Photo Credit: Xiaomi
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ ഷവോമി അവരുടെ ഏറ്റവും പുതിയ 15 സീരീസിലെ സ്മാർട്ട്ഫോണുകൾ നാളെ (ചൊവ്വാഴ്ച) ചൈനയിൽ അവതരിപ്പിക്കും. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഈ ലൈനപ്പിൽ രണ്ട് മോഡലുകളാണ് ഉൾപ്പെടുന്നത്. ഷവോമി 15, ഷവോമി 15 പ്രോ എന്നിവയാണത്. മികച്ച വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുന്ന ക്വാൽകോമിൻ്റെ പുതിയ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഫോണുകളിൽ ഒന്നായിരിക്കുമിത്. ഷവോമിയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ അടുത്തിടെ രണ്ട് മോഡലുകളുടെയും പ്രധാനപ്പെട്ട ചില സവിശേഷതകൾ പങ്കിടുകയുണ്ടായി. പ്രധാനമായി, ഷവോമി 15 പ്രോയിൽ 5X ടെലിഫോട്ടോ ക്യാമറയാണുള്ളത്. ഇതിനു പുറമേ ഈ മോഡലിൽ 6,100mAh ബാറ്ററിയും ഉൾപ്പെടുന്നു. ഔദ്യോഗിക ലോഞ്ചിംഗിനു ശേഷം ഈ സീരീസിലെ ഫോണുകളുടെ മുഴുവൻ സവിശേഷതകളും പുറത്തു വരും എന്നാണു പ്രതീക്ഷിക്കുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിലെ പോസ്റ്റുകളിലൂടെയാണ് ഷവോമി അവരുടെ പുതിയ സീരീസ് ഫോണുകളെ സംബന്ധിച്ചു വെളിപ്പെടുത്തിയത്. ഷവോമി 15 പ്രോ മോഡലിന് 850Wh/L എനർജി ഡെൻസിറ്റിയുള്ള 6,100mAh ബാറ്ററി ഉണ്ടാകുമെന്ന് അവർ പറഞ്ഞു. 4,880mAh ബാറ്ററിയുമായി പുറത്തിറങ്ങിയ ഷവോമി 14 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ബാറ്ററിയുടെ കാര്യത്തിൽ 38 ശതമാനം പുരോഗതിയുണ്ട്.
കസ്റ്റമൈസ്ഡ് M9 ലുമിനസ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച 2K മൈക്രോ-കർവ് സ്‌ക്രീനാകും ഷവോമി 15 പ്രോ മോഡലിൽ ഉണ്ടാവുക. ഈ സ്‌ക്രീനിന് 1.38mm ഉള്ള വളരെ നേർത്ത ബെസലുകൾ ഉണ്ടായിരിക്കും, കൂടാതെ 3,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ലെവലിൽ എത്താനും കഴിയും. ഈ ഡിസ്‌പ്ലേയിൽ ഉപയോഗിച്ചിരിക്കുന്ന പുതിയ ലൈറ്റ് എമിറ്റിംഗ് മെറ്റീരിയൽ വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, ഷവോമി 15 പ്രോ അതിൻ്റെ 5X പെരിസ്കോപ്പ് ക്യാമറയിലൂടെ 10X ലോസ്‌ലെസ് സൂമിനെ പിന്തുണയ്ക്കും. ഷവോമി 15, ഷവോമി 15 പ്രോ മോഡലുകൾക്ക് ലെയ്ക്ക ബ്രാൻഡഡ് ക്യാമറ സെറ്റപ്പുകൾ ഉണ്ടായിരിക്കുമെന്ന് ടീസറുകൾ സ്ഥിരീകരിക്കുന്നുണ്ട്.
രണ്ട് മോഡലുകളിലും ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് നൽകുന്നത്, ഇത് ഷവോമിയുടെ ഹൈപ്പർകോർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കും. ഈ കോമ്പിനേഷൻ മുൻ മോഡലുകളെ അപേക്ഷിച്ച് പ്രകടനം 45 ശതമാനം വർദ്ധിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്, ഇതിനു പുറമെ വൈദ്യുതി ഉപഭോഗം 52 ശതമാനം കുറയ്ക്കുകയും ചെയ്യും. 2K റെസല്യൂഷനിൽ 11 മണിക്കൂർ ദൈർഘ്യമുള്ള വലിയ തോതിലുള്ള ടേൺ ബേസ്ഡ് 3D ഗെയിം കളിച്ച് കമ്പനി പവർ കണക്കുകൾ പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഷവോമി 15 സീരീസിന് 42.1 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തിക്കൊണ്ട് സെക്കൻഡിൽ 59.4 ഫ്രെയിം റേറ്റിൽ (fps) തുടരാൻ കഴിയും.
പരസ്യം
പരസ്യം