Photo Credit: Samsung
സാംസങ് ഗാലക്‌സി S25 സീരീസ് 2025 ജനുവരിയിൽ ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന അഭ്യൂഹങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഗാലക്‌സി S25 അൾട്രാ ഈ ലൈനപ്പിലെ ഏറ്റവും മികച്ച മോഡലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡിൻ്റെ A/B ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് സിസ്റ്റത്തെ പിന്തുണക്കുന്ന ഫോണായിരിക്കും സാംസങ്ങ് ഗ്യാലക്സി S25 അൾട്രാ. ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പശ്ചാത്തലത്തിൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഈ ഫീച്ചർ അനുവദിക്കുന്നു. അപ്‌ഡേറ്റ് പൂർത്തിയായി കഴിഞ്ഞാൽ, പെട്ടെന്ന് റീബൂട്ട് ചെയ്തതിനു ശേഷം ഫോൺ അപ്‌ഡേറ്റ് ചെയ്‌ത പുതിയ വേർഷനിലേക്കു മാറുന്നു. ഇത് ഇൻസ്റ്റാളേഷൻ സമയത്ത് ഫോൺ ഉപയോഗിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ ഒഴിവാക്കുന്നു. നിർണായക സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ നടക്കുമ്പോഴും, തങ്ങളുടെ ഫോൺ ഉപയോഗിക്കേണ്ട ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇതൊരു സുപ്രധാന അപ്‌ഗ്രേഡാണ്.
സാംസങ് ഗാലക്‌സി S25 അൾട്രായെക്കുറിച്ചുള്ള ലീക്കായ ഫയലുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതായി ആൻഡ്രോയിഡ് അതോറിറ്റി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം ആൻഡ്രോയിഡിൻ്റെ A/B OTA അപ്‌ഡേറ്റ് സിസ്റ്റത്തെ ഈ ഫോൺ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കുന്നു. ലീക്കായ ഫയലുകൾ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി S25 അൾട്രായെയാണ് പ്രത്യേകമായി പരാമർശിക്കുന്നതെങ്കിലും, ഈ സവിശേഷത ഗാലക്‌സി S25, ഗാലക്‌സി S25 പ്ലസ് എന്നിവയിലും ലഭ്യമാകുമെന്ന് റിപ്പോർട്ട് അനുമാനിക്കുന്നു.
ഗാലക്സി S25 സീരീസ് തടസ്സമില്ലാത്ത സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെ പിന്തുണയ്‌ക്കുമെന്ന് ടിപ്‌സ്റ്റർ @chunvn8888 നവംബറിൽ നടത്തിയ പ്രസ്താവനയിലെ അവകാശവാദങ്ങളോട് യോജിക്കുന്നതാണ് ഈ റിപ്പോർട്ടുകൾ.
ആൻഡ്രോയ്ഡിലെ A/B അപ്‌ഡേറ്റ് സിസ്റ്റം രണ്ട് വ്യത്യസ്ത സ്റ്റോറേജ് പാർട്ടീഷനുകൾ ഉപയോഗിക്കുന്നു. ഇതിലെ 'എ' പാർട്ടീഷൻ ഉപയോഗിച്ച് ഫോൺ പ്രവർത്തിക്കുന്നത് തുടരുമ്പോൾ, നിഷ്‌ക്രിയമായിരിക്കുന്ന 'ബി' പാർട്ടീഷനിൽ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യപ്പെടും. ഈ സംവിധാനത്തിന് നിരവധി ഗുണങ്ങളുണ്ട്. അപ്‌ഡേറ്റ് സമയത്ത് ഉപയോക്താക്കൾക്ക് അവരുടെ ഫോൺ ഉപയോഗിക്കുന്നത് തുടരാനാകും. അപ്‌ഡേറ്റ് ചെയ്‌ത പാർട്ടീഷനിലേക്ക് മാറുന്നതിനുള്ള റീബൂട്ട് മാത്രമാണ് ഇതിൽ വരുന്ന ഒരേയൊരു തടസ്സം. അപ്‌ഡേറ്റ് പരാജയപ്പെടുകയോ എന്തെങ്കിലും പിഴവുകൾ സംഭവിക്കുകയോ ചെയ്താൽ, 'ബ്രിക്കിംഗ്' (ഫോൺ ഉപയോഗശൂന്യമാക്കൽ) പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് ഫോൺ പഴയ പാർട്ടീഷനിലേക്ക് റീബൂട്ട് ചെയ്യപ്പെടും. അതിനു ശേഷം ഉപയോക്താക്കൾക്ക് അപ്ഡേറ്റ് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കാവുന്നതാണ്.
കൂടാതെ, ഗാലക്സി S25 അൾട്രാ (മോഡൽ നമ്പർ SM-S938) വിപണിയിൽ ലഭ്യമായ ഏറ്റവും നൂതനമായ പ്രോസസറായ ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
പരസ്യം
പരസ്യം