദ്രനെ ചുറ്റുന്ന ഒരു ബഹിരാകാശ നിലയം പണി കഴിപ്പിക്കാനും അവർ തയ്യാറെടുക്കുന്നു.
ചാങ്ങ്'ഇ 6 ദൗത്യത്തിൻ്റെ ഭാഗമായി, ഇക്കഴിഞ്ഞ ജൂണിൽ ചന്ദ്രനിൽ നിന്നും കൊണ്ടു വന്ന സാംപിളുകളിൽ ചൈനീസ് ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തുന്ന സമയത്തു തന്നെയാണ് പുതിയ കണ്ടുപിടുത്തം പ്രഖ്യാപിക്കപ്പെട്ടത്. ചാങ്ങ്'ഇ 5 ദൗത്യം ഭൂമിയെ അഭിമുഖീകരിച്ചു നിൽക്കുന്ന ചന്ദ്രൻ്റെ ഭാഗത്തു നിന്നുള്ള സാംപിളുകളാണു കൊണ്ടു വന്നത്. അതേസമയം ചാങ്ങ്'ഇ 6 ദൗത്യത്തിൻ്റെ ഭാഗമായി ഭൂമിയിൽ നിന്നും മറഞ്ഞിരിക്കുന്ന ചന്ദ്രനിലെ ഭാഗത്തു നിന്നാണു സാംപിളുകൾ ശേഖരിച്ചത്.
മനുഷ്യജീവനെ പിന്തുണക്കും എന്നതു കൊണ്ടു മാത്രമല്ല ചന്ദ്രനിലെ ജലം പ്രധാനപ്പെട്ടതായി മാറുന്നത്. ചന്ദ്രനിൽ കണ്ടെത്തിയ ജലത്തെ റോക്കറ്റ് ഇന്ധനമാക്കി മാറ്റാൻ കഴിയുമെന്ന് നാസ മേധാവി കഴിഞ്ഞ മെയ് മാസത്തിൽ പരാമർശിച്ചിരുന്നു. ഇതു മറ്റു ഗ്രഹങ്ങളിലേക്കും ബഹിരാകാശത്തേക്കും നടത്തുന്ന വിവിധ ദൗത്യങ്ങൾക്കു സഹായമാകും.
പരസ്യം
പരസ്യം