2024 സെപ്തംബർ മാസത്തിൽ നല്ല തെളിച്ചമുള്ള, നോർത്തേൺ ലൈറ്റ്സ് എന്ന് അനൗപചാരികമായി വിളിക്കപ്പെടുന്ന അറോറ കാണാനുള്ള അവസരമുണ്ടാകും എന്നു കരുതപ്പെടുന്നു. പ്രത്യേകിച്ചും സെപ്തംബർ 22 നു പ്രതീക്ഷിക്കുന്ന ശരത്കാല വിഷുവത്തിൻ്റെ (എക്വിനോക്സ്) അടുത്ത ദിവസങ്ങളിലായാണ് ഇതു കൂടുതൽ തെളിഞ്ഞു കാണാൻ സാധ്യത. റസെൽ മക്ഫെറോൺ എഫക്റ്റ് എന്ന പ്രഭാവം കാരണം ഈ സമയത്ത് ജിയോമാഗ്നറ്റിക് സ്റ്റോമുകൾ പതിവിലും ശക്തമായിരിക്കും എന്നാണു വിദഗ്ദർ കരുതുന്നത്. 1973 ൽ കണ്ടെത്തിയ റസെൽ മക്ഫെറോൺ എഫക്റ്റ് എന്ന പ്രതിഭാസം ഉണ്ടാകുന്ന വിഷുവത്തിൻ്റെ ദിനങ്ങളിൽ ഭൂമിയുടെ കാന്തികക്ഷേത്രം സോളാർ വിൻഡിനൊപ്പം നിൽക്കുകയും, ഇതു കൂടുതൽ ചാർജ് ചെയ്യപ്പെട്ട സൂര്യൻ്റെ വികിരണങ്ങൾ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇതാണു അറോറയുടെ തീവ്രത വർദ്ധിക്കാനും ആകാശത്ത് വളരെ മനോഹരമായ നിറക്കൂട്ടുകൾ ഉണ്ടാകാനും കാരണമാകുന്നത്.
നേരത്തെ പറഞ്ഞതു പോലെ റസ്സൽ മക്ഫെറോൺ എഫക്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന പ്രതിഭാസം കാരണമാണ് സെപ്തംബറിലെ വിഷുവം (സൂര്യൻ ഒരയനത്തിൽ നിന്നും മറ്റേതിലേക്കു കടക്കുന്ന സമയം) അറോറകൾ ഉണ്ടാവുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
മാർച്ച്, സെപ്തംബർ മാസങ്ങളിലെ വിഷുവ ദിനങ്ങളിൽ സോളാർ വിൻഡ് (സൂര്യനിൽ നിന്നുള്ള ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ പ്രവാഹങ്ങൾ) നമ്മുടെ അന്തരീക്ഷത്തിലേക്കു കടക്കുന്നത് എളുപ്പമാക്കുന്ന തരത്തിലാണ് ഭൂമിയുടെ കാന്തികക്ഷേത്രം അണിനിരക്കുക. ഈ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ വെച്ച് ഓക്സിജൻ, നൈട്രജൻ കണങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ അവ അറോറ എന്ന പേരിൽ അറിയപ്പെടുന്ന വർണാഭമായ വെളിച്ചമായി നമുക്കു മുന്നിൽ ദൃശ്യമാകുന്നു. വിഷുവ ദിനങ്ങളിലുള്ള ഈ വിന്യാസം കാരണം വടക്കൻ അർദ്ധഗോളത്തിൽ നോർത്തേൺ ലൈറ്റുകൾ കാണാനുള്ള സാധ്യത വർദ്ധിക്കുന്നു.
ഭൂമിക്കെന്നതു പോലെ സൂര്യനും ഒരു കാന്തികക്ഷേത്രമുണ്ട്. ഭൂമിയെ അപേക്ഷിച്ചു വലിപ്പമുള്ള സൂര്യൻ്റെ കാന്തികക്ഷേത്രത്തിന് 11 വർഷത്തെ പ്രവർത്തന ചക്രമാണുള്ളത്. 11 വർഷം കൂടുമ്പോൾ ഈ കാന്തികക്ഷേത്രത്തിൻ്റെ പ്രവർത്തനം ഏറ്റവും ഉയർന്ന തലത്തിലെത്തുമ്പോൾ ജിയോമാഗ്നറ്റിക് സ്റ്റോമുകൾ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. കഴിഞ്ഞ മെയ് മാസത്തിൽ ഉണ്ടായ ശക്തമായ ജിയോമാഗ്നറ്റിക് സ്റ്റോം തെക്കുഭാഗത്ത് മെക്സിക്കോ, ഫ്ലോറിഡ എന്നിവിടങ്ങളിൽ വരെ അറോറകൾ ദൃശ്യമാകാൻ കാരണമായി. സോളാർ ആക്റ്റിവിറ്റി ഉയരുന്നതിനാൽ സെപ്തംബറിലും സമാനമായ രീതിയിൽ ജിയോമാഗ്നറ്റിക് സ്റ്റോം പ്രതീക്ഷിക്കാം. ഇത് ആകാശത്ത് അതിമനോഹരമായ നിറക്കൂട്ടുകൾ കാണാൻ വീണ്ടുമൊരു മികച്ച അവസരം ഉണ്ടാക്കുന്നു.
സെപ്തംബർ മാസത്തിലെ വിഷുവ ദിനങ്ങൾ അറോറകൾ കാണാനുള്ള ഏറ്റവും മികച്ചൊരു സമയമാണ്. കാരണം ഈ ദിവസങ്ങളിൽ പകലിൻ്റെയും രാത്രിയുടെയും സമയം തുല്യമായ കണക്കിലാണ് ഉണ്ടാവുക. വടക്കൻ അർദ്ധഗോളത്തിൽ 12 മണിക്കൂർ പകലും 12 മണിക്കൂർ രാത്രിയും ഉണ്ടാകും. ഇത് അറോറകളെ കാണാൻ ഏറ്റവും മികച്ച സാഹചര്യം സൃഷ്ടിക്കുന്നു. വേനൽക്കാലത്തേക്കാൾ ആകാശം ഇരുണ്ടതായിരിക്കും എന്നതിനാൽ നോർത്തേൺ ലൈറ്റുകൾ വളരെ മനോഹരമായ അവസ്ഥയിൽ, അവയുടെ പൂർണമായ സൗന്ദര്യത്തിൽ കാണാൻ കഴിയും.
ഭൂമധ്യരേഖയുടെ അടുത്തു കിടക്കുന്നതിനാൽ ഇന്ത്യയിൽ അറോറ കാണാനുള്ള സാധ്യത തീരെയില്ല. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ലേഹ്-ലഡാക്കിൽ അറോറ ഉണ്ടാവുകയും നിരവധി പേർ ആസ്വദിക്കുകയും ചെയ്തിരുന്നു.
പരസ്യം
പരസ്യം