Photo Credit: Samsung
ജനുവരി 22-ന് നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും സാംസങ് ഗാലക്‌സി S25 സീരീസ് ഫോണുകൾ അവതരിപ്പിച്ചു. ലോഞ്ച് വേളയിൽ, സ്റ്റാൻഡേർഡ് ഗാലക്‌സി S25 മോഡലിൻ്റെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയൻ്റുകളും അവയുടെ വിലയും ലഭ്യതയും മാത്രമാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വന്ന പുതിയ റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി S25 ഫോണിൻ്റെ 128 ജിബി സ്റ്റോറേജ് വേരിയൻ്റും പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ മോഡൽ താരതമ്യേനെ കുറഞ്ഞ വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടുതൽ സ്റ്റോറേജ് ഓപ്ഷൻ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഗുണം ചെയ്യും. 128 ജിബി മോഡലിൻ്റെ ലോഞ്ച് തീയതിയോ വിലയോ സാംസങ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തു വന്നേക്കാം.
റീട്ടെയിൽ സോഴ്സുകൾ പ്രകാരം, സാംസങ് ഗാലക്‌സി S25 (128 ജിബി) ഫോണിന് ഇന്ത്യയിൽ 74,999 രൂപ വില വരുമെന്ന് 91മൊബൈൽസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഗാലക്സി S24 (128GB) ഇതേ വിലയിലാണ് കമ്പനി അവതരിപ്പിച്ചത്. ഈ മോഡലിനായുള്ള പ്രീ-ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല, എന്നാൽ അടുത്ത തീയതികളിൽ തന്നെ ഇത് വാങ്ങാൻ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇതിൻ്റെ ലഭ്യതയെക്കുറിച്ചും സംശയങ്ങളുണ്ട്. 128GB മോഡൽ സാംസങ്ങ് ഗാലക്സി S25 ഇന്ത്യയിലെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല. റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഓഫ്‌ലൈൻ ചാനലുകൾ വഴിയും മാത്രമേ ഇത് വിൽക്കാൻ കഴിയൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, യുഎസിലും മറ്റ് ചില രാജ്യങ്ങളിലും ഇതേ 128GB മോഡലിന് $799 (ഏകദേശം ₹69,100) ആണ് വില.
ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച സാംസങ്ങ് ഗാലക്സി S25 256GB, 512GB വേരിയൻ്റുകൾക്ക് യഥാക്രമം 80,999 രൂപ, 92,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഐസി ബ്ലൂ, മിൻ്റ്, നേവി, സിൽവർ ഷാഡോ എന്നീ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഇതു കൂടാതെയുള്ള ബ്ലൂബാക്ക്, കോറൽറെഡ്, പിങ്ക്ഗോൾഡ് എന്നീ നിറങ്ങൾ സാംസങ് ഓൺലൈൻ സ്റ്റോറിൽ മാത്രമേ ലഭ്യമാകൂ.
120Hz റീഫ്രഷ് റേറ്റ്, 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള, ഡൈനാമിക് AMOLED 2X സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 6.2 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ (1,080×2,340 പിക്സലുകൾ) സഹിതമാണ് സാംസങ് ഗാലക്‌സി S25 എത്തുന്നത്.
ഈ സ്‌മാർട്ട്‌ഫോൺ ഡ്യുവൽ സിമ്മിനെ പിന്തുണയ്‌ക്കുകയും ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7-ൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഗാലക്‌സി പ്രോസസറിനായുള്ള സ്‌നാപ്ഡ്രാഗൺ 8 എലീറ്റാണ് ഇത് നൽകുന്നത് എന്നതിനാൽ വേഗത്തിലുള്ള പ്രകടനം ഉറപ്പാണ്. 12GB LPDDR5x റാം ഉള്ള ഈ ഉപകരണം 512GB വരെയുള്ള സ്റ്റോറേജ് ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി S25 അവതരിപ്പിക്കുന്നത്. ഇതിലെ 50 മെഗാപിക്സൽ മെയിൻ ക്യാമറയ്ക്ക് 2x ഇൻ-സെൻസർ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉണ്ട്, 120 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം, OIS എന്നിവയുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 12 മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
വയർഡ് കണക്ഷൻ വഴി 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,000mAh ബാറ്ററിയാണ് ഗാലക്‌സി S25 ഫോണിന് കരുത്ത് പകരുന്നത്. എന്നിരുന്നാലും, ചാർജർ ബോക്സിൽ ഉൾപ്പെടുത്തിയിട്ടില്ല, അതു പ്രത്യേകം വാങ്ങണം.
പരസ്യം
പരസ്യം