Photo Credit: Vivo
Vivo V50 (ചിത്രം) മുമ്പത്തെ V40 മോഡലിന് സമാനമാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ അവരുടെ വരാനിരിക്കുന്ന പ്രീമിയം സ്മാർട്ട്‌ഫോണായ വിവോ V50-നെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗികമായി പങ്കിട്ടു. വിവോ V40 പ്രോയ്‌ക്കൊപ്പം 2024 ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച വിവോ V40 എന്ന മോഡലിൻ്റെ പിൻഗാമിയായിട്ടാകും ഈ പുതിയ മോഡൽ എത്തുന്നത്. വളരെക്കാലമായി, V50 ഫോണിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വിവോ ഈ ഫോണിൻ്റെ മിക്ക വിശദാംശങ്ങളും തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, പ്രോസസർ, ചാർജിംഗ് വേഗത, മറ്റ് ചില സവിശേഷതകൾ എന്നിവ പോലുള്ള ചില പ്രധാന വിശദാംശങ്ങൾ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ലാൻഡിംഗ് പേജ് വിവോ V50 ഫോണിൻ്റെ ഡിസൈനും ഫോൺ ലോഞ്ച് ചെയ്യുമ്പോൾ ഏതൊക്കെ നിറങ്ങളിൽ ലഭ്യമാകും എന്ന വിവരവും നമുക്ക് നൽകുന്നു. ഈ ഔദ്യോഗിക പ്രഖ്യാപനത്തോടെ, വിവോ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണിനെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങളും ഇല്ലാതാക്കിയിട്ടുണ്ട്.
വിവോ V50 ഇതിൻ്റെ മുൻഗാമിയായ ഫോണിൻ്റെ അതേ മോഡലിൽ തന്നെയാണ്. എന്നാൽ പുതിയ ഫോണിന് കൂടുതൽ റൗണ്ട് ഷേപ്പിലുള്ള ഡിസൈനുണ്ട്. ഒരു വലിയ മാറ്റം അതിൻ്റെ ഡിസ്പ്ലേയിലാണ്. വിവോ V40 ഫോണിനെ പോലെ ഇടതും വലതും വശങ്ങളിലായി മാത്രമുള്ള കർവ്ഡ് ഡിസൈനിനു പകരം, ഇപ്പോൾ ഇതിന് നാല് വശങ്ങളിലും ചെറുതായി കർവുണ്ട്.
IP68, IP69 റേറ്റിംഗുള്ള ഫോൺ പൊടി, ജലം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിൻ്റെ കാര്യത്തിൽ മുന്നിൽ തന്നെയാണ്. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാകും.
രണ്ട് ക്യാമറകളുള്ള കീഹോൾ ആകൃതിയിലുള്ള ഡിസൈനാണ് റിയർ ക്യാമറ സെറ്റപ്പിലുള്ളത്. ഫോണിലെ മൂന്ന് ക്യാമറകളിലും 50 മെഗാപിക്സൽ സെൻസറുകളാണ് ഉപയോഗിക്കുന്നത്. 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവോയുടെ ഓറ ലൈറ്റ് ഫീച്ചറും ഇതിലുണ്ട്, എന്നാൽ അതു മുൻ മോഡലുകളെ അപേക്ഷിച്ചു കൂടുതൽ വലുതാണ്.
ഔദ്യോഗിക പേജിൽ നിന്നുള്ള മറ്റ് വിശദാംശങ്ങളിൽ 6,000mAh ബാറ്ററി, Funtouch OS 15, വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ X200 പ്രോ മോഡലിൽ നിന്നുള്ള ചില AI, ക്യാമറ സവിശേഷതകൾ എന്നിവയും ഇതിനുണ്ടാകുമെന്നു പരാമർശിക്കുന്നു. എന്നിരുന്നാലും, പ്രോസസറും ചാർജിംഗ് വേഗതയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫോണിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പ്സെറ്റ് ആയിരിക്കുമെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. വിവോ V50 ഫെബ്രുവരി 18-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരസ്യം
പരസ്യം