ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങളിൽ ഒന്നായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനു വേണ്ടിയുള്ള ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഒരു ഫീച്ചർ ട്രാക്കർ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം പരിചയമില്ലാത്ത നമ്പറിൽ നിന്നും വരുന്ന സന്ദേശങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്നത്.
വാട്സ്ആപ്പ് പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറിലൂടെ ഇത്തരം സന്ദേശങ്ങൾ പൂർണമായും ബ്ലോക്ക് ചെയ്യാനാകും. അനാവശ്യമായി വരുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ഒഴിവാക്കുന്നത് സ്മാർട്ട്ഫോണിൻ്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും സഹായിക്കും. ഇതിനു പുറമെ സ്റ്റാറ്റസ് അപ്ഡേറ്റുകൾക്ക് ‘ലൈക്ക്' ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നതും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. മറ്റുള്ളവർ അപ്‌ലോഡ് ചെയ്ത ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് സ്റ്റോറീസ് എന്നിവക്ക് പെട്ടെന്നു പ്രതികരണമറിയിക്കാൻ ഇതിലൂടെ കഴിയും.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ ഒഴിവാക്കാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്:
ഫീച്ചർ ട്രാക്കറായ WABetaInfo ആണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചത്. വാട്സ്ആപ്പ് ബേറ്റ ഫോർ ആൻഡ്രോയ്ഡ് 2.24.17.24 വേർഷനിൽ ‘അറിയാത്ത നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുക' എന്ന ഓപ്ഷൻ കൂടിയുണ്ടെന്ന് അവർ വ്യക്തമാക്കി. ആൻഡ്രോയ്ഡിലെ ബേറ്റ ടെസ്‌റ്റേഴ്സിനു വേണ്ടിയാണ് ഇതു നൽകിയിരിക്കുന്നത്. പുതിയ ഫീച്ചർ പൂർണമായും തയ്യാറെടുത്തു കഴിഞ്ഞിട്ടില്ല എന്നതിനാൽ തന്നെ ഇപ്പോൾ അതു പരീക്ഷിച്ചു നോക്കാൻ വാട്സ്ആപ്പ് യൂസേഴ്സിനു കഴിയില്ല.
പ്രൈവസി സെറ്റിങ്ങ്സിലെ അഡ്വാൻസ്ഡ് മെനു വഴിയാണ് അറിയാത്ത നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയെന്ന് WABetalnfo പങ്കുവെച്ച സ്ക്രീൻഷോട്ടിലൂടെ വ്യക്തമാക്കുന്നു. അറിയപ്പെടാത്ത നമ്പറിൽ നിന്നുള്ള മെസേജുകൾ ഒരു നിശ്ചിത പരിധി വിട്ടാൽ, പിന്നീടു വരുന്ന മെസേജുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്നാണ് ഈ ഓപ്ഷൻ്റെ വിവരണമായി നൽകിയിരിക്കുന്നത്.
ഈ വിവരണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് ‘അറിയാത്ത നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുക' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താലും അത്തരത്തിലുള്ള ചില സന്ദേശങ്ങൾ നമുക്കു വരാനിടയുണ്ടെന്നാണ്. തുടർച്ചയായി സന്ദേശങ്ങൾ അയക്കുന്ന പരിചയമില്ലാത്ത നമ്പറുകൾക്കാകും ബ്ലോക്ക് ബാധകമാവുക. അല്ലെങ്കിൽ ഗ്യാസ് ഏജൻസി, ഗവൺമെൻ്റ് സ്ഥാപനങ്ങൾ പോലുള്ളവയിൽ നിന്നുള്ള അറിയിപ്പുകൾ അടക്കമുള്ളവ കാണാതെ പോകാനുള്ള സാധ്യതയുണ്ടല്ലോ.
സ്റ്റാറ്റസ് അപ്ഡേറ്റുകൾക്ക് ലൈക്ക് റിയാക്ഷൻ നൽകാൻ കഴിയുന്ന ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്:
വാട്സ്ആപ്പ് ബേറ്റ ടെസ്റ്റ് നടത്തുന്നവർക്ക് നിലവിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾക്ക് ഹേർട്ട് ഇമോജിയിലൂടെ റിയാക്റ്റ് ചെയ്യാൻ കഴിയും. 24 മണിക്കൂർ നേരത്തേക്കു മാത്രം കാണാൻ കഴിയുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ എല്ലാമുണ്ട്. ഒരൊറ്റ ടച്ചിലൂടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സ്റ്റോറികൾക്കു റിയാക്റ്റ് ചെയ്യാമെന്നതു പോലെ പുതിയ ഫീച്ചർ വന്നാൽ വാട്സ്ആപ്പിലും സ്റ്റോറികൾക്കും റിയാക്റ്റ് ചെയ്യാൻ കഴിയും.
വാട്സ്ആപ്പ് ബേറ്റ ഫോർ ആൻഡ്രോയ്ഡ് 2.24.17.24 ഗൂഗിൾ പ്ലേയിലെ ബേറ്റ പ്രോഗ്രാമിൽ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങുമെന്നു പ്രതീക്ഷിക്കാം. സ്ക്രീനിൻ്റെ കീഴ്ഭാഗത്ത് വലതു വശത്തായി റിപ്ലേ ബാറിനോടു ചേർന്നാണ് റിയാക്റ്റ് ചെയ്യാനുള്ള ഹേർട്ട് ഐക്കൺ ഉണ്ടാവുക. മുഴുവൻ വാട്സ്ആപ്പ് ഉപയോക്താക്കളുടെയും ഇടയിൽ ഈ ഫീച്ചർ സാവധാനത്തിലേ എത്തൂവെന്നാണു കരുതേണ്ടത്.
WABetolnto പങ്കുവെച്ച വിവരങ്ങൾ പ്രകാരം വാട്സ്ആപ്പ് നമ്മുടെ സ്റ്റാറ്റസ് കണ്ട കോണ്ടാക്റ്റുകളുടെ ലിസ്റ്റ് നൽകുന്നതിനൊപ്പം തന്നെ അതിനു റിയാക്റ്റ് ചെയ്ത കോണ്ടാക്റ്റുകളും കാണിച്ചു തരും. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സ്റ്റോറികൾക്കു റിയാക്റ്റ് ചെയ്യുന്നവരുടെ ലിസ്റ്റ് ലഭിക്കുന്നതിനു സമാനമായ രീതിയിൽ തന്നെയാണിത്. iOS, ആൻഡ്രോയ്ഡ് യൂസേഴ്സിന് ആപ്പിൻ്റെ അടുത്ത വേർഷനിൽ ഈ ഫീച്ചർ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.