സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ ദിവസവും മത്സരം കൂടി വരികയാണ്. പ്രീമിയം സ്മാർട്ട്ഫോണുകൾ മുതൽ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾക്കു വരെ ആവശ്യക്കാർ ഏറെയാണ്. മികച്ച ഫീച്ചറുകളുമായി വരുന്ന ബഡ്ജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോണുകൾ ഇതിനിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. എല്ലാവർക്കും താങ്ങാൻ കഴിയുന്ന നിരക്കിലുള്ള, മികച്ച ഫീച്ചറുകൾ നൽകുന്ന സ്മാർട്ട്ഫോണുകൾ തേടുന്ന സാധാരണക്കാർ വളരെയധികം ആശ്രയിക്കുന്ന ബ്രാൻഡുകളിലൊന്നാണ് ഇൻഫിനിക്സ്. വമ്പൻ ബ്രാൻഡുകളുടെ കരുത്തില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ തങ്ങളുടേതായ ഒരിടം ഉണ്ടാക്കിയെടുക്കാൻ ഇൻഫിനിക്സിനു കഴിഞ്ഞിട്ടുണ്ട്.
പ്രീമിയം സ്മാർട്ട്ഫോണുകളും ബഡ്ജറ്റ് സ്മാർട്ട്ഫോണുകളും ഒരുപോലെ അവതരിപ്പിക്കാൻ കഴിവുണ്ടെന്നു നേരത്തെ തന്നെ തെളിയിച്ച ഇൻഫിനിക്സ് ഗാഡ്ജറ്റ് മേഖലയിൽ അടുത്ത ചുവടു വെക്കാൻ പോവുകയാണ്. ഇൻഫിനിക്സിൻ്റെ ടാബ്‌ലറ്റാണ് വിപണിയിലേക്ക് ഉടനെ വരാനിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്കു നൽകുന്നതു പോലെത്തന്നെ മിതമായ നിരക്കിൽ മികച്ച ഫീച്ചറുകളുള്ള ടാബ്‌ലറ്റുമായാണ് ഇൻഫിനിക്സിൻ്റെ വരവ്.
ഇൻഫിനിക്സ് ബ്രാൻഡിൻ്റെ പേരൻ്റ് കമ്പനിയായ ട്രാൻഷൻ ഹോൾഡിംഗ്സിൻ്റെ ആദ്യത്തെ ടാബ്‌ലറ്റായി വരുന്ന മോഡലിൻ്റെ പേര് ഇൻഫിനിക്സ് XPad എന്നാണ്. ഇതിൻ്റെ ലോഞ്ചിംഗ് ഉടനെ തന്നെ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനമൊന്നും ഇൻഫിനിക്സിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഈ ആൻഡ്രോയ്ഡ് ടാബ്‌ലറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇൻഫിനിക്സ് നൈജീരിയയിൽ നിന്നാണു പുറത്തു വന്നിരിക്കുന്നത്. 11 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഈ മോഡൽ മൂന്നു നിറങ്ങളിലാണു വിപണിയിൽ ലഭ്യമാവുക. റിപ്പോർട്ടുകൾ പ്രകാരം നൈജീരിയയിലുള്ള നിരവധി റീട്ടെയിൽ സ്റ്റോറുകൾക്ക് ഇൻഫിനിക്സ് XPad ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ വിലയുമായി ബന്ധപ്പെട്ട സൂചനകളും പുറത്തു വന്നിട്ടുണ്ട്.
സാധാരണക്കാർക്ക് പ്രാപ്യമായ വിലയിൽ തങ്ങളുടെ ഉൽപന്നങ്ങൾ നൽകാൻ ശ്രദ്ധ കാണിക്കാറുള്ള ഇൻഫിനിക്സ് പുതിയ ആൻഡ്രോയ്ഡ് ടാബ്‌ലറ്റ് പുറത്തിറക്കുമ്പോഴും അക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടില്ല. ഇൻഫിനിക്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ ഇൻഫിനിക്സ് XPad ൻ്റെ വിലയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഇതുവരെ പങ്കു വെച്ചിട്ടില്ലെങ്കിലും കമ്പനിയുടെ നൈജീരിയയിലെ ഒഫിഷ്യൽ ഹാൻഡിലിൻ്റെ എക്സ് പോസ്റ്റിൽ ഈ വിവരങ്ങൾ നൽകിയിട്ടുണ്ട്. നൈജീരിയയിലെ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഈ ആൻഡ്രോയ്ഡ് ടാബ്‌ലറ്റ് വാങ്ങാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രണ്ടു റാം വേരിയൻ്റുകളിലാണ് ഇൻഫിനിക്സ് XPad ലഭ്യമാകുന്നത്. ഈ ടാബ്‌ലറ്റിൻ്റെ 4GB RAM + 256GB ഓൺ ബോർഡ് സ്റ്റോറേജുള്ള വേരിയൻ്റിന് നൈജീരിയയിൽ വില 251800 NGN ആണ്. അതേസമയം ഇതിൻ്റെ 8GB RAM + 256GB ഓൺ ബോർഡ് സ്റ്റോറേജുള്ള വേരിയൻ്റ് അവിടെ ലഭ്യമാകുന്ന വില 283800 NGN ആണ്. ഇന്ത്യൻ രൂപയിലാകുമ്പോൾ ഇതിന് യഥാക്രമം 13500, 15000 എന്നിങ്ങനെയാണു വില വരുന്നത്. ബ്ലാക്ക്, ബ്ലൂ, ഗോൾഡ് എന്നിങ്ങനെ മൂന്നു വ്യത്യസ്തമായ നിറങ്ങളിലാണ് ഇൻഫിനിക്സ് XPad ലഭ്യമാവുക.
ഇൻഫിനിക്സ് XPad ടാബ്‌ലറ്റിൻ്റെ പ്രധാന സവിശേഷതകൾ:
ആൻഡ്രോയ്ഡ് 14 ലാണ് ഇൻഫിനിക്സ് XPad പ്രവർത്തിക്കുക. ഇതിന് രണ്ടു വർഷം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിക്കുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയാടെക് ഹീലിയോ G99 SoC ഈ ടാബ്‌ലറ്റിനു കരുത്തു നൽകുന്നു. ഡിസ്പ്ലേയുടെ സവിശേഷതകൾ എടുത്താൽ 90Hz റീഫ്രഷ് റേറ്റുള്ള 11 ഇഞ്ച് ഫുൾ HD+ സ്ക്രീനാണ് ഇൻഫിനിക്സ് XPad നുള്ളത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന Al സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ഫോലക്സ് വോയ്സ് അസിസ്റ്റൻ്റ് ഈ ആൻഡ്രോയ്ഡ് ടാബ്‌ലറ്റിലുണ്ട്. 256GB ഓൺബോർഡ് മെമ്മറിയുള്ള ഇൻഫിനിക്സ് XPad സ്റ്റീരിയോ സൗണ്ടുള്ള ക്വാഡ് സ്പീക്കറാണ് ഓഫർ ചെയ്യുന്നത്. റിയർ ക്യാമറയും സെൽഫി ക്യാമറയും 8 മെഗാപിക്സലാണ്.
തങ്ങളുടെ ഉൽപന്നങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഇൻഫിനിക്സ് ആൻഡ്രോയ്ഡ് ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കമ്പനി അതിൻ്റെ ആദ്യത്തെ ഗെയിമിംഗ് ലാപ്ടോപ്പായ ഇൻഫിനിക്സ് GT ബുക്ക് പുറത്തിറക്കിയിരുന്നു. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ തുടങ്ങി നിരവധി പ്രൊഡക്റ്റുകൾ കമ്പനിക്കുണ്ട്.