Photo Credit: Lava
ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ കച്ചവടം ഗംഭീരമായി നടക്കുന്ന സമയമാണിപ്പോൾ. ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിൻ്റെയും ഫ്ലിപ്കാർട്ടിൻ്റെയും ഓഫർ സെയിൽ ആരംഭിച്ചത് ഇതിനു കാരണമായിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ വിവിധ ബ്രാൻഡുകൾ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുന്നുമുണ്ട്. ഇക്കൂട്ടത്തിലൊരാളാകാൻ ലാവയുമുണ്ട്. ഒക്ടോബർ ആദ്യവാരം അഗ്നി 3 5G എന്ന സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ലാവ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഞായറാഴ്ച സാമൂഹ്യമാധ്യമമായ എക്സിലാണ് കമ്പനി ഈ വാർത്ത പങ്കിട്ടത്. ഔദ്യോഗിക ടീസർ ചിത്രങ്ങൾ ഫോണിൻ്റെ ബാക്ക് ഡിസൈൻ വിവരങ്ങൾ കാണിക്കുകയും അതിൻ്റെ ക്യാമറയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും ചെയ്യുന്നതാണ്. ലാവ അഗ്നി 3 5G രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും, കൂടാതെ 50 മെഗാപിക്സൽ റിയർ ക്യാമറയും ഇതിനുണ്ടാകും. ആമസോൺ വഴിയാണു ഫോൺ വിൽക്കുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയടെക്ക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് അഗ്നി 3 5 സ്മാർട്ട്ഫോണിനു കരുത്തേകുന്നത്.
ലാവ അഗ്നി 3 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഒക്ടോബർ 4 ന് ഉച്ചയ്ക്ക് 12:00 മണിക്ക് അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഇവൻ്റ് യുട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ പുറത്തു വരുന്നതെന്നു കാണിക്കുന്ന ഒരു ടീസർ വീഡിയോ കമ്പനി പങ്കിട്ടിട്ടുണ്ട്. റിയർ പാനലിൻ്റെ മുകളിൽ ഇടത് മൂലയിൽ സ്ഥിതി ചെയ്യുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ ഫോണിനു നൽകിയിരിക്കുന്നത്.
ക്യാമറ സെക്ഷനെക്കുറിച്ചുള്ള വിവരങ്ങളിൽ, "50MP OIS" എന്ന് വ്യക്തമാക്കുന്ന വാചകമുണ്ട്. ഇതിൽ നിന്നും വ്യക്തവും സ്ഥിരതയുള്ളതുമായ ഫോട്ടോകൾക്കായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സെൻസറാണു പ്രധാന ക്യാമറക്ക് ഉണ്ടാവുകയെന്ന് അനുമാനിക്കാം. 120Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയാകും ഈ സ്മാർട്ട്ഫോണിന് ഉണ്ടാവുകയെന്നും അഭ്യൂഹങ്ങളുണ്ട്. ഇത് സ്‌ക്രോളിംഗിനും ഗെയിമിംഗിനും സ്‌ക്രീൻ അനുയോജ്യമാക്കുന്നു. കൂടാതെ, ഇതിൻ്റെ റിയർ പാനലിൽ ഒരു സെക്കൻഡറി ഡിസ്പ്ലേ ഉൾപ്പെട്ടേക്കാം. മെച്ചപ്പെട്ട പ്രകടനത്തിനായി മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിക്കുന്നത്.
കഴിഞ്ഞ വർഷം മേയിൽ ലോഞ്ച് ചെയ്ത മുൻഗാമിയായ ലാവ അഗ്നി 2 5G യുമായി താരതമ്യപ്പെടുത്തുമ്പോൾ ലാവ 3 5G നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. 8GB RAM + 256 GB സ്റ്റോറേജുമുള്ള ലാവ അഗ്നി 2 5G യുടെ മോഡലിന് 21999 രൂപയായിരുന്നു വില. വിരിഡിയൻ എന്ന നിറത്തിലാണ് ഫോൺ പുറത്തു വന്നത്.
6.78 ഇഞ്ച് വലിപ്പമുള്ള ഫുൾ HD+ റെസല്യൂഷനോടുകൂടിയ (2220x1080 പിക്‌സൽ) കേർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ലാവ അഗ്നി 2 5ജിയുടെ സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 8GB RAM വരെ ഇതു വാഗ്ദാനം ചെയ്യുന്നു. 50 മെഗാപിക്സലിൻ്റെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4700mAh ബാറ്ററിയും ഇതിലുണ്ട്.
പരസ്യം
പരസ്യം