ട്രൂ വയർലെസ് സ്റ്റീരിയാ ഹെഡ്സെറ്റുകളിൽ പലരുടെയും വിശ്വസനീയ ബ്രാൻഡാണ് വൺപ്ലസ്. നേരത്തെ കമ്പനി ഇറക്കിയ പല ഇയർബഡ്സ് മോഡലുകളും വളരെ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ഇപ്പോൾ മറ്റൊരു ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഹെഡ്സെറ്റുമായി വൺപ്ലസ് വീണ്ടും എത്തിയിട്ടുണ്ട്. അതിൻ്റെ ഇന്ത്യയിലെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു.
പെബിൾ ആകൃതിയിൽ, സിലിക്കോൺ ടിപ്സുമായി ലെതർ ഷേപ്പിലുള്ള പ്ലാസ്റ്റിക് ചാർജിംഗ് കെയ്സോടു കൂടിയാണ് ഇൻ ഇയർ ഡിസൈനിലുള്ള വൺപ്ലസ് ബഡ്സ് പ്രോ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 11mm വൂഫറും 6mm ട്വീറ്ററുമുള്ള ഡ്യുവൽ ഡ്രൈവർ സെറ്റപ്പുമായി വരുന്ന ഈ ഇയർബഡ്സിൽ ഇവക്കായി ഡിജിറ്റൽ ടു അനലോഗ് കൺവേർട്ടറുമുണ്ട്. ചാർജിംഗ് കെയ്സ് ഉൾപ്പെടെ 43 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഈ ഹെഡ്സെറ്റിൽ 50dB വരെയുള്ള ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC), ഡ്യുവൽ ഡിവൈസ് കണക്റ്റിവിറ്റി ഓവർ ബ്ലൂടൂത്ത് 5.4 തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്.
വൺപ്ലസ് ബഡ്സ് പ്രോ 3 യുടെ ഇന്ത്യയിലെ വില വിവരങ്ങൾ:
രണ്ടു നിറങ്ങളിലാണ് വൺപ്ലസ് ബഡ്സ് പ്രോ 3 ഇന്ത്യയിൽ ലഭ്യമാവുക. ലൂണാർ റേഡിയൻസ്, മിഡ്നൈറ്റ് ഒപ്പസ് എന്നീ നിറങ്ങളിൽ ലഭ്യമായ ഈ ഈ ഇയർബഡ്സിൻ്റെ വില ആരംഭിക്കുന്നത് 11999 രൂപയിലാണ്. ഓഗസ്റ്റ് 23 ന് ഇന്ത്യൻ സമയം ഉച്ചക്ക് 12 മണി മുതൽ ഈ ഇയർബഡ്സ് വാങ്ങാൻ കഴിയും. വൺപ്ലസ് ഇന്ത്യയുടെ വെബ്സൈറ്റ് വഴിയും മറ്റുള്ള ഓൺലൈൻ, റീട്ടെയിൽ ഷോപ്പിലൂടെയുമാണ് ഇതു ലഭ്യമാവുക.വൺപ്ലസ് ബഡ്സ് പ്രോ 3 യുടെ പ്രധാന സവിശേഷതകൾ:
11mm വൂഫറും 6mm ട്വീറ്ററുമുള്ള ഡ്യുവൽ ഡ്രൈവർ സെറ്റപ്പിലാണ് ഈ ഇയർബഡ്സ് പുറത്തു വരുന്നത്. വൺപ്ലസ് കമ്പനി പറയുന്നതു പ്രകാരം ഓരോ ഡ്രൈവറിനും പ്രത്യേകം സമർപ്പിതമായ ഡ്യുവൽ ഡിജിറ്റൽ ടു അനലോഗ് കൺവേർട്ടറാണ് (DAC) ഇതിലുള്ളത്. ഇത് ഇയർബഡ്സിൻ്റെ ശബ്ദനിലവാരം ഉയരാൻ വളരെ സഹായിക്കുന്നു.
മൈൽഡ്, മോഡറേറ്റ്, മാക്സിമം എന്നിങ്ങനെ മൂന്നു തരത്തിൽ 50dB ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെ വൺപ്ലസ് ബഡ്സ് പ്രോ 3 പിന്തുണക്കുമെന്ന് കമ്പനി പറയുന്നു. ഇതിലുള്ള സ്മാർട്ട് ANC മോഡ് ശബ്ദത്തിൻ്റെ നിലയനുസരിച്ചു സ്വയമേവയാണ് ഈ മോഡുകൾ തിരഞ്ഞെടുക്കുന്നത്. വൺപ്ലസ് അല്ലാത്ത ഫോണുകളിൽ HeyMelody ആപ്പുമായി ഈ ഇയർബഡ്സിനെ സംയോജിപ്പിച്ച് വിവിധ ANC മോഡുകൾ, ഈക്വലൈസർ സെറ്റിങ്ങ്സ്, ടച്ച് കൺട്രോൾ കമാൻഡുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ കഴിയും. വൺപ്ലസ് ബഡ്സ് പ്രോ 2, ഓപ്പോ എൻകോ X2 എന്നിവക്കു സമാനമായ രീതിയിൽ ഡാനിഷ് ലൗഡ്സ്പീക്കർ നിർമാതാക്കളായ Dynaudio ആണ് വൺപ്ലസ് ബഡ്സ് പ്രോ 3 ട്യൂൺ ചെയ്തിരിക്കുന്നത്.
ബ്ലൂടൂത്ത് 5.4 വഴിയുള്ള ഡ്യുവൽ ഡിവൈസ് കണക്റ്റിവിറ്റി, 90ms ലോ ലാറ്റൻസി ഗെയിം മോഡ് തുടങ്ങിയവയെല്ലാം ഇതിൻ്റെ ഫീച്ചറുകളാണ്. ഗൂഗിൾ ഫാസ്റ്റ് പെയർ ഉപയോഗിച്ച് ആധുനിക ആൻഡ്രോയ്ഡ് ഫോണുകളുമായി കണക്റ്റ് ചെയ്യാനും കഴിയുന്ന ഇത് SBC, AAC, LHDC 5.0 കോഡക്സ് തുടങ്ങിയവയെ സപ്പോർട്ട് ചെയ്യുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP55 റേറ്റിംഗുള്ളത് ചാർജിംഗ് കെയ്സിനു ബാധകമല്ലെന്നത് ശ്രദ്ധിക്കണം.
ചാർജിംഗ് കെയ്സ് അടക്കം 43 മണിക്കൂർ ബാറ്ററി ലൈഫ് കമ്പനി അവകാശപ്പെടുന്ന വൺപ്ലസ് ബഡ്സ് പ്രോ 3 ഒരൊറ്റ ചാർജിംഗിൽ 10 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകും. ചാർജിംഗ് കെയ്സ് USB ടൈപ്പ് സി പോർട്ടിനെയും വയർലെസ് ചാർജിംഗിനെയും പിന്തുണക്കുന്നതാണ്. 10 മിനുട്ടു നേരം ക്വിക്ക് ചാർജ് ചെയ്താൽ 5.5 മണിക്കൂർ പ്ലേബാക്കും ലഭിക്കും. 33.60x21.15x25mm വലിപ്പമുള്ള ഇതിൻ്റെ ഒരു ഇയർബഡ്‌സിൻ്റെ ഭാരം 5.28 ഗ്രാമാണ്. ചാർജിംഗ് കെയ്സിൻ്റെ വലിപ്പം 64.70x52.45x25.75mm ഉം ഭാരം 61.38 ഗ്രാമുമാണ്.