Photo Credit: Lava
ലാവയുടെ അഗ്നി സീരീസിൽ പുറത്തു വന്ന സ്മാർട്ട്ഫോണുകൾ വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താങ്ങാനാവുന്ന വിലക്ക് മികച്ച ഫീച്ചറുകൾ പലതും നൽകുന്നതിനാൽ ഇന്ത്യൻ വിപണിയിൽ ഈ മോഡലുകൾ ചലനമുണ്ടാക്കി. ഒക്‌ടോബർ 4ന് ഇന്ത്യയിൽ ലാവ അഗ്നി 3 സ്‌മാർട്ട്‌ഫോൺ കമ്പനി ലോഞ്ച് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾക്കു പ്രതീക്ഷിക്കാൻ ഏറെയുണ്ട്. അഗ്നി സീരീസിൽ ഇതിനു മുൻപു പുറത്തു വന്ന സ്മാർട്ട്ഫോണുകൾ ശക്തമായ പ്രകടനവും മികച്ച സവിശേഷതകളും കൊണ്ടു പ്രശംസ പിടിച്ചുപറ്റിയവയാണ്. പുതിയ മോഡലും അതേ പാത പിന്തുടരുമെന്നും കൂടുതൽ മികച്ച അപ്ഡേറ്റുകൾ ഉണ്ടാകുമെന്നും ഉറപ്പിക്കാം.
അഗ്നി 3 യുടെ ഡിസൈനും ക്യാമറ സജ്ജീകരണവും ഉൾപ്പെടെയുള്ള സവിശേഷതകളിൽ ചിലതെല്ലാം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ഗാഡ്‌ജെറ്റ്‌സ് 360 ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലാവ ഇൻ്റർനാഷണലിൻ്റെ പ്രൊഡക്‌ട് ഹെഡ് സുമിത് സിംഗ് ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ വെളിപ്പെടുത്തി.
ലാവ അഗ്നി 3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 30000 രൂപയിൽ താഴെയാകും വിലയെന്ന് സുമിത് സിംഗ് പറഞ്ഞു. മിഡ് റേഞ്ച് വിപണിയെ ലക്ഷ്യം വച്ചുള്ളതാണ് സ്മാർട്ട്ഫോണെന്നും, മറ്റുള്ള മോഡലുകളിൽ നിന്നും വേറിട്ട് നിർത്തുന്ന പ്രത്യേക ഫീച്ചറുകൾ ഇതിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലാവ അഗ്നി 3യിൽ രണ്ട് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് സിംഗ് വ്യക്തമാക്കി. 120Hz റീഫ്രഷ് റേറ്റുള്ള 1.5K കേർവ്ഡ് AMOLED സ്‌ക്രീൻ ആയിരിക്കും പ്രധാന ഡിസ്‌പ്ലേ. ഇതിനു പുറമെ ഫോണിൻ്റെ പിൻ ഭാഗത്ത് ക്യാമറയ്ക്ക് അടുത്തായി രണ്ടാമത്തെ ഡിസ്പ്ലേയും ഉണ്ടാകും. ഈ ഡുവൽ സ്‌ക്രീൻ 1.74 ഇഞ്ച് AMOLED ആയിരിക്കും. ഇതിനു നിരവധി ഉപയോഗങ്ങളുമുണ്ട്.
ഈ രണ്ടാമത്തെ ഡിസ്‌പ്ലേ പല കാര്യങ്ങൾക്കും ഉപയോഗിക്കാമെന്ന് സിംഗ് വിശദീകരിച്ചു. ഉദാഹരണത്തിന്, റിയർ ക്യാമറ ഉപയോഗിച്ച് നിങ്ങൾക്കു മികച്ച സെൽഫികൾ എടുക്കാൻ ഇത് ഒരു വ്യൂഫൈൻഡറായി ഉപയോഗിക്കാം. പ്രധാന ക്യാമറയ്ക്ക് ഒരു സെൽഫി ക്യാമറയായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം. കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷൻ പരിശോധിക്കാനും മ്യൂസിക്ക് നിയന്ത്രിക്കാനും മറ്റും രണ്ടാമത്തെ ഡിസ്‌പ്ലേ ഉപയോഗിക്കാം. ഈ സവിശേഷതകളെല്ലാം ഉപയോക്താക്കൾക്ക് കൂടുതൽ ഉപയോഗപ്രദവും സൗകര്യപ്രദവുമാണെന്ന് സിംഗ് കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ലാവ അഗ്നി 3 ഹാൻഡ്സെറ്റിൽ കസ്റ്റമൈസബിൾ ആക്ഷൻ ബട്ടൺ നൽകിയിട്ടുണ്ട്. ഇത് ഈ വിലയിൽ വരുന്ന ഫോണുകളിൽ സാധാരണ കണ്ടു വരാറില്ല. പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റും ഇതിലുണ്ടാകും. ലാവ അഗ്നി 3 സ്മാർട്ട്ഫോണിന് 50 മെഗാപിക്സൽ AI ക്യാമറയുണ്ടാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുമെന്ന് സിംഗ് പറഞ്ഞു. ഏറ്റവും പുതിയ മീഡിയാടെക് ഡൈമൻസിറ്റി 7300X പ്രൊസസറാണ് അഗ്നി 3 ക്ക് കരുത്തു നൽകുക. ഇന്ത്യയിൽ മോട്ടറോള റേസർ 50 സ്മാർട്ട്ഫോണിനൊപ്പം അവതരിപ്പിച്ച ചിപ്പ്സെറ്റ് ഈ സെഗ്മെൻ്റിൽ ആദ്യമായാണ്. ക്യാമറകളെക്കുറിച്ചും മറ്റ് ഫീച്ചറുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഒക്ടോബർ 4 ന് നടക്കുന്ന ലോഞ്ച് ഇവൻ്റിൽ വെളിപ്പെടുത്തും.