ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. ഇത്തരം ഫോണുകൾക്ക് ആവശ്യക്കാർ കൂടുതലായതിനാൽ എല്ലാവർക്കും പ്രാപ്യമാക്കുന്ന നിരക്കിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിനു കമ്പനികൾ ശ്രദ്ധ കൊടുക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയൊരു എൻട്രി പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി നടത്തിയിരിക്കുന്നു. ബഡ്ജറ്റ് നിരക്കിൽ ലഭ്യമാകുന്ന മറ്റു കമ്പനികളുടെ സ്മാർട്ട്ഫോണുകൾക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള റിയൽമിയുടെ പുതിയ മോഡൽ ഓണവിപണിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യത കൂടുതലാണ്.
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി C63 5G ഓഗസ്റ്റ് 12 നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ജനുവരിയിൽ റിയൽമി C65 5G ഇന്ത്യൻ ലോഞ്ച് ചെയ്തതിനു ശേഷം ആദ്യമായാണ് C സീരീസിലുള്ള മറ്റൊരു മോഡലുമായി റിയൽമി എത്തുന്നത്. ഈ വരവു കൊഴുപ്പിക്കാൻ കിടിലൻ ഫീച്ചറുകൾ പുതിയ മോഡലിൽ റിയൽമി നൽകിയിരിക്കുന്നു. രണ്ടു നിറങ്ങളിലും മൂന്നു RAM വേരിയൻ്റുകളിലുമാണ് റിയൽമി C63 5G ലഭ്യമാവുക. ബാങ്ക് ഓഫറുകൾ വഴി 9999 രൂപക്ക് ഈ സ്മാർട്ട്ഫോണിൻ്റെ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ കഴിയും.
റിയൽമി C63 5G യുടെ ഇന്ത്യയിലെ വില വിവരങ്ങൾ:
4GB RAM, 6GB RAM, 8GB RAM എന്നിങ്ങനെ മൂന്നു വേരിയൻ്റുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക. എല്ലാ വേരിയൻ്റിൻ്റെയും ഓൺ ബോർഡ് സ്റ്റോറേജ് 128GB യാണ്. ഇതിൽ 4GB RAM + 128GB സ്റ്റോറേജുള്ള ഫോണിൻ്റെ ഇന്ത്യയിലെ വില 10999 രൂപയാണ്. 6GB RAM + 128GB മോഡലിന് 11999 രൂപയും 8GB RAM + 128GB മോഡലിന് 12999 രൂപയുമാണ് വില. ലോഞ്ചിങ്ങിൻ്റെ ഭാഗമായി തിരഞ്ഞെടുക്കപ്പട്ട ബാങ്ക് കാർഡുകൾക്ക് 1000 രൂപയുടെ ഡിസ്കൗണ്ട് റിയൽമി നൽകുന്നു.
ഫോറസ്റ്റ് ഗ്രീൻ, സ്റ്റാറി ഗോൾഡ് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക. ലോഞ്ചിംഗ് കഴിഞ്ഞെങ്കിലും റിയൽമി C63 5G വാങ്ങാൻ കുറച്ചു ദിവസം കൂടി കാത്തിരിക്കണം. ഫ്ലിപ്കാർട്ടിലൂടെയും റിയൽമി ഇന്ത്യയുടെ വെബ്സൈറ്റിലൂടെയും ഓഗസ്റ്റ് 20 ഉച്ചക്ക് 12 മണി മുതലാണ് ഇതിൻ്റെ വിൽപ്പന ആരംഭിക്കുന്നത്.
റിയൽമി C63 5G യുടെ സവിശേഷതകൾ:
ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി Ul 5G യിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. മൂന്നു വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും രണ്ടു വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേറ്റും ഹാൻഡ്സെറ്റിന് കമ്പനി ഉറപ്പു നൽകുന്നു. 120Hz റീഫ്രഷ് റേറ്റ്, 625 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ലെവൽ, 89.97 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ 240Hz ടച്ച് സാംപ്ലിങ്ങ് റേറ്റ് എന്നിവയുള്ള 6.67 ഇഞ്ച് HD+ (720x1604 pixels) ഡിസ്പ്ലേയാണ് ഇതിലുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6300 5G ചിപ്സെറ്റുള്ള ഫോണിൻ്റെ 8GB RAM വരെയുള്ള വേരിയൻ്റാണ് ലഭ്യമെങ്കിലും വിർച്വൽ RAM സംവിധാനം ഉപയോഗിച്ച് ഓൺ ബോർഡ് RAM 16GB വരെ ഉയർത്താം. മിനി ക്യാപ്സ്യൂൾ 2.0 ഫീച്ചറും ഇതിലുണ്ട്.
Al സാങ്കേതികവിദ്യയുള്ള 32 മെഗാപിക്സൽ റിയർക്യാമറയും 8 മെഗാപിക്സൽ ഫ്രൻ്റ് ക്യാമറയുമാണ് റിയൽമി C63 5G ഫോണിലുള്ളത്. ഇൻ ബിൽട്ട് സ്റ്റോറേജ് 128GB ആണെങ്കിലും അതു മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2TB വരെ വർദ്ധിപ്പിക്കാം. വൈഫൈ, ബ്ലൂടൂത്ത്, GPS, USB ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകളുള്ള ഫോണിന് IP64 റേറ്റിംഗാണുള്ളത്.
5000mAh ബാറ്ററിയുമായി എത്തുന്ന റിയൽമി C63 5G സ്മാർട്ട്ഫോൺ 10W ഫാസ്റ്റ് ചാർജിംഗിനെയും റിവേഴ്സ് ചാർജിംഗിനെയും പിന്തുണക്കുന്നു. ഒരു തവണ മുഴുവൻ ചാർജ് ചെയ്താൽ 29 ദിവസം സ്റ്റാൻഡ് ബൈ സമയവും 40.1 മണിക്കൂർ കോളിംഗ് സമയവും ഇതിനു ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. 165.6x76.1x7.9mm വലിപ്പമുള്ള ഫോണിൻ്റെ ഭാരം 192 ഗ്രാമാണ്.